പല ഇന്ത്യൻ അടുക്കളകളിലും ചട്ണി ഇല്ലാത്ത ഭക്ഷണങ്ങൾ അപൂർണമാണ്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും ആളുകൾ മധുരവും പുളിയും എരിവും ഉൾപ്പെടെ നിരവധി രുചികളിലുള്ള പലതരം ചട്ണികൾ കഴിക്കുന്നു. എന്നാൽ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ അറിയപ്പെടുന്ന കറിക്കൂട്ടുകൾ യഥാർത്ഥത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെന്ന് നിങ്ങൾക്കറിയാമോ?
പോഷകാഹാര വിദഗ്ധയായ ലവ്‌നീത് ബത്ര ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നമ്മുടെ ഭക്ഷണത്തിൽ കറിക്കൂട്ടുകളുടെ പ്രാധാന്യത്തെയും പങ്കിനെയുംകുറിച്ച് പറയുന്നു. “നിങ്ങളുടെ ഭക്ഷണത്തിൽ മസാലക്കൂട്ടുകൾ ചേർക്കുന്നത് രുചി വർധിപ്പിക്കുകയും ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു,” ബത്ര പറയുന്നു. വിപണിയിൽ ലഭ്യമായ സോസുകളും മറ്റ് മസാലകളും ശരിക്കും ആരോഗ്യകരമല്ലെന്നു അവർ പറഞ്ഞു.
”സോസുകളുടെ ഉപയോഗത്തിന് ഞാൻ എപ്പോഴും എതിരാണ്. കാരണം കടയിൽനിന്നു വാങ്ങുന്ന, പായ്ക്ക് ചെയ്ത ഇവയിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിനും, വീക്കം, അസിഡിറ്റി തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും,” അവർ പറഞ്ഞു. സോസിനു പകരം ആരോഗ്യഗുണങ്ങൾ ഏറെയുള്ള പുതിന ചട്ണി ഉപയോഗിക്കാൻ ബത്ര നിർദേശിച്ചു. പുതിനയില, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പുതിന ചട്ണിയുടെ ഗുണങ്ങളും അവർ പങ്കുവച്ചു.
ദഹനക്കേട് ഒഴിവാക്കാൻ സഹായിക്കുന്നു. പുതിനയിൽ (മിന്റ്) ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഏറെ സഹായിക്കുന്നു. ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനനാളത്തിലേക്ക് പിത്തരസം ലവണങ്ങളുടെയും ആസിഡുകളുടെയും സ്രവണം സജീവമാക്കുന്നു. ഇത് ആമാശയത്തിലെ സുഗമമായ പേശികളിൽ പ്രവർത്തിക്കുകയും ദഹനക്കേട് മൂലമുണ്ടാകുന്ന ഗ്യാസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചർമ്മ പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നു. പുതിനയിലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സാലിസിലിക് ആസിഡ്. മുഖക്കുരു, പാടുകൾ എന്നിവയെ ചെറുക്കുന്നു.
പുതിനയുടെ ആൻറിന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയറിലെ ഏതെങ്കിലും വീക്കം ഉണ്ടെങ്കിൽ അത് കുറയാൻ സഹായിക്കുന്നു.
മല്ലിയിലയും പുതിനയിലയും ദഹനത്തെ സഹായിക്കുമെന്ന് (എംവൈ22ബിഎംഐ) MY22BMIയുടെ സ്ഥാപകയായ ഹെൽത്ത് കോച്ച് പ്രീതി ത്യാഗി പറഞ്ഞു. “അവ കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു,” ത്യാഗി പറഞ്ഞു.
ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. നാരങ്ങ നീര്, നെല്ലിക്ക, അല്ലെങ്കിൽ പച്ച മാങ്ങ എന്നിവ അടങ്ങിയിരിക്കുന്ന ചട്ണി വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. മാത്രമല്ല ഇത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ചട്ണി ശരീരത്തിലെ വീക്കം ഇല്ലാതാക്കാൻ സഹായിക്കുകയും കൂടുതൽ ആരോഗ്യകരവും ഉള്ളിൽനിന്നു ശക്തി നൽകുകയും ചെയ്യുന്നു.
ഓക്കാനം ഒഴിവാക്കാനും നെഞ്ചെരിച്ചിൽ കുറയ്ക്കാനും പുതിനയില സഹായിക്കുന്നു. “ഈ ചട്ണിയിൽ ഉപയോഗിക്കുന്ന പച്ചിലകൾ വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വായ്നാറ്റം ഇല്ലാതാക്കുന്നതിനും മികച്ചതാണ്,” ത്യാഗി പറഞ്ഞു.