പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പുഴുങ്ങിയോ ചിക്കിയോ കറി വെച്ചോ ഓംലെറ്റ് അടിച്ചോ ഒക്കെ കഴിച്ചാലും മുട്ടയുടെ പോഷകഗുണം കുറയുന്നില്ലെന്നതാണ് മുട്ടയെ കൂടുതൽ സ്വീകാര്യമാക്കുന്ന ഒരു ഘടകം. ഓരോ മുട്ടയിലും ഏതാണ്ട് 78 കലോറിയും 7 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഒപ്പം ഇരുമ്പും നിരവധി ധാതുക്കളും വിറ്റാമിനുകളും.
മുട്ട എത്രനാൾ വരെ കേടു കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് നിങ്ങൾക്കറിയാമോ? ഇതാ, മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
- പുതിയ മുട്ടയാണെങ്കിൽ നാലാഴ്ചവരെ കേടില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാല്‍ മുട്ട പൊട്ടിച്ചത് രണ്ട് ദിവസം മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാന്‍ പാടുള്ളൂ. പുഴുങ്ങിയ മുട്ട ഒരാഴ്ച വരെ സൂക്ഷിക്കാം.
- മുട്ട ഒരിക്കലും കഴുകി സൂക്ഷിക്കാതിരിക്കുക. ഇര്‍പ്പം തട്ടിയാല്‍ കേടുവരാന്‍ സാധ്യത കൂടുതലാണ്.
- നനവുള്ള മുട്ടകൾ തുണി ഉപയോഗിച്ച് തുടച്ചെടുത്ത് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ
- മുട്ടയുടെ പുറത്ത് എണ്ണ തേച്ചു സൂക്ഷിച്ചാല്‍ 5-6 ആഴ്ച്ചവരെ കേടുവരാതെയിരിക്കും.
- പാകം ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഫ്രിഡ്ജിൽ നിന്നു വെളിയിൽ എടുക്കുന്നതാണു നല്ലത്.
- സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാൾ നന്നായി അടിച്ച് പതിപ്പിക്കുവാൻ സാധിക്കും.
മുട്ട പുഴുങ്ങാൻ എടുക്കുമ്പോഴും ചില കാര്യങ്ങൾ സൂക്ഷിക്കാനുണ്ട്. ഫ്രിഡ്ജിൽ നിന്നും എടുത്ത തണുത്ത മുട്ട അതേപടി ഉപയോഗിക്കാതെ മീതെ അല്പം ചൂട് വെള്ളം വീഴ്ത്തിയശേഷം പാകം ചെയ്യുക. മുട്ട പുഴുങ്ങാൻ എടുക്കുമ്പോഴും പച്ചവെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ തീ കുറച്ച് പത്തു മിനിറ്റു കൂടി അടുപ്പത്ത് വച്ചശേഷം വാങ്ങി വെള്ളം ഊറ്റി കളഞ്ഞ് പച്ചവെള്ളത്തിലിടുക. ശേഷം തോട് നീക്കം ചെയ്യുക.