കൊല്‍ക്കത്ത: മക്‌ഡോണാള്‍ഡ്‌സ് ഔട്ട്‍ലെറ്റില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പല്ലി. കൊല്‍ക്കത്ത സ്വദേശി പ്രിയങ്ക ഫെബ്രുവരി 28ന് ഓര്‍ഡര്‍ ചെയ്ത സ്പെഷ്യല്‍ ഫ്രെഞ്ച് ഫ്രൈസിലാണ് വെന്തു ചത്ത പല്ലിയെ കണ്ടെത്തിയത്. പ്രിയങ്കയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാണി സ്‌ക്വയറിലെ മക്‌ഡൊണാള്‍ഡ്‌സ് ബ്രാഞ്ചിലാണ് യുവതി ഫ്രഞ്ച് ഫ്രൈസ് കഴിക്കാനെത്തിയത്. ആറ് മാസം ഗര്‍ഭിണിയായ പ്രിയങ്ക മകളുടെ ജന്മദിനാഘോഷത്തിനാണ് മക്ഡൊണാള്‍ഡ്സില്‍ എത്തിയത്.ബര്‍ഗറിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസിന്റെ പ്ലേറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ ആറു മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് മനംപുരട്ടല്‍ ഉണ്ടാവുകയും ചെയ്തു. പരാതി പറഞ്ഞപ്പോള്‍ അധികൃതര്‍ ഭക്ഷണം മാറ്റിനല്‍കി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചു.

എന്നാല്‍ പ്രിയങ്കയും കുടുംബവും ഫുല്‍ബാഗന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തന്റെ മക്കളോ, ഗര്‍ഭിണിയായ താനോ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസില്‍ പരാതി നല്‍കുക എന്നത് പ്രധാനപ്പെട്ടതാണ്. കഴിക്കുന്ന ഭക്ഷണം വിഷമയമാണോ അല്ലയോ എന്ന് ജനങ്ങള്‍ പരിശോധിക്കട്ടേയെന്നും പ്രിയങ്ക പറഞ്ഞു.

വിഷയം ഗൗരവമുള്ളതാണെന്നും എങ്ങനെ ഭക്ഷണത്തില്‍ പല്ലിവന്നു എന്നത് അന്വേഷിക്കുമെന്നും പൊലിസ് അന്വേഷണവുമായി സഹകരിക്കുമെന്നും മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ