/indian-express-malayalam/media/media_files/uploads/2023/07/onion.jpg)
ഒരു തരം ഫംഗസാണ് സവാളയിലെ ഈ കറുപ്പുനിറത്തിനു പിന്നിൽ
നമ്മുടെ ഭക്ഷണശീലങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സവാള. അടുക്കളയിലെ നിത്യോപയോഗ വസ്തു എന്നു തന്നെ സവാളയെ വിശേഷിപ്പിക്കാം. ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് സവാള. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളെല്ലാം സവാളയിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിന്റെ വ്യാപനം തടയാനും അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നിവയിൽ നിന്നും മുക്തി നേടാനുമൊക്കെ സവാള സഹായിക്കും.
ഉള്ളി പാചകത്തിനായി തൊലി കളയുമ്പോൾ അതിൽ പൂപ്പൽ പിടിച്ചതു പോലെ കറുപ്പുനിറത്തിലുള്ള പാടുകളും വരകളും കാണാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയവും പലർക്കും കാണും. ഇത്തരത്തിലുള്ള ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പിലുമൊക്കെ പലപ്പോഴും സന്ദേശങ്ങളും പ്രചരിക്കാറുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ. കറുപ്പ് പാടുകളുള്ള ഈ സവാളകൾ ഭക്ഷ്യയോഗ്യമാണോ? ഡോ. ഡാനിഷ് സലിം വിശദീകരിക്കുന്നു.
"അസ്പെർഗിലസ് നൈഗർ എന്നൊരു ഫംഗസ് ആണ് ഇത്. ഇവ സാധാരണഗതിയിൽ അപകടകാരിയല്ല. കഴിച്ചതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകില്ല. എന്നാലും ഇത്തരം പാടുകൾ കാണുന്നുണ്ടെങ്കിൽ നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്," ഡാനിഷ് സലിം പറയുന്നു.
"സവാള ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുണ്ടോ? എന്നതാണ് മറ്റു പലർക്കുമുള്ള സംശയം. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഈർപ്പം തട്ടി ഇതുപോലെ അസ്പെർഗിലസ് നൈഗർ എന്ന ഫംഗസ് കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. കഴുകി ഉപയോഗിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ," ഡാനിഷ് സലിം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.