/indian-express-malayalam/media/media_files/uploads/2023/07/cake.jpg)
വൈറലായി ന്യൂസ് പേപ്പർ സ്റ്റാക്ക് കേക്ക്
ആദ്യക്കാഴ്ചയിൽ മേശപ്പുറത്ത് ഒരു ഗ്ലാസ് കട്ടനും അരികെയൊരു പത്രക്കെട്ടും ഇരിക്കുന്നതുപോലെയേ തോന്നൂ. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ സംഭവം പത്രക്കെട്ടൊന്നുമല്ല കേക്കാണെന്ന് മനസ്സിലാവും. ഏറെ പാഷനോടെ കേക്ക് ബേക്കിംഗ് പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുന്ന ഭാവന ബേബി മാളിയേക്കൽ ആണ് ഈ കേക്കിനു പിറകിലെ ശില്പി.
മുൻ യു.ഡി.എഫ് കൺവീനറും കെപിസിസിയുടെ മുൻ പ്രസിഡൻ്റും നിയമസഭ സ്പീക്കറും കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായ പി.പി. തങ്കച്ചന്റെ ജന്മദിനത്തിൽ മക്കളും പേരക്കുട്ടികളും ചേർന്ന് സമ്മാനിച്ചതാണ് ഈ കേക്ക്. പിപി തങ്കച്ചനെ കുറിച്ചുള്ള ഓർമകളും അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളുമൊക്കെ നിറയുന്ന ഒരു മനോരമപത്രമാണ് കേക്കിൽ ഭാവന സൃഷ്ടിച്ചെടുത്തത്.
"പ്രത്യേക നിമിഷങ്ങളെ വിലമതിക്കുകയും ശ്രദ്ധേയമായ ജീവിതം ആഘോഷിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടൊരു അച്ഛനെ, മുത്തച്ഛനെ, മുൻ മന്ത്രിയെ അദ്ദേഹത്തെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓർമ്മകളും ലേഖനങ്ങളും നിറഞ്ഞ ഒരു ന്യൂസ് പേപ്പർ സ്റ്റാക്ക് കേക്ക് നൽകി ആദരിക്കുന്നു. കേരളത്തിലെ വീടുകളിലെ പതിവ് കാഴ്ചയായ മലയാള മനോരമ പത്രവും കട്ടൻ ചായയും ഒന്നിച്ചുവരുമ്പോൾ, ഗൃഹാതുരത്വത്തിന്റെ ഒരു സ്പർശം കൊണ്ടുവരാൻ ഞാൻ അതിനെ ഫോട്ടോഗ്രാഫായി പകർത്തി. ഹൃദയസ്പർശിയായ ഈ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്," ഭാവന കുറിച്ചു.
കേക്കുകളോടുള്ള പ്രണയമാണ് ഏറെ സാമ്പത്തിക സുരക്ഷിതത്വമുള്ള ജോലി വിട്ട് ബേക്കിംഗിലേക്ക് തിരിയാൻ ഭാവന ബേബി മാളിയേക്കലിന് പ്രചോദനമായത്. പാഷനു പിന്നാലെയുള്ള ഭാവനയുടെ ആ യാത്ര വെറുതെയായില്ല. ഇന്ന് കൊച്ചിയിലെ ഏറ്റവും മികച്ച കേക്ക് ആർട്ടിസ്റ്റുമാരിൽ ഒരാളാണ് ഭാവന. നടൻ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ നടി അസിൻ തോട്ടുങ്കൽ എന്നു തുടങ്ങി സുപ്രിയ മേനോൻ വരെയുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട കേക്ക് ബേക്കറാണ് ഭാവന.
എറണാകുളം സ്വദേശിയായ ഭാവന വല്ലാർപ്പാടം ടെർമിനിലിൽ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിലെ ജോലി രാജിവച്ചാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. "കോളേജിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് ബേക്കിംഗിൽ താൽപ്പര്യമുണ്ട്, മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. സമയം കിട്ടുമ്പോൾ ഒരു ഹോബി പോലെ കേക്ക് ബേക്കിംഗ് പരീക്ഷണങ്ങൾ വീട്ടിലും നടത്തുമായിരുന്നു കോളേജ് പഠനം കഴിഞ്ഞ് പിന്നെ എംബിഎയ്ക്ക് ചേർന്നു. കോഴ്സ് കഴിഞ്ഞ് ഒരു ജോലി കിട്ടാൻ കുറച്ചു സമയമെടുത്തു.​ അതിനിടയിൽ ഒരു ടൈം പാസ് എന്ന രീതിയിൽ ഞാനൊരു ബേക്കിംഗ് ക്ലാസ്സിനു ചേർന്ന് കൂടുതൽ കാര്യങ്ങൾ പഠിച്ചു. കൂട്ടുകാരും കുടുംബക്കാരുമൊക്കെ ഓർഡറുകൾ തരാൻ തുടങ്ങി. വല്ലാർപ്പാടം ടെർമിനിലിൽ ജോലി കിട്ടിയപ്പോൾ പിന്നെ കിട്ടുന്ന ഫ്രീ ടൈമിലായി കേക്ക് ഡിസൈൻ ചെയ്യലും ബേക്കിംഗുമൊക്കെ. നാലു വർഷത്തോളം ഞാൻ അവിടെ ജോലി ചെയ്തു, പാരലൽ ആയി ബേക്കിംഗും കൊണ്ടുപോയി. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഓർഡറുകൾ കൂടുതൽ വരാൻ തുടങ്ങി, ജോലിയും ബേക്കിംഗും കൂടെ ഒന്നിച്ചു കൊണ്ടുപോവാൻ പറ്റില്ല എന്നായപ്പോഴാണ് ജോലി ഉപേക്ഷിച്ച് എന്റെ പാഷനു പിറകെ ഇറങ്ങിത്തിരിച്ചത്," മുൻപ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us