മലയാളിയുടെ വീട്ടിലെ നിത്യ സാന്നിധ്യമാണ് ദോശ. പല കോമ്പിനേഷനുകൾ കൂട്ടിയും നമ്മൾ ദോശ പരീക്ഷിക്കാറുണ്ട്. എന്നാൽ നൂറ്റമ്പതിലധികം വെറൈറ്റി ദോശ കിട്ടുന്ന സ്ഥലം നമ്മുടെ കേരളത്തിൽ ഉണ്ടെന്നു പറഞ്ഞാൽ? കൊച്ചിയിൽ പത്മ തിയേറ്ററിന് സമീപമുളള ‘പൈ ദോശ’യെ ഒരു ദോശ കൊട്ടാരമെന്നു തന്നെ വിശേഷിപ്പിക്കാം. ഇവിടുത്തെ ദോശയുടെ രുചി തേടി കൊച്ചിക്കാർ മാത്രമല്ല, വിവിധ സ്ഥലങ്ങളില്‍നിന്നും ആളുകളെത്തുന്നുണ്ട്.

29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എംജി റോഡില്‍ ആരംഭിച്ച പൈ സഹോദരന്മാരുടെ ചെറിയ ദോശ കട പിന്നീട് രുചി പെരുമ കൊണ്ട് മൂന്ന് ബ്രാഞ്ചുകളും 70 ജീവനക്കാരും ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ തേടിയെത്തുന്ന വലിയ കടയായി മാറി. എന്നാൽ അതിന് പിന്നില്‍ രുചിക്കൂട്ടിന്റെ സ്വാദ് മാത്രമല്ല, ഒരുമയുടേയും കൂട്ടായ്മയുടേയും ബന്ധങ്ങളുടേയും മധുരമുണ്ട്. ഇതിനെല്ലാം അമരക്കാരായത് കൊച്ചി പുല്ലേപ്പടി സ്വദേശികളായ നാല് പൈ സഹോദരന്മാരാണ്. പുരുഷോത്തമ പൈ, നരസിംഹ പൈ, ശിവാനന്ദ പൈ, അനന്ദ പൈ എന്നീ സഹോദരന്മാരാണ് പൈ ദോശയുടെ സൃഷ്ടാക്കള്‍.

pai dosa

36 വ്യത്യസ്ത തരത്തിലുള്ള ദോശ ഉണ്ടാക്കിയാണ് ആദ്യത്തെ തട്ട് ദോശ കട ‘പൈ ദോശ’യായി മാറിയത്. സുമേഷ് പൈയും പ്രദീപ് പൈയും ശിവാനന്ദ പൈയുമാണ് ഇപ്പോൾ കട നോക്കി നടത്തുന്നത്. ഇപ്പോൾ വീട്ടിൽ വിശ്രമിക്കുന്ന പുരുഷോത്തമ പൈയാണ് ദോശ പരീക്ഷണങ്ങള്‍ നടത്തുന്നത്. 150 തരത്തിലുള്ള ദോശകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആളുകളുടെ കണ്‍മുന്നില്‍ വച്ച് ഉണ്ടാക്കുന്ന ദോശ വിഭവങ്ങള്‍ക്ക് അതില്‍ കൂടുതല്‍ എന്ത് ഉറപ്പാണ് നല്‍കാന്‍ കഴിയുക.

എന്തുകൊണ്ടെല്ലാം എങ്ങനെയെല്ലാം ദോശയുണ്ടാക്കാം എന്ന് അതിശയിച്ചു പോകും ഇവിടുത്തെ മെനു കണ്ടാല്‍തന്നെ. പൈ സഹോദരന്മാരുടെ സംരംഭം അടുത്ത തലമുറ ഏറ്റടുത്തപ്പോഴും പാചക പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പുരുഷോത്തമ പൈ തന്നെയാണ്. വീട്ടിൽ സ്വയം പരീക്ഷിച്ച് വിജയിക്കുന്ന ദോശ റെസിപ്പി ഉടൻ കടയിലെത്തും. അരിയും ഉഴുന്നും അരച്ച് തന്നെയാണ് ദോശ തയാറാക്കുന്നത്. എന്നാൽ ദോശ ചുടുന്ന സമയത്ത് ചേർക്കുന്ന ചേരുവകൾ ഓരോന്നിനും വ്യത്യസ്‌തപ്പെട്ടിരിക്കും.

pai dosa

സാധാരണ ദിവസങ്ങളില്‍ നാനൂറ് പേരോളം ഇവിടെ കഴിക്കാനെത്തുന്നതെങ്കില്‍ അവധി ദിവസങ്ങളിലും ആഴ്ചയുടെ അവസാനവും ആയിരത്തിനടുത്തെത്തും സംഖ്യ, സുമേഷ് പൈ പറയുന്നു. തിരക്ക് കൂടിയപ്പോള്‍ നാല് വര്‍ഷം മുന്‍പ് ഇടപ്പള്ളിയിലും ഒരു വര്‍ഷം മുന്‍പ് കടവന്ത്രയിലും കട തുടങ്ങി. ദുബായില്‍ ബ്രാഞ്ച് തുറന്നെങ്കിലും വിചാരിച്ചപോലെ ലാഭം നേടാന്‍ കഴിയാതെ വന്നപ്പോള്‍ മൂന്ന് വര്‍ഷത്തികം അത് അടയ‌്ക്കുകയായിരുന്നു. ഇനി കേരളത്തിനകത്ത് മറ്റ് സ്ഥലങ്ങളില്‍ സംരംഭം വ്യാപിപ്പിക്കാനുളള തയാറെടുപ്പിലാണ് പൈ ബ്രദേഴ്‌സ്.

Pai dosa #food #kerala

A video posted by Nandu79 (@nandagopalrajan) on

രാവിലെ 10 മണി മുതൽ വെളുപ്പിന് ഒന്നു വരെയാണ് കട തുറന്നു പ്രവർത്തിക്കുന്നത്. കാടമുട്ട ചേർത്ത സാൾട്ട് ആന്‍ഡ് പെപ്പര്‍, പ്രത്യേക മസാലക്കൂട്ട് ചേർത്ത ഫൈവ് ഇന്‍ വണ്‍, സ്‌പൈസി എഗ്ഗ്, കാഞ്ചിപുരം, വെളുത്തുള്ളികൊണ്ടുളള ലസ്സൂണ്‍, ചോക്ലേറ്റ് ദോശ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ദോശ വിഭവങ്ങള്‍. കാട മുട്ട മുതല്‍ വെളുത്തുള്ളി ഉപയോഗിച്ച് വരെ ഇവിടെ ദോശ തയാര്‍. കേസരി പോലുള്ള സൈഡ് ഡിഷുകള്‍ തയാറാക്കാറുണ്ടെങ്കിലും ദോശ തന്നെയാണ് ഇവിടെ താരം. ഏത് ദോശ വേണമെന്ന് മാത്രം പറഞ്ഞാല്‍ മതി, നല്ല ചൂടു ദോശ മുന്നിലെത്തിയിരിക്കും. അപ്പോഴേക്കും വായിലൂറുന്ന കടലില്‍നിന്ന് നാവ് രുചി തിരഞ്ഞിറങ്ങിയിരിക്കും…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ