അൽഫാമും ഗ്രിൽഡ് ചിക്കനുമൊക്കെ കഴിക്കുമ്പോൾ മയോണൈസ് കൂടി ഉണ്ടായാലേ ഭക്ഷണപ്രേമികൾക്ക് ഒരു തൃപ്തി വരൂ. മയോണൈസിന്റെ രുചിയിഷ്ടമുള്ളവർ നിരവധിയാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കോൾഡ് സോസാണ് മയോണൈസ്. മുട്ടയും വിനാഗിരിയുമൊക്കെ ചേർത്താണ് മയോണൈ ഉണ്ടാക്കുന്നത്.
ചേരുവകൾ
- സൺഫ്ളവർ ഓയിൽ- 1 കപ്പ്
- മുട്ട- 1
- കടുക് പൊടി- അര ടീസ്പൂൺ
- കുരുമുളക് പൊടി- അര ടീസ്പൂൺ
- വിനാഗിരി- 1 ടേബിൾ സ്പൂൺ
- പഞ്ചസാര-ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- മുട്ട, അര ടീസ്പൂൺ കടുക് പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. (വെളുത്തുള്ളി ചേർത്ത മയോണൈസ് ഇഷ്ടപ്പെടുന്നവർക്ക് രണ്ട് അല്ലി വെളുത്തുള്ളിയും ഇതിനൊപ്പമിട്ട് അടിച്ചെടുക്കാം.
- ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കുക.
- ഇതിലേക്ക് വിനാഗിരിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർത്ത് വീണ്ടും അടിച്ചെടുക്കുക.
- പേസ്റ്റ് കുറുകി വരുമ്പോൾ ശേഷിക്കുന്ന എണ്ണ കൂടി ഒഴിച്ച് മയോണൈസ് നന്നായി കുറുകി വരുന്നത് വരെ അടിച്ചെടുക്കുക.
ശ്രദ്ധിക്കുക
- മയോണൈസ് കുറുകി വരുന്നതിന് അനുസരിച്ച് വേണം ഘട്ടം ഘട്ടമായി എണ്ണ ഒഴിച്ചു നൽകാൻ.
- അതുപോലെ ഒലീവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ മണമുള്ള എണ്ണകൾ മയോണൈസിൽ ഉപയോഗിക്കരുത്.
Read more: ചൂട് ചിക്കൻ സമോസ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം