ലോകത്തെ ഏറ്റവും വിലകൂടിയ ഐസ്ക്രീമിന്റെ വിശേഷങ്ങൾ കേട്ടാൽ ആരുടെയും കണ്ണൊന്നു തള്ളും. ബൈകുയ എന്നറിയപ്പെടുന്ന വൈറ്റ് നൈറ്റ് ഐസ്ക്രീം ആണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാനകരമായ സ്ഥാനം നേടിയിരിക്കുന്നത്. ജപ്പാനിലാണ് ഐസ്ക്രീമുകൾക്കിടയിലെ ഈ അതിസമ്പന്നനുള്ളത്. ഒന്നര വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഐസ്ക്രീം കമ്പനിയായ സെലാറ്റോയുടെ ബൈകുയ അവതരിപ്പിച്ചിരിക്കുന്നത്. ബൈകുയ ഫ്ലേവറിന്റെ 4.3 ഔൺസിന് ഏതാണ്ട് 6,696 ഡോളറാണ് വില, അതായത് 5,53,591 ഇന്ത്യൻ രൂപ.
ഓൺലൈനിലൂടെ വാങ്ങാൻ സാധിക്കുന്ന ഈ ഐസ്ക്രീം, ഇറ്റലിയിലെ ആൽബയിൽ വളരുന്ന ട്രഫിൾസ് ഉൾപ്പെടെയുള്ള അപൂർവ ചേരുവകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ അപൂർവ ട്രഫിളുകളുടെ വ്യതിരിക്തമായ മണവും സ്വാദും ഐസ്‌ക്രീമിന് സവിശേഷ അനുഭവം നൽരുന്നു. ഒരു കിലോ ബൈകുയ ഫ്ലേവറിന് ഏകദേശം 15,192 ഡോളറാണ് വില. അതായത് 12,55,945 രൂപ . പാർമിജിയാനോ റെഗ്ഗിയാനോ, സേക് ലീസ് എന്നിവയും ഇതിൽ ലഭ്യമാണ്. ജപ്പാനിലെ ഒസാക്കയിലെ പ്രശസ്തമായ ഫ്യൂഷൻ ക്യുസിൻ റെസ്റ്റോറന്റിലെ പ്രധാന പാചകക്കാരനായ ഷെഫ് തദയോഷി യമഡയാണ് സെല്ലറ്റോയ്‌ക്കായി ഈ ഐസ്ക്രീം സൃഷ്ടിച്ചത്.
സെല്ലറ്റോ വെബ്‌സൈറ്റിൽ നിന്നും ഈ ഐസ്ക്രീം വാങ്ങുമ്പോൾ, ഐസ്‌ക്രീമിനൊപ്പം ഒരു കരകൗശല മെറ്റൽ സ്പൂണും ലഭിക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ സ്പൂണും നിർമ്മിച്ചിരിക്കുന്നത്. വൈറ്റ് നൈറ്റ് യഥാർത്ഥത്തിൽ വ്യത്യസ്തമാക്കുന്നത് അതിന്റെ ചേരുവകളുടെ അസാധാരണമായ തിരഞ്ഞെടുപ്പ് കൊണ്ടുകൂടിയാണ്. ഐസ്ക്രീം ഓരോ സ്കൂപ്പ് വിളമ്പുമ്പോഴും അതിനൊപ്പം എഡിബിൾ ഗോൾഡ് ലീഫുകളും അലങ്കരിക്കും. വിലപിടിപ്പുള്ള വൈറ്റ് ട്രഫിൾസ് കൂടാതെ പരമ്പരാഗത ജാപ്പനീസ് സേക്ക് ലീസ് ചീസായ സകേകാസുവും ക്രീമും ടാംഗും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഐസ്‌ക്രീമിന് മുകളിൽ വെളുത്ത ട്രഫിൾ ഓയിൽ ഒഴിച്ച് മൃദുവാകുന്നത് വരെ ഇളക്കി യോജിപ്പിച്ച് കഴിക്കാനാണ് സെല്ലറ്റോ കമ്പനി നിർദേശിക്കുന്നത്. ഈ ഐസ്ക്രീമിന് എക്സ്പയറി ഡേറ്റ് ഇല്ലെന്നും സെല്ലറ്റോ കമ്പനി പറയുന്നു. എന്നിരുന്നാലും മികച്ച സ്വാദോടെ ആസ്വദിക്കണമെങ്കിൽ ഐസ്ക്രീം വാങ്ങി ഏകദേശം 10 ദിവസത്തിന് ശേഷം, കഴിയുന്നത്ര വേഗം കഴിക്കാനാണ് കമ്പനി ശുപാർശ ചെയ്യുന്നത്.
ഗിന്നസ് റെക്കോർഡിന്റെ നിറവിൽ നിൽക്കുമ്പോഴും ഐസ്ക്രീമിൽ ഇനിയും ലക്ഷ്വറി പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് സെലാറ്റോ. ഷാംപെയ്ൻ, കാവിയാർ തുടങ്ങിയ വിലകൂടിയ ചേരുവകൾ ഉൾപ്പെടുത്തി പുതിയ ഐസ്ക്രീം ഫ്ലേവറുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.