ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി കുടിച്ചിട്ടുണ്ടോ ? അതേത് കാപ്പി എന്നാകും ഇപ്പോൾ ചിന്തിക്കുന്നത്.. ബ്ലാക്ക് ഐവറി കോഫി എന്നു പേരുളള​ ഒരു പ്രത്യേക തരം കാപ്പിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി. വില കൂടുതലാണെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത. നിർമാണ രീതിയും ഇതിനെ വിശേഷപ്പെട്ട ഒന്നാക്കുന്നു.

പേരിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ ഈ കാപ്പിക്ക് ആനയുമായി ബന്ധമുളളതുകൊണ്ടാണ് ബ്ലാക്ക് ഐവറി കോഫി എന്ന പേര് വന്നത്. ആനയെക്കൊണ്ട് വിശേഷപ്പെട്ട ഒരു തരം കാപ്പിക്കുരു കഴിപ്പിക്കും. അതിനുശേഷം ആനപ്പിണ്ഡത്തിൽ നിന്നു ബാക്കി കിട്ടുന്ന കാപ്പിക്കുരു ശേഖരിച്ച് ഉണക്കി വറുത്തെടുത്താണ് ബ്ലാക്ക് ഐവറി കോഫി നിർമിക്കുന്നത്.

അയ്യേ എന്നാണ് പറയാൻ വരുന്നതെങ്കിൽ എന്താണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടുളള സവിശേഷത എന്നു കൂടി അറിഞ്ഞോളൂ. ആനയിൽ ഉണ്ടാകുന്ന ഒരുതരം എൻസൈം കാപ്പിക്കുരുവിലുളള​ കോഫി പ്രോട്ടീൻ വേർതിരിക്കും. കാപ്പിയിലുളള​ പ്രത്യേക കയ്‌പിന് കാരണമാകുന്നത് ഈ പ്രോട്ടീൻ ആണ്. ഇത് കുറയുന്നതോടെ കാപ്പിയുടെ കയ്‌പ് മാറുകയും രുചി കൂടുകയും ചെയ്യും.

ivory-coffee-1

വടക്കൻ തായ്‌ലൻഡിലെ ഗോൾഡൻ ട്രയാങ്കിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷന്റെ കീഴിലുളള​ ആനകളാണ് ഈ കാപ്പിക്കുളള​ കാപ്പിക്കുരു മുഴുവൻ അകത്താക്കി മൂല്യം കൂടിയതാക്കി തിരിച്ചു തരുന്നത്. കാപ്പി ആനയുടെ ഇഷ്‌ട വിഭവമായതു കൊണ്ട് ആനയ്‌ക്കും സന്തോഷം. മെഷീനിൽ വറുത്ത് പൊടിക്കുന്നതിനു പകരം തികച്ചും പ്രകൃതിദത്തം! തായ്‌ലൻഡിൽ ഉണ്ടാകുന്ന തായ് അറേബിക്ക എന്ന പ്രത്യേക തരം കാപ്പിക്കുരുവാണ് ഇതിനായി ഉപയോഗിക്കുന്നത്.

ivory-coffee-2

ഒരു കിലോ ബ്ലാക്ക് ഐവറി കോഫി കിട്ടാൻ 33 കിലോ കാപ്പിക്കുരു (8800 കാപ്പിക്കുരു) വേണം. നിർമാണ പ്രക്രിയയുടെ ബുദ്ധിമുട്ട് മൂലം വളരെ കുറച്ച് മാത്രമേ ഇവ നിർമിക്കാറുളളൂ. 2016ൽ 150 കിലോ മാത്രമാണ് ബ്ലാക്ക് ഐവറി കോഫി ഉണ്ടാക്കിയത്. ലോകത്ത് തന്നെ ചുരുക്കം ചില ഫൈവ് സ്‌റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ഇവ ലഭിക്കുക. തായ്‌ലൻഡിലും മാലിദ്വീപിലുമാണ് ഇവ കൂടുതലായും കിട്ടുന്നത്. അവിടെ പോകാൻ ബുദ്ധിമുട്ടാണെങ്കിൽ ഓൺലൈനായും വാങ്ങിക്കാം. അതിനായി www.blackivorycoffee.com എന്ന വെബ്‌സൈറ്റ് വഴി ഓർഡർ ചെയ്യാം.

ഇനി ഇതിന്റെ വിലയെത്രയാണെന്നല്ലേ.. കിലോഗ്രാമിന് 1,100 ഡോളർ. എന്നുവച്ചാൽ ഒരു കിലോ 75,000 രൂപ. അതായത് ഒരു കപ്പ് കാപ്പി കുടിക്കാൻ 3,410 രൂപ !
kopi luwak
ഇന്തോനേഷ്യയിലെ ബാലിയിലും സമാന രീതിയിലുളള​ കോപി ലുവാക് എന്ന കാപ്പി ലഭ്യമാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെയും വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള​ കാപ്പിക്കുരരു വിഴുങ്ങി വിസർജിക്കുന്നത്. ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്. കോപി ലുവാക് ഒരു കിലോയ്‌ക്ക് 13,600 രൂപ മുതലാണ് വില. ഒരു കപ്പിന് 2,384 രൂപ എങ്കിലും കൊടുക്കണം!

ചിത്രങ്ങൾ കടപ്പാട്: യൂട്യൂബ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ