ധാരാളം പോഷകഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നാണ് സ്പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. ഫ്രൈഡ് റൈസ്, സൂപ്പ്, നൂഡിൽസ്, ചിക്കൻ ചില്ലി, പ്രോൺസ് ചില്ലി, വിവിധതരം കറികൾ എന്നു തുടങ്ങി നിരവധി വിഭവങ്ങളിൽ സ്പ്രിംഗ് ഒനിയൻ സ്ഥാനം പിടിക്കാറുണ്ട്.
ഭക്ഷണത്തിന് രുചി നൽകാനും ഗാർണിഷ് ചെയ്യാനുള്ള വെറുമൊരു പച്ചക്കറി മാത്രമല്ല സ്പ്രിംഗ് ഒനിയൻ. ഒരുപാട് ആരോഗ്യഗുണങ്ങളും സ്പ്രിംഗ് ഒനിയനുണ്ട്. ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്പ്രിംഗ് ഒനിയൻ നല്ലതാണ്. അതുപോലെ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി, മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ തീവ്രമായ ദഹനപ്രശ്നങ്ങൾക്ക് പരിഹാരമായും നിത്യഭക്ഷണത്തിൽ സ്പ്രിംഗ് ഒനിയൻ ഉൾപ്പെടുത്താവുന്നതാണ്. ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ, മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുമെല്ലാം ഇവയ്ക്ക് കഴിവുണ്ട്.
കടയിൽ നിന്നും വാങ്ങാതെ, വീട്ടിൽ തന്നെ സ്പ്രിംഗ് ഒനിയൻ മുളപ്പിച്ചെടുക്കാവുന്നതേയുള്ളൂ. സവാളയും ചെറിയ ഉള്ളിയുമില്ലാത്ത അടുക്കളകൾ കുറവായിരിക്കുമല്ലോ. സവാളയോ ചെറിയ ഉള്ളിയോ അൽപ്പം വെള്ളവുമുണ്ടെങ്കിൽ പാചക ആവശ്യങ്ങൾക്കുള്ള സ്പ്രിംഗ് ഒനിയൻ വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാം, അതും മണ്ണോ വളമോ ഒന്നുമില്ലാതെ തന്നെ.
സ്പ്രിംഗ് ഒനിയൻ മുളപ്പിച്ചെടുക്കേണ്ട വിധം
കടയിൽ നിന്നും വാങ്ങുന്ന സവാളയിൽ/ചെറിയ ഉള്ളിയിൽ നല്ല വേരുകളുള്ളവ നോക്കി തിരഞ്ഞെടുക്കുക. ഒരു ചെറിയ പ്ലാസ്റ്റിക് പാത്രമെടുത്ത് അതിൽ വെള്ളം നിറച്ച് വേരുകൾ മാത്രം വെള്ളത്തിലേക്ക് ഇറങ്ങുന്ന രീതിയിൽ വയ്ക്കുക. കടയിൽ നിന്നും വാങ്ങുന്ന നെയ്യിന്റെ ചെറിയ ബോട്ടിലുകൾ നല്ലൊരു ഓപ്ഷനാണ്.
ആറേഴു ദിവസങ്ങൾ കൊണ്ട് വേരുകൾ വെള്ളത്തിലേക്ക് നല്ലതുപോലെ ഇറങ്ങുകയും സവാളയ്ക്ക് മുള വരികയും ചെയ്യും. മുളകൾ ഒരാഴ്ച കൊണ്ടു തന്നെ നല്ല വളർച്ച പ്രാപിക്കും. കുപ്പിയിലെ വെള്ളത്തിന്റെ അളവ് കുറയുന്നു എന്നു തോന്നുന്നുവെങ്കിൽ കൂടുതൽ വെള്ളം ഒഴിച്ചു കൊടുക്കാം. വെള്ളം മാത്രം കുടിച്ച് ഉള്ളിത്തണ്ട് ആരോഗ്യത്തോടെ വളർന്നുകൊള്ളും. ഇവയ്ക്ക് വളരാൻ വെയിൽ പോലും ആവശ്യമില്ലെന്നതിനാൽ അടുക്കള സ്ലാബിൽ തന്നെ ഇവ വളരാനായി വയ്ക്കാം.

കുറച്ചധികം സ്പ്രിംഗ് ഒനിയൻ മുളപ്പിച്ചെടുക്കണം എന്നുള്ളവർക്ക് കുറച്ചുകൂടി പരപ്പുള്ള ഒരു പാത്രം എടുക്കാം. (ചിത്രത്തിൽ കാണുന്നതു പോലുള്ള പ്ലാസ്റ്റിക് പാത്രം മതിയാവും) ഇതിലേക്ക് ഉള്ളികളുടെ വേരുകളുള്ള വശം താഴേക്ക് വരുന്നതുപോലെ അടുക്കിവയ്ക്കുക. എന്നിട്ട് വേരുകൾ മാത്രം കവർ ചെയ്യുന്ന രീതിയിൽ കുറച്ച് വെള്ളം ഒഴിച്ചുകൊടുക്കുക. വേരുകൾ വെള്ളം കുടിച്ചു വറ്റിയ്ക്കുന്നതിനു അനുസരിച്ച് വെള്ളം ഒഴിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം. മൂന്നു ദിവസം കൂടുമ്പോൾ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിക്കുന്നത് ഉള്ളികൾ ചീഞ്ഞുപോവാതിരിക്കാൻ സഹായിക്കും.
കടയിൽ നിന്നും ചെറിയ ഉള്ളി വാങ്ങുമ്പോൾ അൽപ്പം ഈർപ്പമുള്ള ഉള്ളിയാണ് വാങ്ങുന്നതെങ്കിൽ എളുപ്പത്തിൽ മുളച്ചുകിട്ടും. സവാളയും ചെറിയ ഉള്ളിയും മാത്രമല്ല, വെളുത്തുള്ളിയും സമാനമായ രീതിയിൽ മുളപ്പിച്ചെടുക്കാൻ സാധിക്കും.