scorecardresearch

നെഞ്ചടി

“കാണുമ്പോൾ തോന്നില്ലേലും അല്പം നെയ് രുചിയുണ്ട് നെഞ്ചടിയ്ക്ക്. അതാണതിന്റെ രുചി കൂട്ടുന്നതും. അല്ലേലും നെയ്യില്ലേൽ എറച്ചി എന്തിനു കൊള്ളാം”

beef curry recipe, annie , iemalayalam

‘ഒരു കിലോ നെഞ്ചടി.’ വെട്ടലും നുറുക്കലും തൂക്കലും ഒച്ചപ്പാടുമായി നിന്ന കോട്ടയത്തെ ഇറച്ചിക്കട എന്റെ പെൺശബ്ദം കേട്ടതും ഒരു നിമിഷം നിശബ്ദമായി. ഞായറാഴ്ച കാലത്തേ ഇറച്ചി മേടിക്കാൻ വന്ന ചെറുക്കന്മാരും കാർന്നോന്മാരും അമ്പരപ്പോടെ ” ഇവളെന്നതാ ഈ ചോയ്ക്കുന്നേ ” എന്ന മട്ടിൽ വാ പൊളിച്ചു. എറച്ചിക്കടക്കാരന്റെ മുഖത്തു മാത്രം അത്ഭുതം വിടർന്നു. ‘ഇതാ ,ഞാൻ കാത്തിരുന്ന ഉപഭോക്താവ് ‘ എന്ന മട്ടിലുള്ള ആഹ്ളാദത്തോടെ അയാൾ നെഞ്ചടി തൂക്കിയെടുക്കാൻ തുടങ്ങി. അതിന്നിടയിൽ എന്റെ തൊട്ടടുത്ത് ബർമൂഡയിട്ട് മസിലും പെരുപ്പിച്ചു നിന്ന ചെക്കന് ഒരു കൊട്ടും കൊടുത്തു. ‘കണ്ടു പഠിക്കടാ. ഏതു കൊറുവിൽ വേണംന്ന് ചോദിച്ചപ്പോൾ നിനക്കു പറയാൻ പറ്റിയോ ?’ ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘ യു , നോ. നിങ്ങൾക്ക് അറിയില്ലേ ബീഫിന്റെ നെഞ്ചടിയാണ് ഏറ്റവും ടേസ്റ്റെന്ന് . നെഞ്ചടി എന്നു പറഞ്ഞാൽ നെഞ്ചിന്റെ അടിയിലുള്ള ഭാഗം . അതായതുത്തമാ വാരിയെല്ലിന്നിടയിലുള്ള ഇറച്ചി. കൊടും ടേസ്റ്റാണ് സഹോ. ‘വേറെ പണിയില്ലേ പെമ്പിള്ളേ നിങ്ങൾക്ക് . ഇത്രേം ആണുങ്ങള് ഇവിടെ വെട്ടുപോത്തിനെ പോലെ നിക്കുമ്പം കെട്ട്യോനേം കൂട്ടി എറച്ചി വാങ്ങാൻ വന്നേക്കുന്നു ‘ ”അതേയ് എന്തു സാധനം വാങ്ങുമ്പോഴും അതിനെക്കുറിച്ചറിഞ്ഞിരിക്കണം. എറച്ചിയായാലും അങ്ങനെത്തന്നെ.” കവറിലാക്കി നീട്ടുന്നേരം ‘കലക്കി മോളെ ‘ എന്നു അഭിനന്ദിക്കാനും അയാൾ മറന്നില്ല.

നെഞ്ചടി കുനുകുനാ നുറുക്കി മസാലയിട്ട് വേവിച്ച് വറുത്തെടുത്താൽ എന്റെ പൊന്നോ. ശരിക്കും ഒരു മായിക രുചിയാണ് നെഞ്ചടിക്ക്. ലക്ഷണമൊത്ത തുടയുടെയോ കയ്യിന്റെയോ കൊറുവിന് ഇല്ലാത്ത രുചി. നെഞ്ചിൻ കൂടിനുളളിൽ നിന്നു കൊത്തിയെടുക്കുന്നതാണ്. അതോണ്ട് തന്നെ വെട്ടിയിട്ട ഒറ്റക്കഷണത്തിന്റെ ചേലുണ്ടാവില്ല. പിച്ചി പിച്ചിയെടുത്ത മാതിരി കലപില കൂട്ടി കിടക്കും.

കാണുമ്പോൾ തോന്നില്ലേലും അല്പം നെയ് രുചിയുണ്ട് നെഞ്ചടിയ്ക്ക്. അതാണതിന്റെ രുചി കൂട്ടുന്നതും. അല്ലേലും നെയ്യില്ലേൽ എറച്ചി എന്തിനു കൊള്ളാം. പാത്രത്തിൽ വിളമ്പുമ്പോൾ മസാലയോടു കൂട്ടു ചേർന്ന നെയ് ചോറിലേക്കു കിനിഞ്ഞു വരണം. എത്ര കൊളസ്ട്രോളു വരുമെന്നു പറഞ്ഞാലും ഇടയിൽ നെയ് കഷണത്തിന്റെ മൃദുലതയിൽ കടിക്കുമ്പോൾ പരക്കുന്ന രുചിയൊന്നും വേറെയെവിടെയും കിട്ടില്ല.

beef curry recipe, annie , iemalayalam

കുട്ടിക്കാലത്തൊന്നും കേട്ടിട്ടില്ല നെഞ്ചടിയെക്കുറിച്ച്‌. ആരൊക്കെയോ നെഞ്ഞടി എന്നു പറയുന്നതോർമ്മയുണ്ട്. അത്ര തന്നെ. വിദേശത്ത് ജോലി തേടി ചേച്ചീടടുത്ത് പോയപ്പോഴാണ് നെഞ്ചടി എന്റെ രുചി ലിസ്റ്റിൽ ഇടം പിടിക്കുന്നത്. അവിടെ ചേച്ചിയും വേറൊരു ചേച്ചിയും കൂടിയാണ് വാടകയ്ക്ക് താമസിച്ചോണ്ടിരുന്നത്. ഒരു റൂമിൽ ഞാനും ചേച്ചിയും മറ്റേ റൂമിൽ സിമി ചേച്ചിയും. അടുക്കള ഒന്ന്. കാലത്തെഴുന്നേറ്റ് ഞങ്ങള് ഞങ്ങടെ ഭക്ഷണം വയ്ക്കും. പാവയ്ക്കയോ ബീൻസോ തോരൻ, മോരുകറി, മീൻ കുടംപുളിയിട്ടത്, ചിക്കൻ വറുത്തത് ഇത്യാദിയിൽ ഏതെങ്കിലും ഒന്നും തിളച്ച് ഇറക്കിവച്ച് മൂടിവച്ചാൽ വേവുന്ന പശയുള്ള ചോറുമൊക്കെയായിരുന്നു ഞങ്ങളുടെ ഭക്ഷണം. സിനി ചേച്ചി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കാലത്ത് വന്നു കേറി പകൽ മൂന്നു മണി വരെ കിടന്നുറങ്ങും .എന്നിട്ടൊരു അടുക്കളേൽ കയറലുണ്ട്. സോപ്പിനു അലർജിയായതോണ്ട് ആദ്യം തന്നെ കൈയിൽ ഗ്ലൗസിടും. കാശു കൊടുത്ത് വാങ്ങണതൊന്നുമല്ല, ജോലി ചെയ്യണ ആശുപത്രീന്ന് അടിച്ചോണ്ടു പോരണതാണ്. ഒരു മണിക്കൂറോണ്ട് വെപ്പും കഴിഞ്ഞ് പാതേമ്പറോം തൊടച്ച് ആളു കുളിക്കാൻ പോവും.

കാഞ്ഞിരപ്പള്ളി അച്ചായത്തിയായതോണ്ട് നല്ല സൊയമ്പൻ കറികള് വയ്ക്കും. ഒരു ശനിയാഴ്ച ഏതോ കടയില് പോയിട്ട് എറച്ചി വാങ്ങിക്കൊണ്ടുവന്നു. എറച്ചിക്കടേൽ പോയിട്ട് കടയിൽ പോണതു പോലും കുടുംബക്കാർക്ക് ചേർന്നതല്ല എന്ന അന്തസ്സ് കിടന്നു തിളയ്ക്കണ ഞങ്ങളുടെ മുന്നിലുടെയാണ് സിനിചേച്ചി നല്ല ഫ്രഷ് ഇറച്ചി വാങ്ങി വന്നത്. അവിടെ ചെന്നേ പിന്നെ ഞാനാദ്യമായിട്ടായിരുന്നു ഐസിടാത്ത ഇറച്ചി കാണുന്നത്. ചോരയും നീരും വറ്റി ഐസിലിട്ട് വെള്ളാമ്പിച്ചിരിക്കണ എറച്ചിക്കൊരു രുചിയുമില്ല. തേങ്ങ ചെരകണ ചെരവനാക്ക് പാതകത്തിൽ പിടിപ്പിച്ചിരിക്കുന്നതിന്നിടയിൽ കത്തി വയ്ക്കാനുള്ള ഒരു സ്ഥലോണ്ട്. അതിൽ പിടിപ്പിച്ച് സ്ക്രൂ മുറുക്കിയാൽ എറച്ചി പുല്ലരിയുന്ന വേഗത്തിൽ അരിഞ്ഞു തള്ളാം.

എറച്ചി നുറുക്കുന്നതിന്നിടയിൽ സിമി ചേച്ചി നെഞ്ചടി മാഹാത്മ്യം പറഞ്ഞു. അപ്പോ തന്നെ എന്റെ വായിൽ കപ്പലോട്ടാനുള്ള വെള്ളോം നിറഞ്ഞു. പണിയൊന്നുമാവാതെ വടക്കും തെക്കും നോക്കി സമയം കളഞ്ഞ് ബോറടിക്കുന്നോണ്ട് ഞാൻ സവാള തൊണ്ടുകളയാൻ തുടങ്ങി. പണിയിൽ സഹായിക്കണേന് പകരം ചേച്ചി പാചക കുറിപ്പു പറഞ്ഞും തരും കറി കഴിക്കാനും തരും. ഈ കറിയിൽ വെളുത്തുള്ളിയും ഇഞ്ചിയും തോനെയിടും. വെളുത്തുള്ളി തൊണ്ടു കളയാതെ ചതച്ചാണിടുന്നത്. പച്ചമുളകും അരിഞ്ഞും. ചട്ടി ചൂടായി വെളിച്ചെണ്ണയൊഴിച്ച് കഴിയുമ്പോൾ രണ്ടു നുള്ള് പെരുഞ്ചീരകം പൊട്ടിച്ചു. അരിഞ്ഞു വച്ച സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളിയെല്ലാമിട്ട് വഴറ്റി മൊളകുപൊടിയും മഞ്ഞൾപ്പൊടിയും ഇരട്ടി മല്ലിപ്പൊടിയും ഗരം മസാലയും കറിവേപ്പിലയുമിട്ട് മൂപ്പിച്ചതിലേക്ക് കഴുകി വാരി വച്ച എറച്ചിയിട്ട് ഇളക്കി.

എറച്ചിയും മീനും കഴുകിയ വെള്ളത്തിൽ മുഖം കഴുകണമെന്നൊക്കെ കാർന്നോന്മാര് പറയും. പക്ഷേ, അത്രയും തവണ കഴുകി ചോര വാറ്റിക്കളഞ്ഞാപ്പിന്നേ ചവറു രുചിയാന്നേയുള്ളൂ. ഒരു രണ്ടു പ്രാവശ്യം അത്രയും മതി. അയ്യോ നമുക്ക് സബ്ജക്റ്റിലേക്ക് തിരിച്ചു പോവാം. അപ്പോ , മസാലയും ലേശം ഉപ്പുമിട്ട് നന്നായി തിരുമ്മി അര മണിക്കൂർ വെയ്ക്കണം. ഷെഫുമാരുടെ ഭാഷയിൽ മാരിനേറ്റു ചെയ്തു വെക്കുക എന്നു പറയും.

അടച്ചു വച്ചു ഒരു ഇരുപതു മിനിറ്റു വേവിച്ചു. കുക്കറ് തുറന്നപ്പോൾ ലേശം ചാറുണ്ട്. എറച്ചി കറുകറുപ്പാവുന്നതു വരെ ഇളക്കി പറ്റിച്ചെടുത്തു. മസാലയും എണ്ണയും പിടിച്ച് മൊരിഞ്ഞ ബീഫിന്റെ മണം കൊതിപിടിപ്പിച്ചു. രുചിയുടെ വെപ്രാളം എടങ്ങേറാക്കി നിക്കുമ്പോഴാണ് ടേസ്റ്റ് നോക്കാൻ രണ്ടു കഷണം ഉള്ളം കയ്യിലിട്ടു തന്നത്. ഹൊ ആ രുചി പറഞ്ഞറിയിക്കാൻ പറ്റൂല.

ചോറുണ്ണുമ്പോൾ കറി എടുത്തോണേ എന്നു പറഞ്ഞ് സിമി ചേച്ചി കുളിക്കാൻ പോയി. അന്നു ഞാൻ കട്ടെടുത്തു തിന്ന എറച്ചിക്കഷണങ്ങളെത്ര. പിന്നീട് കാലമെത്ര പോയി. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും ജോലി കിട്ടാണ്ടായപ്പോൾ തിരികെ നാട്ടിലേക്ക് വിമാനം കയറി. ആകെ സ്വത്ത് കുറച്ചു ഇംഗ്ലീഷും എല്ലാരോടും താങ്ക്യൂ പറയാനുള്ള മനസ്സും നെഞ്ചടിയുടെ റെസിപ്പിയും പിന്നെ എന്നേം കൂടിവിദേശത്തു കൊണ്ടോവാൻ പറ്റുന്ന ഒരാളെ കല്യാണം കഴിക്കണമെന്ന ആഗ്രഹവുമായിരുന്നു.

beef curry recipe, annie , iemalayalam

വിദേശത്തു പോയിട്ട് നാട്ടിൽ ജോലിയുള്ള ഒരാളെ കിട്ടിയത് ഭാഗ്യം എന്നായിരുന്നു അമ്മയുടെ ഭാവം. എന്തായാലും കല്യാണം കഴിഞ്ഞതും കെട്ട്യോന്റെ കമ്പനി പൊളിഞ്ഞ് വേറൊരു ജില്ലയിൽ ജോലി നോക്കിപ്പോയി. കൂടും കുടുക്കയുമെടുത്ത് ഞാൻ പിന്നാലേം പോന്നു.

ആദ്യമാദ്യം കുലസ്ത്രീ ചമഞ്ഞ് പുറത്തേക്കിറങ്ങിയില്ല. ക്രിസ്ത്യാനിയോളുടെ ലംഘിക്കാത്ത ആചാരമായ ഞായറാഴ്ചകളിൽ വാങ്ങുന്ന ഇറച്ചിപ്പൊതിയിൽ പകുതി നെയ്കഷണങ്ങളും പിന്നെ ബാക്കി മൂത്ത ഇറച്ചിക്കഷണങ്ങളുമായപ്പോൾ പതുക്കെ കളത്തിലിറങ്ങി. കുലസ്ത്രീ പട്ടത്തെക്കാൾ വലുതായിരുന്നു എനിക്കു വായ്ക്കു രുചിയായി കഴിക്കാൻ പറ്റുന്ന ഭക്ഷണം.

ശാന്തനും സൗമ്യനുമായ ഭർത്താവിനെ കാണുമ്പോൾ എന്തും വെട്ടിക്കൂട്ടിയിടുന്ന പരിപാടിയങ്ങ് ആദ്യമേ നിറുത്തിച്ചു. ഏതു കൊറുവിൽ നിന്നു വേണം എങ്ങനത്തെ ഇറച്ചി വേണം, കരളിടണോ, നെയ് കഷണം എത്ര ഇടാം, അതോ എല്ലാണോ വേണ്ടത് ഇതെല്ലാം ഇറച്ചിക്കടയിൽ സൂക്ഷ്മനിരീക്ഷണം നടത്തി അഞ്ചു മിനിറ്റിനുള്ളിൽ തീരുമാനമെടുക്കും. ഇറച്ചി കണ്ടാലറിയാം അതിൻെറ പ്രായം. കുക്കറിൽ എത്ര വിസിലടിച്ചാലും വേവാത്ത ഇറച്ചിയുണ്ട്. അതെങ്ങനെ വച്ചാലും രുചിയുണ്ടാവില്ല. നല്ല രക്തചുവപ്പുള്ള കട്ടി കുറഞ്ഞ ബീഫ്. അതാണേറ്റവും രുചി. വെറുതെ ഉലർത്തി വച്ചാൽ പോലും നല്ല രുചിയാണ്. ഓരോ ആഴ്ചയും ഓർമയിലെ ഓരോ രുചി ഉരുക്കഴിക്കും.

പണ്ട് എന്റെയൊരു കൂട്ടുകാരിയുടെ വീട്ടിൽ ചെന്നപ്പോൾ അവളുടെ അപ്പൻ വറുത്തു തന്ന ഇറച്ചിയുടെ രുചിയുണ്ട്. മസാലയെല്ലാം ചേർത്ത് പകുതി വേവാക്കിയ ഇറച്ചി ഒരു അരിപ്പകയിലിൽ കോരിയെടുത്ത് എണ്ണ തിളച്ചു മറിയുന്ന ചീനച്ചട്ടിയിലേക്കിറക്കി വയ്ക്കും. ബാക്കി വേവ് എണ്ണയിലാണ്. അത് ചൂടു ചോറിലിട്ടു തന്നു. ഹൊ, എന്തൊരു രുചിയായിരുന്നു.

beef curry recipe, annie , iemalayalam

കുഞ്ഞുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഉപ്പും മുളകും മഞ്ഞളും കൂടി തിരുമ്മി വച്ച് ഒരു സ്പൂൺ വിനാഗിരിയുമൊഴിച്ച് പകുതി വേവാക്കി പിന്നീട് ചട്ടിയിൽ എണ്ണയൊഴിച്ച് വറുക്കാനിടുന്നതാണ് എന്റെ രീതി. നിറുത്താതെ ഇളക്കി കൊണ്ടിരിക്കണം’ അല്ലേൽ അടിപിടിക്കും. ചാറൊക്കെ വറ്റിക്കഴിയുമ്പോൾ ഒരു സവാള നേർമ്മയായി അരിഞ്ഞു ചേർക്കും. അത് ബ്രൗൺ നിറമാവുന്നതാണ് ഫിനിഷിങ്ങ് പോയന്റ്. ഇറക്കുന്നതിനു കുറച്ചു മുമ്പ് ഞാൻ തന്നെ വീട്ടിൽ പൊടിച്ചെടുത്ത ഗരം മസാലയും കറിവേപ്പിലയും ചേർക്കും. ഇടക്കിടെ എണ്ണയും ഒഴിച്ചു കൊടുക്കണം. ഇറച്ചി വെന്തുടയാതിരിക്കാനാണ് വേവിക്കുമ്പോൾ വിനാഗിരി ചേർക്കുന്നത്. അതും അല്പം പഞ്ചാര ചേർത്ത കുറുക്കു കാളനുമുണ്ടെങ്കിൽ പിന്നെയെന്തിനു കറികൾ വേറെ.

ഒരിക്കൽ ചേട്ടത്തിയുടെ ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ കഴിച്ചൊരു ഇറച്ചി വറുത്തതുണ്ട്. ഒരു വൈകുന്നേരം വെറുതെ പായാരം പറയാൻ ചെന്നതായിരുന്നു. ഒന്നും തരാതെ വിടാൻ ചേച്ചിക്കൊരു വിഷമം. ഫ്രിഡ്ജിലിരിക്കണ ഇറച്ചിയെടുത്ത് വെളിച്ചെണ്ണ മൂപ്പിച്ച് വറുക്കാനിട്ടു. ഡെക്കറേഷൻ ഒന്നുമില്ല. കുറച്ചു കറിവേപ്പിലയും അതിനുള്ളിൽ കിടന്നു മൊരിഞ്ഞു. അത്ര തന്നെ. നല്ല നാരങ്ങാച്ചായയും ഈ ഇറച്ചി വറുത്തതും. കിടിലൻ കോമ്പിനേഷനായിരുന്നു.

നോൺ വെജ് കഴിച്ചു കഴിഞ്ഞാൽ ഒരു ലെമൺ ടീ കുടിച്ചാൽ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. അതെനിക്ക് അടുക്കളയിലോ മുറിയിലിരുന്നോ കുടിച്ചാ പോരാ. ഹാളിലിരുന്നു തന്നെ കുടിക്കണം. ചെറു കാറ്റേറ്റ് കാലും നീട്ടി റിലാക്സായിരുന്ന് മധുരമധികമുള്ള നാരങ്ങാച്ചായ നുണഞ്ഞു കുടിക്കുന്നതെന്റെയൊരു വീക്നെസാണ്. ഓരോരോ ആചാരങ്ങൾ. അല്ലാതെന്തു പറയാൻ.

എന്റെ ഇളയ മകൻ ഫ്രൈയുടെ ആളാണെങ്കിലും കറുക്കുന്നതുവരെ വറുക്കുന്നതവനിഷ്ടമല്ല. സോഫ്റ്റായി ഇരിക്കണം. അതു കൊണ്ട് ചാറു പറ്റി എണ്ണ തെളിയുമ്പോൾ ഇത്തിരി മാറ്റിവെയ്ക്കും. അതിന്റെ കൂടെ സർളാസാണ് നല്ലത്. വേറൊരു മോന് ഷാപ്പിലെ കറികളിലെ പോലെ ഉണക്കമുളക് മുറിച്ചിട്ടതു കണ്ടാൽ സന്തോഷമാണ്. ഇറച്ചിക്കറിയിൽ കടുകു പൊട്ടിക്കുന്നതിനോട് തെല്ലും യോജിപ്പില്ല. അത് ഉപ്പുമാവിലും കാളനിലും കിടക്കട്ടെ എന്നാണവന്റെ പക്ഷം. പകരം പെരുഞ്ചീരകം പൊട്ടിച്ചാൽ ഇറച്ചി വറുത്തതിനൊരു പ്രത്യേക സുഗന്ധമാണ്. ഇനിയുമെത്ര ഇറച്ചി വിശേഷങ്ങൾ പറയാനുണ്ട്. പറഞ്ഞാലും രുചിച്ചാലും തീരാത്തവ.

അടുത്ത തവണ ത്യശൂരിലെ കായത്തോട്ടത്തിലൂടെ പോത്തോടിയ കറിയുടെ റെസിപ്പി പറയാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Kottayam special beef fry roast recipe