/indian-express-malayalam/media/media_files/2026/01/08/moringa-leaves-stir-fry-2026-01-08-13-50-52.jpg)
മുരിങ്ങിയില തോരൻ | ചിത്രം: ഫ്രീപിക്
പ്രകൃതി നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് മുരിങ്ങ. "മുരിങ്ങ നട്ടവൻ വെറുംകൈയോടെ പോകും" എന്നൊരു പഴമൊഴിയുണ്ട്. ഇതിനർത്ഥം, മുരിങ്ങയില സ്ഥിരമായി കഴിക്കുന്നവർക്ക് വാർദ്ധക്യകാലത്ത് പോലും വടി കുത്തി നടക്കേണ്ടി വരില്ല എന്നാണ്, അത്രത്തോളം എല്ലുകളും ശരീരവും ശക്തമായിരിക്കും. വിളർച്ച ഉള്ളവർക്കും ശാരീരിക തളർച്ച അനുഭവിക്കുന്നവർക്കും മുരിങ്ങയില ഒരു ദിവ്യൗഷധമാണ്. മുരിങ്ങയിലയും നിലക്കടലയും ചേർത്ത് തയ്യാറാക്കുന്ന അതീവ രുചികരവും പോഷകസമ്പുഷ്ടവുമായ തോരൻ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ. സാം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഹൃദയാരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താം, ഈ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
ചേരുവകൾ
- മുരിങ്ങയില
- നിലക്കടല (കപ്പലണ്ടി) – 1/4 കപ്പ്
- ചുവന്നുള്ളി – 10 എണ്ണം
- വെളുത്തുള്ളി – 5 അല്ലി
- വറ്റൽമുളക് അല്ലെങ്കിൽ മുളകുപൊടി – ആവശ്യത്തിന്
- കടുക്, ജീരകം – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
Also Read: കഠിനമായ വർക്കൗട്ടുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇത് ദിവസവും കഴിക്കൂ
Also Read: രക്തസമ്മർദ്ദവും വീക്കവും കുറയ്ക്കും, ദിവസവും രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു ചീനച്ചട്ടിയിൽ നിലക്കടല ചേർത്ത് മിതമായ തീയിൽ നന്നായി വറുത്തെടുക്കുക. ചൂടാറിയ ശേഷം തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് തരിതരിയായി പൊടിച്ച് മാറ്റിവെക്കാം.
- ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം എന്നിവ ചേർത്ത് പൊട്ടിക്കാം.
- ഇതിലേക്ക് നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റാം. തുടർന്ന് ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റണം.
- ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് ഇളക്കാം.
- ഇല പകുതി വെന്തുവരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം.
- ഇല നന്നായി വെന്തുകഴിഞ്ഞാൽ, നേരത്തെ പൊടിച്ചുവെച്ച നിലക്കടല പൊടിയും എരിവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കാം. എല്ലാം കൂടി ചേർന്ന് നന്നായി മൊരിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
- ഇനി ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
ഗുണങ്ങൾ
ഓറഞ്ചിലുള്ളതിനേക്കാൾ 7 ഇരട്ടി വിറ്റാമിൻ സി-യും പാലിലുള്ളതിനേക്കാൾ 4 ഇരട്ടി കാൽസ്യവും മുരിങ്ങയിലയിലുണ്ട്. ഇതിലെ ഉയർന്ന ഇരുമ്പ് സത്ത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിലക്കടല കൂടി ചേർക്കുന്നതിലൂടെ പ്രോട്ടീനും കൂടി ലഭിക്കുന്ന ഒരു പൂർണ്ണ പോഷകാഹാരമായി ഇത് മാറുന്നു. വളരുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
Read More: ഡയറ്റ് ഇനി ബുദ്ധിമുട്ടാകില്ല, ഓരോ നേരവും പോഷകസമൃദ്ധമാക്കാൻ വഴികളിതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us