ഇഞ്ചിയിൽ നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. ജലദോഷം, ചുമ, തൊണ്ടവേദന, വയറുവേദന തുടങ്ങി പലവിധ രോഗങ്ങൾക്കുമുള്ള മരുന്നാണ് ഇഞ്ചി. ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇഞ്ചിയുടെ തൊലി കളഞ്ഞോ കളയാതെയോ ഉപയോഗിക്കാം.
ഇഞ്ചിയുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാതെയിരിക്കാൻ ശരിയായ രീതിയിൽ തൊലി കളയണം. അടുത്തിടെ മുൻ ഷെഫ് കാതറിൻ മക്ബ്രൈഡ് ഇഞ്ചിയുടെ തൊലി താൻ കളയുന്നതെങ്ങനെ എന്നുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പീലറോ കത്തിയോ ഉപയോഗിക്കാതെ സ്പൂൺ ഉപയോഗിച്ചാണ് അവർ ഇഞ്ചിയുടെ തൊലി കളഞ്ഞത്.
ഇഞ്ചിയുടെ തൊലിയിൽ നിറയെ ആരോഗ്യ ഗുണങ്ങളുണ്ടെന്നും അത് കളയരുതുമെന്നുമാണ് ഹാർവാർഡ് സർവകലാശാലയിൽ നിന്നും ബയോമെഡിസിനിൽ പിഎച്ച്ഡി നേടിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് ന്യൂട്രീഷന്റെ ഹെൽത്ത് കോച്ചിങ് സർട്ടിഫിക്കേഷൻ ഉടമ കാഞ്ചൻ കോയ പറയുന്നത്. ഇഞ്ചി തൊലി ഭക്ഷ്യയോഗ്യമാണെന്നും അവർ പറയുന്നു.
തൊലി കളയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു സ്പൂണിന്റെ പിൻഭാഗം ഉപയോഗിക്കാനും അവർ നിർദേശിച്ചു. കഴിയുമെങ്കിൽ ഇഞ്ചി കഴുകി വൃത്തിയാക്കിയശേഷം തൊലിയോടുകൂടി ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കാനും അവർ പറഞ്ഞു.
Read More: ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കുന്നതിന്റെ ശരിയായ അളവ് എത്ര?