scorecardresearch

ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ

പാരമ്പര്യവും ഗുണമേന്മയും മുറുകെ പിടിക്കുന്ന കേക്കുകൾക്കാണ് ഇന്നും പ്രിയമേറുന്നത്. പഴമയുടെ രുചിക്കൂട്ട് കൈമുതലാക്കി ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകുന്ന അത്തരം ചില കേക്കുകളെ കുറിച്ച് അറിയാം

പാരമ്പര്യവും ഗുണമേന്മയും മുറുകെ പിടിക്കുന്ന കേക്കുകൾക്കാണ് ഇന്നും പ്രിയമേറുന്നത്. പഴമയുടെ രുചിക്കൂട്ട് കൈമുതലാക്കി ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകുന്ന അത്തരം ചില കേക്കുകളെ കുറിച്ച് അറിയാം

author-image
Bhagyalakshmi G
അപ്‌ഡേറ്റ് ചെയ്‌തു
New Update
Christmas 2025 Cakes

ഇന്ത്യയിൽ തന്നെ ആദ്യമായി കേക്ക് ബേക്ക് ചെയ്തത് കേരളത്തിലാണ് | ഫൊട്ടോ: ഫ്രീപിക്

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്താണ്? നക്ഷത്രങ്ങളും പുൽക്കൂടും കരോൾ ഗാനങ്ങളും പിന്നെ നാവിലൂറുന്ന ആ പ്ലം കേക്കിൻ്റെ രുചിയും, ഇവയില്ലാതെ ക്രിസ്മസ് പൂർണമാകില്ല.

Advertisment

വെറുമൊരു മധുരം എന്നതിലുപരി, സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും പങ്കുവെക്കലിൻ്റെയും പ്രതീകമാണ് ഓരോ കേക്കും. ഡിസംബറിലെ സുഖകരമായ തണുപ്പിൽ, കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കേക്ക് മുറിക്കുമ്പോൾ അത് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നു. 

ഈ വർഷം നിങ്ങൾ കേക്ക് കഴിക്കുമ്പോൾ ഓർക്കുക, നമ്മൾ നുണയുന്നത് 140 വർഷത്തിലധികം പഴക്കമുള്ള ഒരു വലിയ പാരമ്പര്യത്തിന്റെ മധുരം കൂടിയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി കേക്ക് ബേക്ക് ചെയ്തത് കൊച്ചു കേരളത്തിലാണെന്ന് അറിയാമോ?

1883-ൽ തലശ്ശേരി സ്വദേശിയായി മാമ്പള്ളി ബാപ്പുവാണ് ചരിത്രം രചിച്ചത്. ബ്രിട്ടീഷ് പ്ലാന്ററായ മർഡോക് ബ്രൗൺ നൽകിയ ഒരു വിദേശ കേക്കിൻ്റെ മാതൃകയിൽ, നമ്മുടെ തനതായ രുചികൾ ചേർത്ത് ബാപ്പു ഒരു പരീക്ഷണം നടത്തി. വിദേശ മദ്യത്തിന് പകരം പ്രാദേശികമായി വാറ്റിയെടുക്കുന്ന മദ്യവും, സുഗന്ധവ്യഞ്ജനങ്ങളും ചേർത്തപ്പോൾ സായിപ്പിനെപ്പോലും അമ്പരപ്പിച്ച ഒരു പുതിയ രുചി പിറന്നു. അങ്ങനെ തലശ്ശേരി കേക്കുകളുടെ നാടായി മാറി.

തലശ്ശേരിയിൽ നിന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി പാർത്തവർ തലമുറകളായി കൈമാറി വന്ന ഈ കേക്കിൻ്റെ രുചിക്കൂട്ടിൽ ചില പരീക്ഷണങ്ങളും പൊടിക്കൈകളും നടത്തിയതോടെ അതിന് ഏറെ പ്രചാരവും ലഭിച്ചു.

Also Read: ഡ്രീം കേക്ക് ഇനി സ്വപ്നം കാണേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം

എന്നാൽ ഇന്ന് തലശ്ശേരിക്കാർ മാത്രമല്ല കേക്ക് നിർമ്മാണത്തിലുള്ളത്. അതിൽ തന്നെ ഇപ്പോഴും പരമ്പരാഗത രീതികൾ പിൻതുടരുന്നവരും കുറവല്ല. പാലായിലെ ഷീല ടോമിയെ പോലെയുള്ളവരുടെ കേക്ക് നിർമ്മാണം ആരേയും അതിശയിപ്പിക്കും. ഓവൻ പോലെയുള്ള ആധുനിക സംവിധാനങ്ങൾ ലഭ്യമാണെങ്കിലും പരമ്പരാഗത രീതിയിൽ ബോർമയിലാണ് ഓരോ സീസണിലും ഷീലയുടെ കേക്ക് നിർമ്മാണം. 

Sheela Tomy
ഷീല ടോമി

"ചിരട്ട കത്തിച്ച് രണ്ട് മണിക്കൂർ കൊണ്ടാണ് ഇത് ചൂടാക്കിയെടുക്കുന്നത്. പിന്നെ അത് കോരി കളഞ്ഞ് കേക്ക് ബേക്കിംഗ് ആരംഭിക്കും. ചൂട് കൂടിപ്പോയാൽ അത് തുറന്നു വയ്ക്കാം. കുറഞ്ഞു പോയാൽ പിന്നെ വീണ്ടും ബേക്കിംഗ് താമസിക്കും. കുറച്ചു നാളുകൊണ്ട് ഇത് മനസ്സിലാക്കി അതനുസരിച്ച് എല്ലാം ചെയ്യാൻ പഠിച്ചു. ടോമി (ഷീലയുടെ ഭർത്താവ്) ഒരു തെർമോമീറ്റർ കൂടി അതിൽ പിടിപ്പിച്ചതോടെ കുറച്ചു കൂടി എളുപ്പമായി. ബേക്കിംഗ് കഴിയാൻ രണ്ട് മണിക്കൂറെടുക്കും. അങ്ങനെ നാല് മുതൽ നാലര മണിക്കൂർ വരെയാണ് ആദ്യത്തെ ബാച്ച് കേക്ക് തയ്യാറാക്കാൻ എടുക്കുന്ന സമയം. ഇങ്ങനെ ഒരു ദിവസം രണ്ട് ബേക്കിംഗ് മാത്രമേ ഇത്തരം ബോർമയിൽ നടക്കൂ. 100 കിലോ വരെ ഒരു തവണ ഇങ്ങനെ ബേയ്ക്ക് ചെയ്തെടുക്കാം. 6:30ന് തുടങ്ങിയാൽ ആദ്യത്തെ ബാച്ച് കേക്ക് ബേക്ക് ചെയ്ത് കിട്ടുമ്പോൾ 11 മണിയാകും,"എന്ന് ഷീല പറയുന്നു. 

ഷീലയുടെ ബോർമ കഥ

ഭർതൃപിതാവിൻ്റ ആവശ്യപ്രകാരം അടുത്തുള്ള ഓൾഡ് ഏജ് ഹോമിലേയ്ക്ക് വളരെ ചെറിയ അളവിൽ കേക്ക് തയ്യാറാക്കി നൽകിയതിൽ നിന്നു തുടങ്ങിയതാണ്. പിന്നീട് പലരും പറഞ്ഞറിഞ്ഞ് കേക്കിന് ആവശ്യക്കാരേറി. മദ്രാസിലുള്ള അടുത്ത ബന്ധുവിനു വേണ്ടി 30 കേക്ക് തയ്യാറാക്കി നൽകി. അതിൽ നിന്നിപ്പോൾ 3000ത്തിലധികം കേക്കിലെത്തി നിൽക്കുന്നു. 

ഓക്ടോബർ- നവംബർ മാസമാണ് കേക്ക് വിൽപന അധികമായി നടക്കുന്നതെങ്കിലും ഒരു വർഷം മുഴുവൻ അതിൻ്റെ തയ്യാറെടുപ്പുകളിലാണ് ഷീല. 

Sheela Tomy Cake Making
കേക്ക് ബാറ്റർ തയ്യാറാക്കുന്നു

"ഫ്രൂട്സ് സോക്ക് ചെയ്തും, അതിൻ്റെ മറ്റ് ചേരുവകൾ തയ്യാറാക്കുന്നതുമൊക്കെ ആയി വർഷം മുഴുവൻ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരിക്കും. കേക്കിന് ആവശ്യമായ ഫ്രൂട്സ് മാർച്ച് മാസത്തിൽ അരിഞ്ഞ് സോക്ക് ചെയ്തു വയ്ക്കും. ഒക്ടോബറിലാണ് ബേക്കിംഗ് ആരംഭിക്കുന്നത്. അത് കഴിഞ്ഞാൽ ഓർഡർ പ്രകാരം പായ്ക്ക് ചെയ്ത് ആവശ്യക്കാരിലേയ്ക്ക് കൊറിയർ വഴി കേക്ക് എത്തിക്കും.ആറ് മാസമാണ് ഇതിന്റെ ഷെൽഫ് ലൈഫ്. പായ്ക്കറ്റ് പൊട്ടിച്ചില്ലെങ്കിൽ അതിൽ കൂടുതൽ കാലം ഇരുന്നേക്കും," ഷീല പറഞ്ഞു.

റിച്ച് ഫ്രൂട്ട് കേക്ക് (₹825), സൂപ്പർ റിച്ച് കേക്ക് (₹950), എക്സ്ക്വിസിറ്റ് കേക്ക് (₹3950) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള കേക്കുകളാണ് ഷീലയുടെ ബോർമയിൽ തയ്യാറാകുന്നത്. അതിൽ തന്നെ ഏറ്റവും അധികം ആവശ്യക്കാരുള്ളത് സൂപ്പർ റിച്ച് കേക്കിനാണ്.

Sheela Tomys Exquisite Cake
എക്സ്ക്വിസിറ്റ് കേക്ക്

കൂട്ടത്തിൽ താരം എക്സ്ക്വിസിറ്റ് കേക്കാണ്. പ്രീമിയം റമ്മിലാണ് ഇതിന് ആവശ്യമായ പഴങ്ങൾ സോക്ക് ചെയ്തെടുക്കുന്നത്. പ്രിയപ്പെട്ടവർക്ക് സമ്മാനമായും മറ്റും നൽകാൻ പലരും ഇത് ഓർഡർ ചെയ്യാറുണ്ട്. ഒരു തടിപെട്ടിയിൽ പായ്ക്ക് ചെയ്തു വരുന്ന എക്സ്ക്വിസിറ്റ് കേക്ക് ആവശ്യക്കാരുടെ എണ്ണമനുസരിച്ചു മാത്രമേ തയ്യാറാക്കാറുള്ളൂ. 

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

70 വയസ്സിലും ഇത്ര കൂളായി ഒരു കേക്ക് ബിസിനസ് പ്രൗഢിയോടെ കൊണ്ടുനടക്കാൻ ഷീലയ്ക്ക് സാധിക്കുന്നത് ഒപ്പം നിൽക്കുന്നവരുടെ സഹകരണം കൊണ്ടാണ്.  "12 പേരോളം അടങ്ങുന്ന ജോലിക്കാരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ 10 മുതൽ 20 വർഷത്തോളമായി കേക്ക് നിർമാണത്തിൽ ഒപ്പം നിൽക്കുന്നവരുണ്ട്. നന്നായി സഹായിക്കുന്ന ജോലിക്കാരുള്ളതുകൊണ്ട് എനിക്ക് അധികം ബുദ്ധിമുട്ടുണ്ടാകുന്നില്ല. ഞാൻ ഒന്ന് നോക്കിയാൽ മതിയാകും." ഷീല പറയുന്നു.

കാത്തിരിപ്പിന്റെ മധുരം: തെള്ളിയാങ്കലിൻ്റെ ഗ്രാൻഡ് റിസർവ് ഓൾഡ് പ്ലം കേക്ക്

ഒരു കേക്ക് ഉണ്ടാക്കാൻ എത്ര സമയം വേണം? മണിക്കൂറുകൾ? അതോ ദിവസങ്ങളോ? എന്നാൽ തെള്ളിയാങ്കൽ ബേക്കേഴ്സിലെ 'ഗ്രാൻഡ് റിസർവ് ഓൾഡ് പ്ലം കേക്കി'ന്റെ കാര്യത്തിൽ ഉത്തരം, ഒരു വർഷം എന്നാണ്. വാഴക്കുളം എന്ന കൊച്ചുഗ്രാമത്തിൽനിന്ന് ലോകമെമ്പാടുമുള്ള കേക്ക് പ്രേമികളുടെ മനം കവർന്ന മൂന്ന് തലമുറ കൈമാറി വന്ന രുചിക്കൂട്ടാണിത്.

ഒരു വർഷം മുമ്പ് തന്നെ കേക്കിന്റെ മിക്സിങ്ങ് ആരംഭിക്കും. പഴങ്ങളും ഡ്രൈ ഫ്രൂട്ട്സുമെല്ലാം വുഡൺ ബാരലുകളിൽ സൂക്ഷിച്ച്, പരമ്പരാഗത രീതിയിൽ സോക്ക് ചെയ്തെടുക്കുന്നതാണ് ആദ്യ ഘട്ടം.

Christmas Rum Cake 2
തെള്ളിയാങ്കൽ ബേക്കറിയുടെ പഴകാല ചിത്രം | ഫൊട്ടോ: ക്രെഡ്‌മോർ മീഡിയ, കോട്ടയം

സാധാരണ കേക്കുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ബേക്കിംഗ് രീതിയും പായ്ക്കിങ്ങുമാണ്. "ട്രേയ്ക്കുള്ളിൽ വെള്ളം നിറച്ച്, അതിൽ കേക്ക് ടിൻ വെച്ച് വേവിക്കുന്ന 'ഡബിൾ ബോയിലിങ്ങ്' എന്ന യൂറോപ്യൻ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഇത് കേക്കിന് അസാധ്യമായ മൃദുത്വവും ഈർപ്പവും നൽകുന്നു." എന്ന് തെള്ളിയാങ്കൽ ബേക്കേഴ്സിൻ്റെ ഉടമ ടോണി ജോജി പറയുന്നു. യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർക്കാത്തതിനാൽ രണ്ടര മാസം വരെ ഈ കേക്ക് കേടാകാതിരിക്കും.

Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

സോഷ്യൽ മീഡിയയിലും മറ്റും വൈറലായതോടെ പലനാട്ടിൽ നിന്നും ആവശ്യക്കാർ അന്വേഷിച്ചെത്തുന്നുണ്ട്. തൊടുപുഴ-മൂവാറ്റുപുഴ റോഡിനോടു ചേർന്നുള്ള കടയിൽ നിന്നാണ് കേക്കിൻ്റെ പ്രധാന വിൽപന. "കൊച്ചിയിൽ നിന്നുപോലും ആവശ്യക്കാർ വിളിക്കുന്നുണ്ടെങ്കിലും ഡെലിവറി ബുദ്ധിമുട്ടാണ്. അതുകൊണ്ട് ദൂരെയുള്ളവർക്ക് ആമസോൺ വഴി ഒരുപരിധി വരെ ഇത് ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്" ടോണി പറയുന്നു. ക്രിസ്മസാണ് പ്രധാന സീസണെങ്കിലും ഈസ്റ്ററിനും മറ്റ് ആഘോഷങ്ങൾക്കും ചെറിയ ഓർഡറുകൾ ലഭിക്കാറുണ്ട്. 

Christmas Rum Cake 1
ഗ്രാൻഡ് റിസർവ് ഓൾഡ് പ്ലം കേക്ക് | ഫൊട്ടോ: ക്രെഡ്‌മോർ മീഡിയ, കോട്ടയം

കേക്കിന് ആവശ്യക്കാരേറിയതോടെ ചൂടപ്പം പോലെയാണ് അവ വിറ്റുപോകുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ കടയിലെ സ്റ്റോക്ക് തീരുമെന്നാണ് ടോണിയുടെ കണക്കുകൂട്ടൽ. അതോടെ 2026ലെ ക്രിസ്മസിനു വേണ്ടിയുള്ള കേക്ക് മിക്സിങ്ങ് ആരംഭിക്കും.

ഒരു വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ നാടും നഗരവും കടലും കടന്ന് ഉടമയുടെ കൈയ്യിലെത്തുന്ന ഈ കേക്കുകളുടെ രുചിയിൽ ഒത്തുചേരലിന്റെ സ്നേഹവും അടങ്ങിയിട്ടുണ്ട്. 

Read More: മൊരിഞ്ഞ കേക്ക് തലപ്പാവ് വെച്ച തൃശൂർ ക്രിസ്മസ്, കപ്പ കൊണ്ട് കിരീടംവച്ച കോട്ടയം ക്രിസ്മസ്

Christmas New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: