മഴക്കാലത്ത് പലവിധ രോഗങ്ങളും ഉണ്ടാകാറുണ്ട്. രോഗങ്ങൾ പിടിപെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണമാണ്, അതിനാൽ ഭക്ഷണം തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല വൃത്തിയോടെ മാത്രമേ ഭക്ഷണം തയ്യാറാക്കാവൂ. ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കേണ്ടതും ആവശ്യമാണ്.
പഴങ്ങളും പച്ചക്കറികളും വേവിച്ച ഭക്ഷണങ്ങളും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നതിനെക്കുറിച്ചുളള ചില ടിപ്സുകൾ ഇതാ. ഐഎൻഐ ഫാംസിന്റെ ഗ്രോ വിത്ത് കിമയേയുടെ അഭിപ്രായത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.
- മൺസൂൺ കാലത്ത് അൽപം കൂടുതൽ ശ്രദ്ധയും ശുചിത്വവും ആവശ്യമാണ്. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി വൈറസുകളും ബാക്ടീരിയകളും ഈ സീസൺ കൊണ്ടുവരാറുണ്ട്. സ്വയം ശുചിത്വത്തിൽ മാത്രമല്ല, നിങ്ങളുടെ ഭക്ഷണം എത്ര നന്നായി സൂക്ഷിക്കുന്നുവെന്നതിലും ശ്രദ്ധ നൽകണം. പഴങ്ങളിലും പച്ചക്കറികളിലും പൂപ്പൽ, ഫംഗസ് എന്നിവയ്ക്ക് വളരെ സാധ്യതയുണ്ട്. അതിനാൽ, പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ അവ എത്ര നന്നായി പാക്ക് ചെയ്തവയാണെങ്കിലും നന്നായി കഴുകുക.
- ഭക്ഷണം നന്നായി വേവിക്കുക. ചെറിയ അളവിൽ പാചകം ചെയ്ത് ഫ്രഷോടെ കഴിക്കുക. രോഗാണുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യാൻ പാചകം ചെയ്യുന്നതിനുമുമ്പ് പച്ചക്കറികൾ ഉപ്പിട്ട വെള്ളത്തിൽ കഴുകുക. പുറത്തുനിന്നും അസംസ്കൃതവും വറുത്തതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
- മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ പാചകം ചെയ്ത ഭക്ഷണത്തിൽ പൂപ്പൽ വളരുന്നത് എളുപ്പമാണ്. അതിനാൽ, മഴക്കാലത്ത് ഫ്രഷായി പാചകം ചെയ്ത ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ അവശേഷിക്കുന്നവ എത്രയും വേഗം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. മൂടോടുകൂടിയ ശരിയായ പാത്രങ്ങളിൽ പാക്ക് ചെയ്ത് സൂക്ഷിക്കുക.
- റഫ്രിജറേറ്ററിൽ ധാരാളം ഭക്ഷണം സൂക്ഷിക്കുമ്പോൾ അതിന്റെ ശുചിത്വവും ശ്രദ്ധിക്കണം. വൃത്തിഹീനമായ റഫ്രിജറേറ്റർ സംഭരിച്ച ഭക്ഷണത്തിന്റെ ഗുണനിലവാരം കുറച്ചേക്കാം, അതിനാൽ രണ്ടാഴ്ചയിലൊരിക്കൽ വൃത്തിയാക്കുക. അഴുകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കുക. ദുർഗന്ധം വമിക്കുന്ന എന്തും റഫ്രിജറേറ്ററിൽ സൂക്ഷിക്കരുത്. റഫ്രിജറേറ്ററിൽ സാധനങ്ങൾ കുത്തിനിറച്ചു വയ്ക്കരുത്.
- വ്യത്യസ്ത അറകളിൽ ഭക്ഷണം സൂക്ഷിക്കുന്നത് വായു സഞ്ചാരം സുഗമമാക്കും. വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും വെവ്വേറെ സൂക്ഷിക്കാൻ വൃത്തിയുള്ള പാത്രങ്ങളോ പേപ്പർ ബാഗോ ഉപയോഗിക്കുക. സംഭരിച്ചു വച്ചിരിക്കുന്ന എല്ലാ സാധനങ്ങൾക്കും ഇടയിൽ മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുക.
Read More: ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ