വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്. അതിൽ തന്നെ ഒഴിച്ചു നിർത്താനാകാത്ത കുറച്ചധികം പലഹാരങ്ങളുമുണ്ട്. സമൂസ, ഉഴുന്നുവട, പരിപ്പുവട അങ്ങനെ അനവധി പലഹാരങ്ങളാണ് മലയാളികളുടെ സ്നാക്ക്സ് ലിസ്റ്റിലുള്ളത്. ഇതിൽ തന്നെ ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട പലഹാരമാണ് മസാല ബോണ്ട. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരം പരിചയപ്പെട്ടുത്തുകയാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോ.
ചേരുവകൾ: (ഫില്ലിങ്ങ് തയാറാക്കാൻ )
- ഉരുളക്കിഴങ്ങ് – 3 എണ്ണം
- എണ്ണ – 2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1/2 ടീ സ്പൂൺ
- സവാള – 1 എണ്ണം
- ഇഞ്ചി – 1 ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 1 പിടി
- ഉപ്പ് – 1 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- മുളകുപൊടി – 1/2 ടീ സ്പൂൺ
- മല്ലിയില – 2 ടേബിൾസ്പൂൺ
(മാവ് തയാറാക്കാൻ)
- കടലമാവ് – 1 കപ്പ്
- മൈദ – 2 ടേബിൾസ്പൂൺ
- മുളകുപൊടി – 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- കായം പൊടി – 1 നുള്ള്
- ബേക്കിംഗ് പൗഡർ – 1/2 ടീ സ്പൂൺ
- ഉപ്പ് – 1/2 ടീ സ്പൂൺ
- വെള്ളം
- എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
- ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുത്ത് വേവിച്ചെടുക്കുക.
- ശേഷം ഇത് നല്ലവണ്ണം ഉടച്ചെടുക്കാം.
- ബോണ്ടയ്ക്കുള്ളിലെ ഫില്ലിങ്ങ് തയാറാക്കാനായി ആദ്യം ചീനചട്ടിയിൽ എണ്ണ ചൂടാക്കുക
- ഇതിലേക്ക് പെരുഞ്ചീകം, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില,ഉപ്പ് എന്നിവ വഴറ്റിയെടുക്കാം
- ബ്രൗൺ നിറമാകുന്നതിനു മുൻപ് തന്നെ മഞ്ഞൾ പൊടി, മുളകു പൊടി എന്നിവ ചേർക്കുക
- ഉരുളക്കിഴങ്ങും മല്ലിയിലയും വഴറ്റിയെടുത്ത കൂട്ടിലേക്ക് ചേർത്ത് ബോണ്ടയുടെ അകത്തു നിറയ്ക്കാനുള്ള കൂട്ട് തയാറാക്കാം.
മാവ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം:
- കടലമാവിലേക്ക് മൈദ, അരിപ്പൊടി,മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ബേക്കിങ്ങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം മിക്‌സ് ചെയ്യാം.
- ശേഷം വെള്ളം ആവശ്യത്തിനനുസരിച്ച് ചേർത്ത് മാവ് രൂപത്തിലാക്കുക.
ബോണ്ട തയാറാക്കുന്ന വിധം:
- നേരത്തെ ഉണ്ടാക്കിയ മസാല, ചെറിയ ഉരുളകളാക്കുക
- ഇവ മാവിൽ മുക്കി പൊരിച്ചെടുക്കാവുന്നതാണ്.