നന്നായി ക്ഷീണിച്ചിരിക്കുമ്പോൾ ഒരു കിടിലൻ പാൽച്ചായ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഇതാ, പാലോ പാൽപ്പൊടിയോ ചേർക്കാതെ പണ്ട് കാലത്ത് ആളുകൾ തയ്യാറാക്കിയിരുന്ന രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചായയുടെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുട്ടചായ എന്നും ഇതിനെ വിളിക്കാറുണ്ട്.
ചേരുവകൾ
- വെള്ളം- രണ്ട് ഗ്ലാസ്
- ഏലം പൊടിച്ചത്- 3 എണ്ണം
- ചായപ്പൊടി- 2 ടേബിൾ സ്പൂൺ
- പഞ്ചസാര- 2 ടേബിൾ സ്പൂൺ
- മുട്ട- 1
തയ്യാറാക്കുന്ന വിധം
- ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോൾ പൊടിച്ചുവെച്ച ഏലപ്പൊടി ചേർക്കുക. ശേഷം ചായപ്പൊടി ചേർത്ത് തിളപ്പിക്കുക.
- ഒരു മുട്ട പൊട്ടിച്ച് എടുത്ത് ഫോർക്ക് ഉപയോഗിച്ച് ഒരു മിനിറ്റ് നേരം നന്നായി ബീറ്റ് ചെയ്തെടുക്കുക.
- തിളച്ചുകൊണ്ടിരിക്കുന്ന ചായ അരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക.
- ഇതിലേക്ക് ഉടനെ തന്നെ ബീറ്റ് ചെയ്ത് വച്ച മുട്ട ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. മുട്ട ബീറ്റ് ചെയ്ത് കഴിഞ്ഞാൽ അധികനേരം വെയ്ക്കാതെ ഉടനടി തന്നെ ചായയുമായി മിക്സ് ചെയ്യണം. മുട്ടയുടെ സ്മെൽ ഒന്നും ഉണ്ടാവില്ല എന്നതാണ് ഈ ചായയുടെ പ്രത്യേകത.