പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ഏതു സമയത്തായാലും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വിഭവമാണിത്. പെട്ടെന്ന് ഉണ്ടാക്കാം എന്നതു മാത്രമല്ല, ആരോഗ്യ ഗുണങ്ങൾ ഏറെയാണെന്നതും മുട്ടയെ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാക്കി മാറ്റുന്നു. ഓരോ മുട്ടയിലും ഏതാണ്ട് 78 കലോറിയും 7 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനും അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്.
മുട്ടയിലെ പ്രോട്ടീൻ കൃത്യമായി ആഗിരണം ചെയ്യപ്പെടണമെങ്കിൽ, അതു പാകം ചെയ്യുന്ന സമയത്തും അൽപ്പം ശ്രദ്ധയാവശ്യമാണ്. പ്രോട്ടീനു വേണ്ടി മുട്ട കഴിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? മുട്ട ഏതു രൂപത്തിലാണ് കഴിക്കേണ്ടത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഡോ. സഫിയ മൂസ.
“മുട്ട നമുക്ക് പല രീതിയിൽ കഴിക്കാൻ പറ്റും. എന്നാൽ താഴെ പറയുന്ന മൂന്നു രീതികളിൽ കഴിക്കുമ്പോഴാണ് മുട്ടയിലെ പ്രോട്ടീൻ ശരിയായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുക. അതിൽ പ്രധാനം പുഴുങ്ങിയ മുട്ട കഴിക്കുക എന്നതു തന്നെയാണ്. എന്നാൽ മുട്ട പുഴുങ്ങിയെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 5 മിനിറ്റ് മുതൽ 7 മിനിറ്റ് വരെയേ മുട്ട വേവിക്കാവൂ, അതിൽ കൂടുതൽ വേവിക്കുമ്പോൾ മുട്ടയിലെ പ്രോട്ടീന്റെ ഘടനയിൽ വ്യത്യാസം വരികയും ബയോ അവൈലിബിറ്റി കുറയുകയും ചെയ്യും. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹനസമയത്ത് കുടലിൽ നിന്നും ശരീരം ആഗിരണം ചെയ്യുന്ന പ്രക്രിയയെ ആണ് ബയോ അവൈലിബിറ്റി എന്നു പറയുന്നത്. അമിതമായി വേവിക്കുമ്പോൾ മുട്ടയിലെ പ്രോട്ടീന്റെ ആകൃതി നഷ്ടപ്പെടുകയും ആഗിരണം ചെയ്യൽ ബുദ്ധിമുട്ടേറിയ പ്രക്രിയയാവുകയും ചെയ്യുന്നു. അതുമാത്രമല്ല, അമിതമായി വേവിക്കുമ്പോൾ മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ 17 മുതൽ 20 ശതമാനം വരെ നഷ്ടപ്പെടുന്നുവെന്നും ചില പഠനങ്ങൾ പറയുന്നു. ചില ആന്റി ഓക്സിഡന്റുകളും ഇതുവഴി നഷ്ടമാവും,” ഡോ. സഫിയ മൂസ പറയുന്നു.

രണ്ടാമത്തെ വഴി, മുട്ട ബുൾസൈ ആയി കഴിക്കുക എന്നതാണ്. ബുൾസൈ ചെയ്യുന്ന സമയത്ത് ഒലീവ് എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ മുട്ടയുടെ പോഷകഗുണം കൂടും.
മൂന്നാമത്തേതും ഏറ്റവും ആരോഗ്യകരവുമായ രീതി പോച്ച് എഗ്ഗ് കഴിക്കുക എന്നതാണ്. വെള്ളം നന്നായി തിളപ്പിച്ച് അതിലേക്ക് മുട്ട ഒഴിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പോച്ച് എഗ്ഗ്. അൽപ്പം പോലും എണ്ണ തൊടാതെ തന്നെ തയ്യാറാക്കാം എന്നതാണ് പോച്ച് എഗ്ഗിന്റെ ഗുണം.