മില്ലെറ്റുകൾ എന്നറിയപ്പെടുന്ന ചെറു ധാന്യങ്ങൾക്ക് മുൻപെങ്ങുമില്ലാത്ത രീതിയിൽ സ്വീകാര്യത ലഭിക്കുന്നുണ്ട് ഇപ്പോൾ. പോഷകങ്ങളുടെ കലവറയാണ് മില്ലറ്റുകൾ. ജോവര്‍ (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്‍. പല നാടുകളില്‍ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. മില്ലറ്റുകളുടെ ഉത്പാദനത്തില്‍ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണുള്ളത്.
മില്ലറ്റ് കൊണ്ടു തയ്യാറാക്കാവുന്ന ഒരു പോഷകസമൃദ്ധമായ സാലഡ് പരിചയപ്പെടുത്തുകയാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോട്ടയം ജില്ല .
ചേരുവകൾ
- മില്ലെറ്റ്- 1 കപ്പ്
- ക്യാരറ്റ്, സ്വീറ്റ് കോൺ, കുക്കുമ്പർ- 1 കപ്പ് (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി ചെറുതായി അരിഞ്ഞത്- 1 സ്പൂൺ
- നാരങ്ങാനീര്- 2 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത്- കാൽ കപ്പ്
- കുരുമുളക് പൊടി- കാൽ സ്പൂൺ
- ബദാം- 10 എണ്ണം
- മാതളം ഉതിർത്തത്- 1 പിടി
തയ്യാറാക്കുന്ന രീതി
- മില്ലെറ്റ് 6-8 മണിക്കൂർ കുതിർത്തശേഷം ഒന്നര കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കുക.
- പച്ചക്കറികൾ ആവി കയറ്റിയെടുക്കുക
- ഒരു ബൗളിൽ വേവിച്ച മില്ലെറ്റും പച്ചക്കറികളും ചേർത്തിളക്കു
- ഇതിലേക്ക് ഇഞ്ചിയും കുരുമുളകുപൊടിയും ചേർക്കുക.
- മാതളം ഉതിർത്തത്, ബദാം എന്നിവ കൂടി ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ സാലഡ് തയ്യാർ.
മുലയൂട്ടുന്ന അമ്മമാരിൽ പാലുത്പാദനം വർദ്ധിപ്പിക്കാൻ മില്ലറ്റ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഗാലക്റ്റഗോഗ് ഭക്ഷണമായാണ് മില്ലറ്റ് കരുതപ്പെടുന്നത്. 100 ശതമാനം ഗ്ലൂറ്റൻ ഫ്രീ ആണ് ഇവ. അമിനോ ആസിഡുകൾ, കാൽസ്യം, ഫൈബർ, പ്രോട്ടീൻ, ബി വിറ്റാമിനുകൾ എന്നിവയാലും സമ്പന്നമാണ് മില്ലറ്റ്.