ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണം എന്താണെന്നത് വളരെ പ്രധാനമാണ്. ഓരോ ഭക്ഷണ കോമ്പിനേഷനുകളും തയ്യാറാക്കുന്നത് പോഷകാഹാരത്തിന് സഹായിക്കുന്ന തരത്തിലാണ്. ഫുഡ് തെറാപ്പിസ്റ്റ് ഡോ.റിയ ബാനർജി അങ്കോള ഇഡ്ഡലി, സാമ്പാർ, തേങ്ങാ ചട്ണി എന്നിവയുടെ കോമ്പിനേഷൻ കാണുന്നതും അങ്ങനെയാണ്.
വിശപ്പ് അധികം തോന്നുന്നില്ലെങ്കിൽ, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാ പോഷകങ്ങളും ഒരാളുടെ ഭക്ഷണത്തിൽ ശരിയായ അളവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് എങ്ങനെയെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ വ്യക്തമാക്കി.
”ഒരുപാട് ഭക്ഷണം കഴിക്കേണ്ടതില്ല, പക്ഷേ ശരിയായ കോമ്പിനേഷൻ കഴിക്കുന്നത് വളരെ പ്രധാനമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ഓർക്കണം, നിങ്ങളുടെ പാത്രത്തിലുള്ളത് ചെറിയ അളവിലുള്ള ഭക്ഷണമാണെങ്കിലും ഓരോന്നിലെയും പോഷകത്തിന്റെ അളവ് പ്രധാനമാണ്, ”അവർ പറഞ്ഞു.
”ഇന്ന് രാവിലെ എനിക്ക് അത്ര വിശപ്പില്ലായിരുന്നു, അതിനാൽ ഞാൻ രണ്ടു ഇഡ്ഡലിക്ക് പകരം ഒരെണ്ണവും, ഒരു കപ്പ് സാമ്പാറിന് പകരം പകുതിയും ചട്ണിയും എടുത്തു. എന്റെ വയർ നിറഞ്ഞു, ഉച്ചഭക്ഷണ സമയം വരെ വിശക്കില്ലെന്ന് എനിക്കറിയാം,” അവർ പറഞ്ഞു. സാമ്പാറില്ലാതെ മൂന്ന് ഇഡ്ഡലിയും ഒരു ടേബിൾസ്പൂൺ ചട്ണിയും കഴിച്ചിരുന്നെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ എനിക്ക് വിശക്കുമായിരുന്നുവെന്ന് അവർ പറഞ്ഞു.
“ഇഡ്ഡലി കഴിക്കുമ്പോൾ വലിയ അളവിൽ അരി മാത്രമേ ഉള്ളൂ, അത് കാർബോഹൈഡ്രേറ്റാണ്. ഇത് ഇൻസുലിൻ അളവ് വർധിപ്പിക്കുകയും വളരെ വേഗം നിങ്ങൾക്ക് വിശക്കുകയും ചെയ്യും. ദീർഘനേരം വിശക്കാതിരിക്കാനായി കുറച്ച് പച്ചക്കറികൾ (നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), പ്രോട്ടീനുകൾ (സാമ്പാർ), നല്ല കൊഴുപ്പുകൾ (സാമ്പാറിലും തേങ്ങ ചട്ണിയും) ചേർക്കേണ്ടതുണ്ട്, ”അവർ വ്യക്തമാക്കി.
Read More: നല്ല ഐസ് ഫ്രൂട്ട് പോലത്തെ ഇഡ്ഡലി; വൈറലായി ഇഡ്ഡലിയുടെ പുതിയ രൂപമാറ്റം