പകൽ സമയങ്ങളിൽ ധനികർക്കായും രാത്രികാലങ്ങളിൽ പാവപ്പെട്ടവർക്കു മാത്രമായും പ്രവർത്തിക്കുന്ന ഒരു ഹോട്ടലുണ്ട്. ഇവിടെയല്ല അങ്ങ് സ്‌പെയിനിലാണ് ഈ റസ്‌റ്ററന്റ്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന ബൈബിൾ വചനം തന്നെയാണ് ഈ ഹോട്ടലും പിന്തുടരുന്നത്. എന്തെന്നാൽ പാവപ്പെട്ടവരുടെ ഭക്ഷണത്തിന് പണം നൽകുന്നത് ഹോട്ടലിലെത്തുന്ന കോടീശ്വരന്മാരാണ്.

പ്രശസ്‌ത നഗരങ്ങളിലൊന്നായ മാഡ്രിഡിലാണ് ഈ ഹോട്ടലുള്ളത്. പേര് റോബിൻഹുഡ്. പകൽ സമയങ്ങളിൽ ഈ ഹോട്ടലിലെ സ്ഥിരം സന്ദർശകർ നഗരത്തിലെ കോടീശ്വരന്മാരാണ്. നല്ല ഭക്ഷണം കഴിച്ച് കൂട്ടുകൂടാനും ജോലി സമയത്തെ ഇടവേളകൾ ആഘോഷിക്കാനും ഇവർ ഈ ഹോട്ടലിലെത്താറുണ്ട്. ലോകത്തിലെ പ്രശ‌സ്‌തമായ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നുള്ളവരാണ് ഇവിടുത്തെ ജോലിക്കാർ. അതു മാത്രമല്ല ലോകത്തിലെ തന്നെ പ്രശസ്‌തരായ സെലിബ്രിറ്റി ഷെഫുമാർ ഒരാ‌ഴ്‌ചയെങ്കിലും ഒന്ന് പണിയെടുക്കണമെന്ന് ആഗ്രഹിക്കുന്ന ലോകത്തിലെ ഒരേയൊരു ഹോട്ടലും ഇതാണ്.

എന്നാൽ സമയം വൈകീട്ട് ആറാകുന്പോൾ കൈയിൽ കാശുള്ളവരെല്ലാം സ്ഥലം കാലിയാക്കിയേക്കണം. പിന്നെ അവർക്കവിടെ നിൽക്കാൻ അനുവാദമില്ല. എന്തെന്നാൽ സൂര്യനസ്‌തമിച്ച ശേഷം ഈ ഹോട്ടലിലേയ്‌ക്ക് കുറച്ച് പേർ എത്തിതുടങ്ങും. ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത സാധാരണക്കാരായവർ. നല്ല കോട്ടണിഞ്ഞ് സ്‌‌റ്റൈലോടു കൂടിയാണ് ഇവരെത്തുന്നത്. ഹോട്ടലിലുള്ളവർ വളരെ മാന്യമായി ഇവരെ സ്വീകരിക്കുന്നു. അവർക്ക് വേണ്ടത് നൽകുന്നു. ആറുമണിയ്‌ക്ക് ശേഷം ഇവിടുത്തെ രാജാക്കന്മാർ ആ സാധാരണക്കാരാണ്. ഇവിടെ പാട്ട് പാടണമെന്നുള്ളവർക്ക് പാടാം. ഫോൺ വിളിക്കണമെന്നുള്ളവർക്ക് വിളിക്കാം. ഇനി വൈഫൈ ഉപയോഗിക്കേണ്ടവർക്ക് അങ്ങനെ ചെയ്യാം. ഇതെല്ലാം മറ്റുള്ളവർക്ക് ഉപദ്രവമാവാതെ നോക്കണമെന്നു മാത്രം. രാവിലെയും ഉച്ചയ്‌ക്കും കഴിക്കാനെത്തുന്നവരുടെ ഭക്ഷണത്തിന്റെ വിലയിൽ നിന്നൊരു പങ്കുപയോഗിച്ചാണ് വൈകീട്ടെത്തുന്നവർക്ക് ഭക്ഷണം നൽകുന്നത്.

80 വയസ്സുള്ള കാത്തലിക് വൈദികൻ ഏഞ്ചൽ ഗാർഷിയ റോഡ്രിഗൂസാണ് ഈ ഹോട്ടലിന്റെ നടത്തിപ്പുകാരൻ. പാഡ്രേ ഏഞ്ചൽ എന്നാണിദ്ദേഹം പ്രിയപ്പെട്ടവർക്കിടയിൽ അറിയപ്പെടുന്നത്. വലിയവർ കഴിക്കുന്ന അതേ അന്തസ്സോടെ അതേ നിലവാരത്തിൽ പാവപ്പെട്ടവരും ഭക്ഷണം കഴിക്കുകയെന്നാണ് ഈ ഹോട്ടലിന്റെ ഫിലോസഫിയെന്ന് അദ്ദേഹം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook