ചോക്ലേറ്റ് ഇഷ്‌ടമല്ലാത്തവർ ചുരുക്കമായിരിക്കും. ഈ ചോക്ലേറ്റ് ഡേയിൽ തങ്ങളുടെ പ്രിയനോ പ്രിയതമയോ ഒരു ചോക്ലേറ്റ് സമ്മാനമായി തന്നാൽ ഇനി ഡയറ്റിനെ ഭയക്കാതെ ധൈര്യമായി കഴിക്കാം. കാരണം ചോക്ലേറ്റിനും ആരോഗ്യപരമായ പല ഗുണങ്ങളുണ്ട്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് ചോക്ലേറ്റിന്റെ ഗുണഗണങ്ങൾ.

ശരീരഭാരം കുറയ്‌ക്കാൻ: തടി കൂടും എന്ന ഭയംകൊണ്ട് ചോക്ലേറ്റ് ഉപേക്ഷിക്കുകയാണെങ്കിൽ ഇനി പേടിക്കേണ്ട. ഡാർക്ക് ചോക്ലേറ്റുകൾ കഴിച്ചാൽ ശരീരഭാരം ഒരു പരിധി വരെ കുറയ്‍‌ക്കാനാകും. ഇതെങ്ങനെയെന്നല്ല? ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീര ഭാരം കുറയാൻ ഇടയാക്കും. കൂടാതെ ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്.

പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, ഡാർക്ക് ചോക്ലേറ്റ് കഴിക്കുകയാണെങ്കിലും അധികമാവരുത്. ചെറിയൊരു ഭാഗം മാത്രമേ കഴിക്കാവൂ. അല്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുകയെന്ന കാര്യം ഓർമയുണ്ടാകണം. ഒന്നും കഴിക്കാൻ കഴിയാത്തതിലും നല്ലതല്ലേ കുറച്ചെങ്കിലും കഴിക്കാൻ സാധിക്കുന്നത്.

പ്രമേഹം കുറയ്‌ക്കാൻ: പ്രമേഹത്തെ പേടിച്ച് ചോക്ലേറ്റിനോട് നോ പറയുകയാണെങ്കിൽ ഇനി അതേപ്പറ്റി ചിന്തിക്കുകയേ വേണ്ട. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു.

സമ്മർദം കുറയ്‌ക്കാൻ: ചോക്ലേറ്റ് കഴിച്ചുകൊണ്ടിരിക്കുന്ന ആരെയെങ്കിലും വിഷമിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ കാണാത്തതിനു കാരണം ഡാർക്ക് ചോക്ലേറ്റിന് സമ്മർദം കുറയ്‌ക്കാനുളള​ കഴിവുളളതുകൊണ്ടാണ്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ് എന്നും കഴിക്കുന്നത് ഉപകരിക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ബുദ്ധിശക്തി വർദ്ധിക്കാൻ: ഓർമയും ബുദ്ധിയും കൂടാനും ചോക്ലേറ്റ് നല്ലതാണെങ്കിലോ! തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

സുന്ദര ചർമത്തിന്: ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോയ്‌ഡുകൾ ചർമത്തിന് നല്ലതാണെന്നാണ് കണ്ടെത്തൽ. സൂര്യനിൽ നിന്നും വരുന്ന യുവി രശ്‌മികളിൽ നിന്നും സംരക്ഷിക്കാൻ ഇവ സഹായിക്കുമത്രേ. രക്തയോട്ടം കൂട്ടാൻ സഹായിക്കുന്ന ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന് തിളക്കവും നൽകുന്നു. ഇനി ധൈര്യമായി ചോക്ലേറ്റുകൾ കഴിച്ചോളൂ..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook