ദോശ ചുട്ടെടുക്കാൻ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്ന പരിപാടികളൊക്കെ സാധാരണ തലേദിവസമേ ചെയ്തുവയ്ക്കണം. എന്നാൽ അധികം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇൻസ്റ്റന്റായി തയ്യാറാക്കാവുന്ന ഒരു ദോശ റെസിപ്പി പരിചയപ്പെടാം. ഫുഡ് വ്ളോഗറായ അരുണ വിജയ് ആണ് ഈ റെസിപ്പി പരിചയപ്പെടുത്തുന്നത്.
കർണാടകയിൽ ഏറെ പ്രചാരത്തിലുള്ള ദോശ ഇനങ്ങളിൽ ഒന്നാണ് ഇത്, നീർദോശ. തുളുനാടിന്റെയും മംഗലാപുരത്തിന്റെയും രുചികരമായ ഒരു വിഭവമാണിത്. തുളു ഭാഷയിൽ നീർ എന്നാൽ വെള്ളമെന്നാണ് അർത്ഥം. മൂന്നേ മൂന്നു ചേരുവകളാണ് ഈ ദോശ തയ്യാറാക്കാൻ ആവശ്യമുള്ളത്.
ചേരുവകൾ
- പൊന്നി അരി അല്ലെങ്കിൽ സോനാ മസൂരി റോ റൈസ് – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- ഉപ്പ് – 1/2 ടീസ്പൂൺ
- വെള്ളം – 2 കപ്പ് (ഏകദേശം)
തയ്യാറാക്കുന്ന വിധം
- അരി കഴുകി 4-5 മണിക്കൂർ കുതിർത്ത് വയ്ക്കുക.
- കുതിർത്ത അരിയും തേങ്ങ ചിരകിയതും ചേർത്ത് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
- ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഏകദേശം 1 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. പാൽ പരുവമാണ് മാവിന്റെ പാകം.
- ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി എണ്ണ പുരട്ടുക. കൈ അൽപ്പം ഉയർത്തി ഉയരത്തിൽ നിന്നും വേണം പാനിലേക്ക് മാവ് ഒഴിക്കാൻ.
- നേർത്ത തീയിൽ 30 സെക്കൻഡ് മൂടിവച്ച് വേവിക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റാം.
- ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം കഴിക്കാം.
ഈ നുറുങ്ങുകൾ കൂടി ശ്രദ്ധിക്കൂ
- അരി കുറഞ്ഞത് 4 മണിക്കൂറെങ്കിലും കുതിർക്കുക
- അരക്കുമ്പോൾ അധികം വെള്ളം ചേർക്കരുത് അല്ലെങ്കിൽ അരി നന്നായി പൊടിഞ്ഞുകിട്ടില്ല.
- മാവിന്റെ സ്ഥിരത വളരെ പ്രധാനമാണ്, അത് പാലിന്റെ കട്ടിയിൽ മതി.