scorecardresearch
Latest News

നല്ല അരിയുമായി നഗരസഭ; തരിശ് ഭൂമിക്ക് ജീവനേകി വിളഞ്ഞത് ബ്രാൻഡഡ് ‘ജീവനം’

മൂന്നാം തവണത്തെ കൃഷിയോടെയാണ് ജീവനം എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തിക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭാ അംഗങ്ങളും ജീവനക്കാരും ഒന്നിച്ച് ഇറങ്ങിയപ്പോൾ വിത്തിട്ടതും വിളഞ്ഞതും നെല്ല് മാത്രമല്ല.

നല്ല അരിയുമായി നഗരസഭ; തരിശ് ഭൂമിക്ക് ജീവനേകി വിളഞ്ഞത് ബ്രാൻഡഡ് ‘ജീവനം’

മലപ്പുറം: നെല്‍കൃഷിയുടെ പ്രചാരണവുമായി മുന്നിട്ടിറങ്ങിയ ജില്ലയിലെ പെരിന്തല്‍മണ്ണ നഗരസഭ അത് വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുക്കാതെ പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് ഇറക്കി നഗരസഭ അംഗങ്ങളും ജീവനക്കാരും മാത്രം ഉള്‍പ്പെട്ട സംഘം രണ്ടു പതിറ്റാണ്ടു കാലം തരിശായിക്കിടന്ന 18 ഏക്കര്‍ പാടത്ത് നെല്ലു വിതച്ച് കൊയ്‌തെടുത്തത് പൊന്നും വിളവാണ്. ഗുണമേന്മയുള്ള 22,000 കിലോ ജൈവ അരി. പൂര്‍ണമായും ജൈവകൃഷിയിലൂടെ ലഭിച്ച ഈ വിളവ് സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലിറക്കാനിരിക്കുകയാണ് നഗരസഭ.

ജൈവ കൃഷി പ്രോത്സാഹനവും ഉറവിട മാലിന്യ സംസ്‌കരണവും ലക്ഷ്യമിട്ട് നഗരസഭ രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട ജീവനം പദ്ധതിയുടെ ഭാഗമായാണ് നഗരസഭാംഗങ്ങളും ജീവനക്കാരും കൃഷിയുമായി പാടത്തേക്കിറങ്ങിയത്. രണ്ടു തവണ വിജയകരമായി കൃഷി ചെയ്തു വിളവെടുത്തു. നാലേക്കറിലായിരുന്നു തുടക്കം. നഗരസഭാ പരിധിയിലെ തരിശുഭൂമിയെല്ലാം കൃഷി യോഗ്യമാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ മാതൃകാ കൃഷിക്കായി ഇവര്‍ തിരഞ്ഞെടുത്തതും തരിശു ഭൂമി തന്നെ. രണ്ടു പതിറ്റാണ്ടോളം കാലം തരിശായിക്കിടന്ന 18 ഏക്കര്‍ വരുന്ന മാനത്തുമംഗലം പാടത്താണ് ഇത്തവണ കൃഷിയിറക്കി പൊന്നുവിളയിച്ചത്.
perinthalmanna, farmers, rice cultivation, perinthalmanna muncipality, malappuram, food
വിളവായി ലഭിച്ച 22,000 കിലോ നെല്ലില്‍ നാലായിരം കിലോ കൃഷിക്കായി ഭൂമി പാട്ടത്തിനു നല്‍കിയ ഭൂവുടമകള്‍ക്കു വിതരണം ചെയ്തു. ബാക്കി വരുന്ന 18,000 കിലോയാണ് സംസ്‌കരിച്ച് ‘ജീവനം’ എന്ന ബ്രാന്‍ഡില്‍ നഗരസഭ വിപണം ചെയ്യുന്നത്. ഭംഗിയായി മുദ്രണം ചെയത് 25 കിലോ ബാഗുകളായാണ് വില്‍പ്പന. 1500 രൂപ വിലവരുന്ന ഇവയ്ക്ക് 20 ശതമാനം ഡിസ്‌കൗണ്ടുമുണ്ട്. ഉപഭോക്താവിന് 1,200 രൂപയ്ക്കു ലഭിക്കും.

കൃഷി വന്‍വിജയമാണെങ്കിലും ലാഭക്കൊയ്‌ത്തല്ല ഇതു വഴി ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍രാജ് പറയുന്നു. ‘കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. ഇത് നഗരസഭാംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ചെയ്ത് വന്‍വിജയമാണെന്ന് തെളിയിച്ചതിലൂടെ വലിയൊരു സന്ദേശം സമൂഹത്തിനു ലഭിക്കുന്നു. ഇതു തന്നെയാണ് പദ്ധതി കൊണ്ട് ഞങ്ങള്‍ ലക്ഷ്യമിട്ടതും,’ നിഷി പറഞ്ഞു. കൃഷിക്കായി പണമിറക്കിയ നഗരസഭാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആനുപാതികമായി അരിയാണ് പ്രതിഫലം.

ബ്രാന്‍ഡ് ചെയ്ത അരി വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം അടുത്ത കൃഷിക്കായുള്ള മൂലധനമായും മറ്റൊരു വിഹതം ജീവനം പദ്ധതിയുടെ തന്നെ ഭാഗമായി നടന്നുവരുന്ന സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് ഉപയോഗപ്പെടുത്തുക. വര്‍ഷം തോറും നടത്തിവരാറുള്ള സാന്ത്വന വാരം പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ജീവനം ബ്രാന്‍ഡ് അരിയുടെ വിപണനോല്‍ഘാടനം നിര്‍വഹിക്കും.
perinthalmanna, farmers, rice cultivation, perinthalmanna muncipality, malappuram, food
ഉമ ഇനത്തില്‍പെട്ട നെല്‍വിത്താണ് ഇവര്‍ വിതച്ചത്. കൃഷി പൂര്‍ണമായും ജൈവ രീതിയിലാണ്. അടുത്ത തവണ 100 ഏക്കര്‍ കൃഷിയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം വിപണിയും മെച്ചപ്പെടുത്തും. നെല്‍കൃഷിക്കു പുറമെ വ്യാപകമായി പച്ചക്കറി കൃഷിയും നഗരസഭയിലുടനീളം ജീവനം പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഈയിടെ അവതരിപ്പിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത സ്വാപ് ഷോപ്പുകളും നേരത്തെ തന്നെ പെരിന്തല്‍മണ്ണ നഗരസഭ അവതരിപ്പിച്ചിരുന്നു. പഴകിയ ഉല്‍പ്പന്നങ്ങളെ മാലിന്യമായി തള്ളുന്നതിനു പകരം പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കാന്‍ നഗരസഭ ‘കൈമാറ്റക്കട’ തുറന്നിട്ടുണ്ട്. പ്രവര്‍ത്തന ക്ഷമതയുള്ള പഴകിയ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് അവ ഈ കൈമാറ്റക്കടയില്‍ ഉപേക്ഷിക്കാം. ആവശ്യമുള്ളവര്‍ക്ക് ഇവ ഇവിടെ വന്നെടുക്കുകയും ചെയ്യാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ മറ്റു വീട്ടുപകരണങ്ങളുമെല്ലാം ഇവിടെ ഉപേക്ഷിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. ഇ-വേസ്റ്റ് പോലുള്ള മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത് തടയുകയാണ് കൈമാറ്റക്കടയുടെ ലക്ഷ്യം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Perinthalmanna muncipality cultivated rice with brand name jeevanam organic rice