വീട്ടിൽ പാചകം ചെയ്യുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് തേങ്ങ. കറികളിൽ മാത്രമല്ല പലഹാരം തയാറാക്കുന്നതിനും തേങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ പലർക്കും തേങ്ങ ചിരകുക എന്ന പണിയോട് താത്പര്യ കുറവാണ്. ഒന്നുകിൽ മടി തോന്നും അല്ലെങ്കിൽ വേദന കൊണ്ട് ചിലർ അതു ചെയ്യാതിരിക്കും. ഭക്ഷണത്തിനു കൂടുതൽ രുചി നൽകുന്ന ഈ പദാർത്ഥം ചിരകിയെടുക്കാൻ മടിയായതു കൊണ്ട് മാത്രം വിഭവങ്ങളിൽ ചേർക്കാതിരിക്കുന്നു. ഇതിനുള്ള പ്രതിവിധി പറയുകയാണ് വ്ളോഗറായ അൻസി.
ചിരവ ഉപയോഗിക്കാതെ എങ്ങനെ തേങ്ങ എളുപ്പത്തിൽ ചിരകിയതു പോലെയാക്കാമെന്ന് പറയുകയാണ് അൻസി. ആദ്യം തേങ്ങ പൊട്ടിച്ച് മുറികളാക്കിയെടുക്കാം. ശേഷം ഫ്രീസറിൽ വച്ച് തണുപ്പിക്കാം. നല്ലവണ്ണം തണുത്ത ശേഷം ചിരട്ടയിൽ നിന്ന് തേങ്ങ മാത്രമായി മുറിച്ചെടുക്കാവുന്നതാണ്. തേങ്ങാ പൂള് കട്ടി കുറഞ്ഞ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം. വായു കയറാത്ത കണ്ടെയ്‌നറിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.
തേങ്ങയിൽ ഉപ്പിട്ട് ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നാൾ കേടു കൂടാതെ സൂക്ഷിക്കാം. മാത്രമല്ല ഇഡ്ഡലി പാത്രത്തിൽ വച്ച് തേങ്ങ മുറി ആവിക്കേറ്റിയെടുത്താൽ തേങ്ങയും ചിരട്ടും എളുപ്പത്തിൽ വേർതിരിച്ചെടുക്കാവുന്നതാണ്.