നമ്മൾ മലയാളികൾക്ക് ചോറ് കഴിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. ഒരു നേരമെങ്കിലും ചോറുണ്ടില്ലെങ്കിൽ അന്ന് ജീവിതത്തിൽ വലിയ എന്തോ നഷ്ടം സംഭവിച്ചുവെന്ന് കരുതുന്നവരും കുറവല്ല. ആരോഗ്യത്തിന് ഒരു ദോഷവുമില്ലാത്ത ഭക്ഷണമായതിനാൽ പേടിക്കാതെ കഴിക്കുകയും ചെയ്യാം. എന്നാൽ ചോറുണ്ടാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് മിക്കവർക്കും അറിയില്ലെന്നതാണ് വാസ്തവം.
സാധാരണയായി വെളളം തിളച്ചു കഴിയുമ്പോഴേക്കും അരി കഴുകി അടുപ്പത്ത് ഇടുന്നതാണ് രീതി. എന്നാൽ കുറച്ചുകൂടെ ആരോഗ്യപ്രദമായ രീതിയിൽ ഇനി ചേറുണ്ടാക്കാൻ ശീലിക്കാം. രാത്രി മുഴുവൻ വെളളത്തിലിട്ട് അരി കുതിർത്ത ശേഷം തിളപ്പിച്ച് ഊറ്റിയെടുക്കുന്നതാണ് ആരേഗ്യകരമായ ശീലം. ഹൃദ്രോഗങ്ങളിൽ നിന്നും പ്രമേഹം, കാൻസർ എന്നിവയുടെ സാധ്യതകൾ ഇതുമൂലം കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
വ്യാവസായിക കേന്ദ്രങ്ങളിൽ നിന്നും വരുന്ന രാസവസ്തുക്കളടങ്ങിയ ജൈവിക വിഷവസ്തുക്കളും മണ്ണിലുണ്ടാകുന്ന കീടനാശിനികളുടെ അംശവും അരി മലിനമാക്കുമെന്നും പഠനത്തിൽ പറയുന്നത്. ഇംഗ്ലണ്ടിലെ ബെൽഫാസ്റ്റ് ക്വീൻസ് സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിട്ടുളളത്. അരി ദീർഘനേരം കുതിർത്ത് വയ്ക്കുന്നതിലൂടെ ആർസനിക് എന്ന ജൈവിക വിഷത്തിന്റെ അളവ് 80 ശതമാനത്തോളം കുറയ്ക്കാനാകുമെന്നും ഗവേഷണത്തിൽ പറയുന്നു. എന്നാൽ ഇനിമുതൽ അരി ശ്രദ്ധിച്ച് വേവിച്ചോളൂ.