പൊള്ളുന്ന വേനലിൽ ശരീരവും മനസ്സും കുളിർപ്പിക്കുന്ന ശീതളപാനീയങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ശരീരം തണുപ്പിക്കുന്നതിനൊപ്പം ക്ഷീണവും ദാഹവും അകറ്റാൻ സഹായിക്കുന്ന ഒന്നാണ് പോഷക സമ്പന്നമായ പൊട്ടുവെള്ളരി. തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് കൂടുതലും പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്.

തണ്ണിമത്തനിൽ ഉള്ളതിനേക്കാൾ നാരിന്റെ അംശം പൊട്ടുവെള്ളരിയിൽ അടങ്ങിയിട്ടുണ്ട്. ചൂടുകുരു പോലുള്ള വേനൽക്കാല പ്രശ്നങ്ങളെയും പൊട്ടുവെള്ളരി അകറ്റും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ് പൊട്ടുവെള്ളരി.
പൊട്ടുവെള്ളരിയ്ക്ക് ഉള്ളിലെ ജലസമൃദ്ധമായ പൾപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
പൊട്ടുവെള്ളരിയുടെ പുറം തൊലി ചുരണ്ടി അകത്തെ കുരു കളഞ്ഞ് തവി കൊണ്ട് ഉടച്ച് എടുത്ത് മിക്സിയിൽ അടിച്ചു എടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. തേങ്ങാ പാലും ഏലക്കയും ചേർക്കുന്നത് സ്വാദ് വർധിപ്പിക്കും. പൊട്ടുവെള്ളരി അടിച്ചെടുത്ത് ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തും ജ്യൂസാക്കാം.
വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിച്ച് നല്ല തണുപ്പു നൽകാൻ പൊട്ട് വെള്ളരി ജ്യൂസിനു സാധിക്കും.