ഒരു പറ്റം കറികൾ എളുപ്പത്തിൽ തയ്യാറാക്കാൻ ഒരേയൊരു രഹസ്യക്കൂട്ട് മതി, അതാണ് ഗസ്സി മസോലു. പേരു കേൾക്കുമ്പോൾ അൽപ്പം കൗതുകത്തോടെ ഇതെന്താണ് സംഭവമെന്ന് സംശയിച്ചേക്കാം. കൊങ്കിണി സമുദായക്കാർക്കിടയിൽ ഏറെ സുപരിചിതമായ, പാചകം എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു രുചിക്കൂട്ടാണിത്. മലയാളത്തിൽ പറഞ്ഞാൽ തീയൽ മസാല. രുചികരമായ കൊങ്കിണി വിഭവങ്ങളിൽ പലതിലും ഗസ്സി മസോലു സുലഭമായി ഉപയോഗിക്കുന്നു.
പൊതുവെ തീയൽ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. കൊങ്കിണി വിഭവങ്ങളിലും തീയൽ പ്രധാനമാണ്. കൊങ്കിണികളുടെ വിശേഷാവസരങ്ങളിലെ ഭക്ഷണ മെനുവിൽ തീയൽ ഒഴിച്ചുകൂടാനാവില്ല. പല തരത്തിലുള്ള തീയലുകൾ ഉണ്ടെങ്കിലും പരിപ്പും ഉരുളക്കിഴങ്ങുമിട്ടുള്ള തീയലാണ് കൂടുതൽ സാധാരണമായത്. ബീൻസ്, ഇടിച്ചക്ക എന്നിവ കൊണ്ടും തീയൽ ഉണ്ടാക്കാറുണ്ട്.
അടുക്കള ജോലികൾ എളുപ്പമാക്കാൻ മുത്തശ്ശിമാർ കണ്ടെത്തിയ ഒരു രഹസ്യകറികൂട്ടാണ് ഗസ്സി മസോലു. മുൻകൂട്ടി ഗസ്സി മസോലു ഒരുക്കി വച്ചാൽ എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ ഒരു തീയൽ ഒരുക്കാനാവും. ഫ്രിഡ്ജ് ഒന്നും അത്ര പ്രചാരമില്ലാത്ത സമയത്ത് മുത്തശ്ശിമാരൊക്കെ ഗസ്സി മസോലു ഉണ്ടാക്കി കുപ്പി ഭരണികളിലായി സൂക്ഷിച്ചുവയ്ക്കുമായിരുന്നു പതിവ്. നാലാഴ്ച വരെയൊക്കെ ഈ മസാല മിക്സ് സൂക്ഷിച്ചുവയ്ക്കാനാവും. തീയലിനു മാത്രമല്ല, മറ്റു പല മസാലകറികൾക്കും ഗസ്സി മസോലു ഉപയോഗിക്കാറുണ്ട്.
തനിയെ ജീവിക്കുന്നവർക്കൊക്കെ ഏറെ ആശ്വാസകരമാവും ഗസ്സി മസോലു. വലിയ ബുദ്ധിമുട്ടില്ലാതെ രുചികരവും വ്യത്യസ്തവുമായ കറികൾ ഉണ്ടാക്കാൻ ഈ കറിക്കൂട്ട് സഹായിക്കും. രാവിലെ ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം കഴിക്കാവുന്ന ചമ്മന്തിപ്പൊടി മുതൽ വിവിധതരം കറികളിലെ സ്വാദിഷ്ടമായ രുചിക്കൂട്ടായി മാറാൻ വരെ ഗസ്സി മസോലുവിനു കഴിയും. ഫ്രിഡ്ജിലാണ് ഗസ്സി മസോലു സൂക്ഷിച്ചുവയ്ക്കുന്നതെങ്കിൽ മാസങ്ങളോളം കേടു കൂടാതെയിരിക്കും. പല കടകളിലും ഇപ്പോൾ ഗസ്സി മസോലു റെഡിമെയ്ഡായി വാങ്ങിക്കാൻ ലഭിക്കും. പക്ഷേ വളരെയെളുപ്പത്തിൽ വീടുകളിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ ഈ കറിക്കൂട്ട്.
ഗസ്സി മസോലു (തീയൽ മസാല) തയ്യാറാക്കാനുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
- തേങ്ങ- 1 (വെള്ളം വറ്റിയതാണെങ്കിൽ നല്ലത്)
- മുളക്- 5
- മല്ലി- 1 സ്പൂൺ
- മഞ്ഞൾപ്പൊടി- 1 നുള്ള്
തയ്യാറാക്കുന്ന വിധം:
തേങ്ങ ചെറു തീയിൽ നന്നായി വറുത്തെടുക്കുക. നല്ല ബ്രൗൺ നിറമാക്കുന്നതു വരെ വറുക്കുക. നന്നായി വറുത്താൽ മാത്രമേ കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കൂ, അല്ലെങ്കിൽ വേഗം ചീത്തയായി പോവും. വറുത്തെടുത്ത തേങ്ങ മിക്സ് മിക്സിയിൽ അടിച്ചെടുക്കുമ്പോൾ എണ്ണ ഊറി വരുന്നുവെങ്കിൽ അതാണ് യഥാർത്ഥ പാകം. അരച്ചെടുത്ത ഈ മിക്സ് കുപ്പി ഭരണിയിൽ സൂക്ഷിച്ചുവയ്ക്കാം.
ആവശ്യാനുസരണം എടുത്ത് തീയലിലേക്കും മറ്റു കറികളിലേക്കും ഈ കറിക്കൂട്ട് ചേർത്തുകൊടുത്താൽ മതിയാവും. തീയലിലേക്ക് ചേർക്കുമ്പോൾ ഒപ്പം ആവശ്യത്തിന് പുളിയും ചേർക്കണം. മറ്റു കറികൾ തയ്യാറാക്കാനാണ് ഈ മിക്സ് ഉപയോഗിക്കുന്നതെങ്കിൽ ആ കറിക്കു ആവശ്യമായ മറ്റു മസാല പൊടികളും ചേർക്കാൻ മറക്കരുത്. വെള്ളരിക്ക, പട്ടാണിക്കറി, കടലക്കറി, മുരങ്ങിക്കായ കറി എന്നിവയ്ക്ക് ഒക്കെ സ്വാദു നൽകാൻ ഈ കറിക്കൂട്ടിനാവും.
ഗസ്സി മസോലു തയ്യാറാക്കി വയ്ക്കുമ്പോൾ വേറെയുമുണ്ട് ഗുണം. ഗസ്സി മസോലു കൂട്ട് മിക്സിയിൽ അടിച്ചെടുക്കുമ്പോൾ ഊറി വരുന്ന എണ്ണ, ദോശ, ഇഡ്ഡലി എന്നിവ കഴിക്കുമ്പോൾ ചമ്മന്തിപ്പൊടിയ്ക്ക് ഒപ്പം ചേർത്ത് കഴിക്കാം. ഇതേ മസാല ഉപയോഗിച്ച് ചമ്മന്തിപ്പൊടിയും തയ്യാറാക്കാനാവും. ഈ മസാലക്കൂട്ടിനൊപ്പം ഉഴുന്ന് വറുത്തുപൊടിച്ചതും മല്ലിയും പുളിയും കൂടി ചേർത്താൽ സ്വാദിഷ്ടമായ ചമ്മന്തിപ്പൊടി തയ്യാർ.