2014 ജൂണ്‍ മാസത്തോടെയാണ് ബീഹാറിലെ മുസാഫര്‍പൂര്‍ എന്ന പട്ടണത്തില്‍ കുട്ടികളുടെ പൊടുന്നനെയുള്ള മരണത്തിനിടയാക്കുന്ന ഒരു രോഗം പടര്‍ന്നു പിടിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടം പിടിക്കുന്നത്‌. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് ഈ ദുര്‍ഗ്ഗതി ഉണ്ടായെന്നതിനാലിത് ലിച്ചിപ്പഴത്തിലൂടെ പടരുന്ന ദുരൂഹ വൈറസ് മൂലം ആണെന്നും, ഈ ചെടിയില്‍ അടിക്കുന്ന ഏതോ കീടനാശിനിയുടെ പ്രവര്‍ത്തനം മൂലം ആണെന്നും ഒക്കെ പ്രചരണം ഉണ്ടായി.

ലിച്ചിപ്പഴത്തോട്ടങ്ങളാല്‍ സമൃദ്ധമാണ്‌ മുസാഫര്‍പൂര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിച്ചി ഉല്‍പ്പാദിപ്പിക്കുന്നയിടവും ഇത് തന്നെ( ആകെ ഉല്‍പ്പാദനത്തിന്റെ 70% ത്തോളം). 1995 തൊട്ടു ഇത്തരം മരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും 2014 ലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആശുപത്രിയിലാക്കപ്പെട്ടതും (390) ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായതും(122).
ദുരൂഹതയുണര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളും ഗൂഡാലോചന സിദ്ധാന്ത നിര്‍മ്മാതാക്കളുമൊക്കെ “മാരക ലിച്ചി വൈറസ്”, “ലിച്ചി സിണ്ട്രോം” എന്നിങ്ങനെ ഇല്ലാക്കഥകള്‍ ഭാവനയില്‍ മെനഞ്ഞെടുത്തു പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതേ സമയം ഇന്ത്യയിലെയും അമേരിക്കയിലെയും ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഈ ദുരൂഹതയുടെ ചുരുള്‍ അഴിക്കാന്‍ സംയുക്തമായി ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചു.

ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി 30നു അവരുടെ പഠനഫലം ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ശാസ്ത്രീയമായി ഒരു മെഡിക്കല്‍ രഹസ്യം ചുരുളഴിച്ച ഇക്കഥ കൌതുകകരമാണ്. മാത്രമല്ല, ഈ ശാസ്ത്രീയ അറിവ് മുന്‍പോട്ടു ഉണ്ടായേക്കാനിടയുണ്ടായിരുന്ന അനേകം അത്യാഹിതങ്ങളും ശിശുമരണങ്ങളും തടയാന്‍ കാരണമാവുകയും ചെയ്തു. ഒപ്പം സമൂഹത്തിനും മാധ്യമങ്ങള്‍ക്കുമിതൊരു ഗുണപാഠവും നല്‍കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭീതിപടര്‍ത്തുന്ന കിംവദന്തികള്‍ പരത്തുക അല്ല വേണ്ടത്, മറിച്ചു ശാസ്ത്രീയമായ സമീപനമാണ് എന്ന്!

ലിച്ചിപ്പഴം കഴിച്ച കുഞ്ഞുങ്ങളുടെ മരണം: നാള്‍വഴികള്‍

മേയ്, ജൂണ്‍ മാസങ്ങള്‍, അതായത് ലിച്ചിപ്പഴങ്ങള്‍ വിളവെടുപ്പിനോട് അടുക്കുമ്പോള്‍, ദിവസേന പൊടുന്നനെ താരതമ്യേന അസുഖമില്ലാത്ത കുട്ടികള്‍ രോഗബാധിതര്‍ ആയി തളര്‍ന്നു വീഴുന്നു, പലരിലും ച്ഛര്‍ദ്ദിയും അപസ്മാര ബാധയും പ്രത്യക്ഷപ്പെടുന്നു, 40%ത്തോളം ഒക്കെ കുട്ടികള്‍ അബോധവസ്ഥയിലേക്കും മരണത്തിലേക്കും വഴുതി വീഴുന്നു, ഒടുക്കം ജൂലായ്‌ പകുതിയോളം ആവുമ്പോഴേക്കും പതിയെ ഈ രോഗബാധകള്‍ ഇല്ലാതെ ആവുന്നെന്ന പ്രതിഭാസമാണ് അന്ന് നാട്ടുകാര്‍ ദര്‍ശിച്ചത്.

രണ്ടു പതിറ്റാണ്ട് അടുത്തായി കണ്ടു വന്ന ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി പല അനുമാനങ്ങള്‍ പൊതു സമൂഹത്തിലും, ഡോക്ടര്‍മാരുടെയിടയിലും ഉയര്‍ന്നിരുന്നു.സൂര്യാഘാതം, എലികള്‍/വൗവ്വാലുകള്‍/മണല്‍ ഈച്ച എന്നിവ പകര്‍ത്തുന്ന രോഗാണുബാധ, കീടനാശിനികള്‍ എന്നിങ്ങനെ പലതും രോഗകാരണമായി സംശയിക്കപ്പെട്ടു.
2014ല്‍ വലിയതോതില്‍ മരണം സംഭവിച്ചപ്പോള്‍ ഇന്ത്യയുടെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍, അമേരിക്കയുടെ സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ എന്നീ ഏജന്‍സികള്‍ ഒരു സംയുക്ത സംരഭത്തിലൂടെ ഈ ദുരൂഹതയുടെ ചുരുള്‍ അഴിക്കാന്‍ കൈ കോര്‍ത്തു.

2015 ല്‍ അതുവരെ കണ്ടെത്തിയ അനുമാനങ്ങള്‍ക്ക് അനുസൃതമായി, കുട്ടികള്‍ക്ക് വൈകുന്നേരത്തെ ഭക്ഷണം മുടക്കരുത് എന്നും, ലിച്ചി പഴങ്ങള്‍ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം എന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് പിന്നീട് രോഗാവസ്ഥ റിപ്പോര്‍ട്ട്‌ ചെയ്തത് ഗണ്യമായി (50 ല്‍ താഴെ കേസുകള്‍ മാത്രം)കുറയുന്നതായി കാണുകയുണ്ടായി.

വിദഗ്ദ്ധര്‍ ഈ സമയം കൃത്യതയോടെ മുന്നേറി, സൂക്ഷ്മതയോടെ നൂറു കണക്കിന് കുട്ടികളെ നിരീക്ഷിച്ചു, അവര്‍ കഴിച്ചതും, കുടിച്ചതും എന്തിനു ശ്വസിച്ചത്‌ പോലും എന്താണെന്ന് നിരീക്ഷിക്കപ്പെട്ടു. ഒപ്പം രോഗികളുടെ ലാബ് പരിശോധനകള്‍, ലിച്ചിപ്പഴങ്ങളുടെ സാമ്പിള്‍ എന്നിവയില്‍ രോഗ ഹേതുവായേക്കാവുന്ന രോഗാണുക്കള്‍, കീടനാശിനി, വിഷവസ്തുക്കള്‍ എന്നിവയുടെ സാന്നിധ്യം അന്വേഷിക്കപ്പെട്ടു.

ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തിയത് രോഗാണുക്കളോ കീടനാശിനികളോ ആയിരുന്നില്ല ഈ പ്രതിഭാസത്തിലേക്ക് നയിച്ചത് മറിച്ചു ലിച്ചിപ്പഴത്തില്‍ അടങ്ങിയ ഒരു വസ്തുക്കളായ ഹൈപ്പോഗ്ലൈസിന്‍-എ, മെഥിലിന്‍ സൈക്ക്ലോപ്രോപ്പൈല്‍ ഗ്ലൈസിന്‍(MCPG) എന്നിവയാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം എന്നിവയാണ് എന്നായിരുന്നു.

ലിച്ചിപ്പഴത്തില്‍ പ്രത്യേകിച്ച് അധികം പഴുക്കാത്ത പഴത്തില്‍ കാണപ്പെടുന്ന ഈ ഘടകങ്ങള്‍ കുഞ്ഞുങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ക്രമാതീതമായി കുറയ്ക്കുന്നതിന് കാരണമാകുന്നു. പോഷകാഹാരക്കുറവും പട്ടിണിയും അലട്ടുന്ന കുട്ടികള്‍ ലിച്ചിപ്പഴങ്ങള്‍ കൂടിയതോതില്‍ കഴിക്കുകയും തുടര്‍ന്ന് മറ്റു ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയും ചെയ്യുന്നതോട് കൂടി രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നത് തലച്ചോറിന്‍റെ നീര്‍ക്കെട്ടിലേക്കും ആത്യന്തികമായി ഗുരുതരാവസ്ഥകളിലെക്കും നയിക്കുന്നു എന്നതായിരുന്നു ഗവേഷണത്തിന്റെ അന്തിമഫലം.

ഈ നിഗമനങ്ങളിലേക്ക് ഗവേഷകരെ എത്തിച്ച സൂചനകള്‍:

സൂചന 1: രോഗികളില്‍ രോഗാണു ബാധയുടെ തെളിവുകളുടെ അഭാവം. സ്പൈനല്‍ ഫ്ലൂയിഡില്‍ രോഗാണു ബാധയുടെ ലക്ഷണമായ ഉയര്‍ന്ന തോതില്‍ ഉള്ള ശ്വേത രക്താണുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല എന്നത് രോഗാണുക്കളുടെ സാന്നിധ്യമില്ല എന്നതിന് തെളിവായി.

സൂചന 2: മിക്കവാറും കുട്ടികളുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറഞ്ഞതോതില്‍ കണ്ടെത്തി. ഇതോടൊപ്പം തന്നെ രോഗമുണ്ടായ കുട്ടികളില്‍ പലരും മറ്റു ഭക്ഷണം ഒട്ടും കഴിച്ചിട്ടുണ്ടായിരുന്നില്ല എന്ന വിവരണവും മിക്കവരില്‍ നിന്നും ഗവേഷകര്‍ക്ക്‌ ലഭ്യമായി.

സൂചന 3: സമാന രോഗം ഉണ്ടാക്കുന്ന ലിച്ചിക്ക് സമാനമായ “അക്കീ പഴത്തെ” കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ അറ്റ്‌ലാന്റയില്‍ ഉള്ള സഹപ്രവര്‍ത്തകരുമായി കോണ്‍ഫറന്‍സ് കോളില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ഒരാള്‍ സൂചിപ്പിച്ചു. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിലും സമാനമായ ഒരു രോഗം പകര്‍ന്നു പിടിച്ചത് പഠന വിധേയമാക്കപ്പെട്ടു. “ജമൈക്കന്‍ വോമിറ്റിംഗ്ഗ് സിക്ക്നെസ്സ്” എന്ന് വിളിക്കപ്പെട്ട ഈ രോഗം അക്കീ പഴം എന്നറിയപ്പെടുന്ന പഴത്തില്‍ അടങ്ങിയ ഹൈപ്പോ ഗ്ലൈസിന്‍-എ എന്ന പദാര്‍ത്ഥം മൂലമായിരുന്നു അത്രേ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നാളിതുവരെ അക്കീ പഴം കൊണ്ട് ഉണ്ടായ രോഗത്തെക്കുറിച്ചു നടന്ന പഠനങ്ങള്‍ അപഗ്രഥിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ലിച്ചിപ്പഴങ്ങള്‍ അപഗ്രഥിച്ചപ്പോള്‍ അവയിലും ഇതേ പദാര്‍ത്ഥവും ഒപ്പം സമാനമായ MCPGയും ഉണ്ടെന്നു കണ്ടെത്തി.

സൂചന 4: രോഗബാധിതരായ കുട്ടികളുടെ ലാബ് പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ ഈ ഹാനീകാര വസ്തുക്കള്‍ കണ്ടെത്തി. 2015 ല്‍ സി.ഡിസി മൂത്രത്തിലെ ഹൈപ്പോഗ്ലൈസിന്റെ അളവ് കണ്ടെത്താനുള്ള ഒരു ലാബ്‌ ടെസ്റ്റ്‌ കണ്ടെത്തിയിരുന്നു. 66% കുട്ടികളുടെയും മൂത്രത്തില്‍ ഉയര്‍ന്ന അളവില്‍ ഹൈപ്പോഗ്ലാസിന്‍ എ കണ്ടെത്താനായി. 90% കുട്ടികളിലും ഫാറ്റി ആസിഡ്ന്റെ ഉപാപചയത്തകരാറുകള്‍ ഉയര്‍ന്ന തോതില്‍ കണ്ടെത്തി. ലിചിപ്പഴങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയ ഒരു കാര്യം, പഴുത്ത പഴങ്ങളില്‍ ഉള്ള ഹൈപ്പോഗ്ലാസിന്‍ എ, MCPG എന്നിവയുടെ ഇരട്ടിയോളം അളവില്‍ പഴുക്കാത്ത പഴത്തില്‍ ഉണ്ടെന്നതാണ്.

ഇനി ലിച്ചിപ്പഴം കഴിക്കാമോ? കുട്ടികള്‍ക്ക് കൊടുക്കാമോ?

നിലവിലെ നമ്മുടെ സ്ഥിതിയില്‍ ലിച്ചി കഴിക്കുന്നതില്‍ ഭയക്കേണ്ടതില്ല. ബീഹാറില്‍ ലിച്ചിത്തോട്ടങ്ങളുടെ നാട്ടില്‍ ലിച്ചിപ്പഴം കൊച്ചു കുട്ടികളുടെ മരണത്തിനു കാരണമായത് ആരോഗ്യത്തെ മോശമായി ബാധിക്കുന്ന പല വിധ ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ ആയിരുന്നു.

1. പ്രായം: കൊച്ചു കുട്ടികളില്‍ മാത്രമാണ് ഇത് മരണ കാരണമായത്‌ മുതിര്‍ന്നവരില്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

2. ദാരിദ്യം: മറ്റു ഭക്ഷണത്തിന്റെ അഭാവം മരണഹേതു ആയതു ലിച്ചിയിലെ ഒരു ഘടകം രക്തത്തിലെ ഗ്ലൂക്കോസ്ന്റെ തോത് വളരെ അധികം കുറയ്ക്കുന്നതിന് കാരണമായതാണ്. എന്നാല്‍ ഇത്തരമൊരു അവസ്ഥ ഗുരുതരമായി രോഗിയെ ബാധിക്കാന്‍ കാരണമായത് ഈ കുട്ടികള്‍ക്ക് മറ്റൊന്നും കഴിച്ചില്ല അഥവാ കഴിക്കാനില്ലായിരുന്നു എന്നത് കൊണ്ട് കൂടിയാണ്. അതായത് ഈ പഴം കഴിക്കുകയും തുടര്‍ന്ന് അത്താഴം (മറ്റു ഭക്ഷണമൊന്നും) കഴിക്കാതിരിക്കുകയോ ചെയ്ത കുട്ടികളാണ് രോഗാവസ്ഥയിലെത്തിയത്.

3. അപര്യാപ്തമായ മെഡിക്കല്‍ സംവിധാനങ്ങള്‍

4. മെഡിക്കല്‍ ലോകത്തിനു ഈ രോഗാവസ്ഥയെയും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിവില്ലാതിരുന്ന അവസ്ഥ. (നിലവില്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ ഗ്രാഹ്യമുള്ളത് കൊണ്ട് ഈ അവസ്ഥ കൂടുതല്‍ വേഗം നിര്‍ണ്ണയിക്കാനും, ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയും)

ചുരുക്കം പറഞ്ഞാല്‍ ഇത്രയുമൊക്കെ ഘടകങ്ങള്‍ ഒത്തു വന്നാലേ ഇത് ആരോഗ്യത്തിനു ഹാനികരമാവാന്‍ സാധ്യതയുള്ളൂ. അത് കൊണ്ട് നിലവില്‍ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം കുട്ടികള്‍ ലിച്ചി അധികം പഴുക്കാത്തത് കഴിക്കുന്നത്‌ ഒഴിവാക്കുക, അമിത അളവില്‍ കഴിക്കുന്നത്‌ ഒഴിവാക്കുക, കഴിച്ചതിനു ശേഷം മറ്റു ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ പാടില്ല എന്നിവയാണ് .

സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ഡോക്ടറാണ് ദീപു സദാശിവൻ. ആധുനിക ആരോഗ്യശാസ്ത്രത്തെ കുറിച്ചും  ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സാമൂഹിക മാധ്യമങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook