മധുര പാനീയങ്ങളുടെ പരിധിയില്‍ കവിഞ്ഞ ഉപയോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കഴിഞ്ഞയാഴ്ച്ചയാണ് ഫ്രാന്‍സ് ഉത്തരവ് പുറപ്പെടുവിച്ചത്. റെസ്റ്റോറന്റുകളിലും മധുരപാനീയങ്ങള്‍ വിളമ്പുന്ന മറ്റിടങ്ങളിലുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അമിതമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിച്ചു വരുന്നവരുടെ എണ്ണം കൂടിയതാണ് പാനീയങ്ങള്‍ നിരോധിക്കാന്‍ കാരണം. യുവതലമുറയെ അമിത ഭാരമുള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതാണ് നിരോധനത്തിന്റെ ലക്ഷ്യം.

പഞ്ചസാരയുടെ തോത് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായ മധുരപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന് ലോക ആരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു. ബ്രിട്ടണ്‍ പോലെയുള്ള നഗരങ്ങളില്‍ കുടുംബ റെസ്‌റ്റോറന്റുകളിലും മറ്റും സോഡ പോലെയുള്ള പാനീയങ്ങള്‍ ധാരാളമായി വിളമ്പാറുണ്ട്. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഉത്തേജക പാനീയങ്ങളുള്‍പ്പെടെയുള്ള മധുരപാനീയങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

പ്രായപൂര്‍ത്തിയായവരുടെ അമിതവണ്ണത്തെക്കുറിച്ചുള്ള സര്‍വ്വേ അനുസരിച്ച് ഫ്രാന്‍സില്‍ 15.3ശതമാനംപേരും അമിതഭാരമുള്ളവരാണ്. ബ്രിട്ടനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രാന്‍സിന്റെ ശതമാനം കുറവാണ്. 20.1 ശതമാനം പേരാണ് ബ്രിട്ടനില്‍ അമിതവണ്ണമുള്ളവര്‍. എന്നാല്‍ ഇറ്റലിയുടേതിനേക്കാള്‍ കൂടുതലുമാണ്. നിലവില്‍ 10.7ശതമാനമാണ് ഇറ്റലിയുടെ കണക്ക്. കഴിഞ്ഞ 30വര്‍ഷത്തെ കണക്കനുസരിച്ച് ഫ്രാന്‍സില്‍ ഏകദേശം 57ശതമാനം പേരും അമിതഭാരമുള്ളവരാണ്.

41ശതമാനം സ്ത്രീകളും അമിതഭാരം ഉള്ളവരാണെന്ന് ഫ്രഞ്ച് മെഡിക്കല്‍ ജേണല്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് പറയുന്നു. 2014 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 641 മില്യണ്‍ ജനങ്ങളാണ് അമിതവണ്ണമുള്ളവര്‍. ഇന്ത്യയില്‍ പുരുഷന്മാരെ അനുസരിച്ച് സ്ത്രീകളാണ് അമിതവണ്ണത്താല്‍ ബുദ്ധിമുട്ട് നേരിടുന്നതെന്നും പഠനങ്ങള്‍ പറയുന്നു. ഫ്രാന്‍സും മറ്റ് രാജ്യങ്ങളും എടുത്തത് പോലെയുളള മുന്‍കരുതല്‍ നമ്മുടെ രാജ്യത്തും കൈക്കൊളളേണ്ടതിന്റെ ആവശ്യകതയാണ് പഠനങ്ങളുടെ ഫലം സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook