വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്.അതിൽ അവൽ വിളയിച്ചതിനോട് ഒരു പ്രത്യേക പ്രിയവുമുണ്ട്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിയേറിയ വിഭവമായതു കൊണ്ടാകാം മലയാളികളുടെ സ്‌നാക്‌സ് ഇനത്തിൽ അവലിനു മുൻതൂക്കം. എന്നാൽ സ്ഥിരം കഴിക്കുന്ന അവൽ വിളയിച്ചതിൽ നിന്നും വളരെ വ്യത്യസ്‌തമായയൊന്ന് ട്രൈ ചെയ്‌താലോ? എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്‌നാക്‌സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വേ്‌ളാഗറായ ഷാൻ ജിയോ.
ചേരുവകൾ:
- ശർക്കര പൊടിച്ചത് – 1 1/2 കപ്പ്
- വെള്ളം- 1/2 കപ്പ്
- തേങ്ങ ചിരണ്ടിയത് – 3 കപ്പ്
- ഏലയ്ക്ക പൊടിച്ചത്- 1 ടീ സ്‌പൂൺ
- അവൽ- 3 കപ്പ്
- നെയ്യ്- 2 ടേബിൾ സ്‌പൂൺ
- പൊട്ടു കടല – 1/4 കപ്പ്
- കശുവണ്ടി- 1/4 കപ്പ്
- എള്ള്- 1 ടേബിൾ സ്‌പൂൺ
പാകം ചെയ്യുന്ന വിധം:
- ശർക്കരയിൽ വെള്ളമൊഴിച്ച് ചൂടാക്കിയെടുക്കുക. തുടർച്ചയായി ഇളക്കി ശർക്കര നല്ലവണ്ണം ലയിപ്പിക്കുകയും വേണം.
- ഇതു തിളച്ചു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്.
- ശർക്കര പാനി വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതു ചേർത്ത് ഡ്രൈയാകുന്നതു വരെ ഇളക്കി കൊടുക്കാം.
- മൂന്നു മിനിറ്റുകൾക്കു ശേഷം ഏലയ്‌ക്ക പൊടിച്ചത്, അവൽ എന്നിവ ചേർത്തു മിക്‌സ് ചെയ്യുക.
- ശേഷം പൊട്ടു കടല, കശുവണ്ടി, എള്ള് എന്നിവ നെയ്യിൽ വറുത്തെടുത്ത് അവലിലേക്ക് ചേർക്കാം.
ഇങ്ങനെ വിളയിച്ചെടുക്കുന്ന അവൽ വായു കയറാത്ത പാത്രത്തിൽ നിറച്ച് സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.