ഭക്ഷണം കഴിയുമ്പോൾ ചില ആളുകൾക്ക് അച്ചാർ നിർബന്ധമാണ്. മാങ്ങ, നാരങ്ങ, വെളുത്തുള്ളി എന്നീ അച്ചാറാണ് പലരും കൂടുതലായി തിരഞ്ഞെടുക്കാറുള്ളത്. നാരങ്ങ തന്നെ പല വിധത്തിൽ ഉണ്ടാക്കാറുണ്ട്. ഒന്നു വെറൈറ്റിയായി വറുത്ത നാരങ്ങാ അച്ചാർ ഉണ്ടാക്കിയാലോ? രുചികരമായ ഈ വിഭവം പരിചയപ്പെടുത്തുകയാണ് ബ്ളോഗറായ സ്മിത വിനോദ്.
ചേരുവകൾ:
- നാരങ്ങ – 4 എണ്ണം
- ഉണക്ക മുളക് – 24 എണ്ണം
- ഉലുവ – 1/4 ടീ സ്പൂൺ
- കായം – ആവശ്യത്തിന്
- എള്ളെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
- നാരങ്ങ നല്ലവണ്ണം കഴുകിയ ശേഷം കോട്ടൻ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക
- പപ്പടം കുത്തി പോലുള്ളവ കൊണ്ട് നാരങ്ങയിൽ ചെറിയ തുളകളിട്ടു കൊടുക്കാം
- ശേഷം നാരങ്ങ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കാവുന്നതാണ്. ഇവ ചൂടാറി കഴിഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം
- ഉണക്ക മുളക്, ഉലുവ, കായം എന്നിവ വറുത്ത ശേഷം അരച്ചെടുക്കുക
- എള്ളെണ്ണ ചൂടായ ശേഷം നാരങ്ങ, അരച്ച കൂട്ട് എന്നിവയിലേക്ക് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കാം.