ഒരിക്കലെങ്കിലും വിമാനത്തിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇതൊന്നും ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ് ആ ചിന്തകളെയൊക്കെ തള്ളിക്കളയുന്നവരുമാണ് നമ്മൾ. എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. വിമാനത്തിനകത്തിരുന്നും ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുകയാണ് ഒരു റസ്റ്ററന്റ്. കേരളത്തിലല്ല അങ്ങ് പഞ്ചാബിലാണ് ഈ റസ്റ്ററന്റ്.

എയർ ഇന്ത്യയുടെ എ320 വിമാനമാണ് റസ്റ്ററന്റാക്കി മാറ്റിയത്. പഞ്ചാബിന്റെ ഹൃദയ ഭാഗമായ ലുധിയാനയിലാണ് ഈ വിമാന റസ്റ്ററന്റുള്ളത്. പേര് ഹവൈ അഡ. വിമാനം നിർത്തിയിട്ടിരിക്കുന്നതാകട്ടെ ഫെറോസ്‌പുർ റോഡിലെ വെർക്ക മിൽക്ക് ബാറിലും. ലുധിയാനയിലെ ബിസിനസ്സുകാരനാണ് വ്യത്യസ്‌തമായ ഈ റസ്റ്ററന്റ് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. നല്ല ഭക്ഷണം കിട്ടുന്ന വെറുമൊരു റസ്റ്ററന്റ് മാത്രമല്ലിത്, സുഹൃത്തുക്കൾക്കൊപ്പമിരുന്ന് സമയം ചെലവഴിക്കാൻ ബേക്കറിയും കഫേയും നല്ലൊരു പാർട്ടി ഹാളും ഈ വിമാനത്തിലുണ്ട്.

ഈ വിമാന റസ്റ്ററന്റ് സർവീസ് ആരംഭിച്ച് ഒരു മാസമേ ആകുന്നുളളൂവെങ്കിലും ഇതിനോടകം പഞ്ചാബിൽ ഹിറ്റായി കഴിഞ്ഞു.

hawai-adda-

180 സീറ്റുകളുണ്ടായിരുന്ന വിമാനത്തിൽ നിന്ന് 65 സീറ്റുകളാക്കി കുറച്ചാണ് റസ്റ്ററന്റ് തുടങ്ങിയത്. ഡൽഹിയിൽ നിന്ന് നാലു ട്രക്കുകളിലാണ് വിമാനം പഞ്ചാബിലെത്തിച്ചത്.

ഈ വിമാന റസ്റ്ററന്റ് തുറക്കാൻ ചെറുതൊന്നുമല്ലായിരുന്നു ബുദ്ധിമുട്ട്. ഒരു വിമാനത്തെ ബിസിനസ്സ് സ്ഥാപനമാക്കുന്നത് കോർപ്പറേഷന് അത്ര സ്വീകാര്യമല്ലായിരുന്നു. പോരാത്തതിന് ഫയർ സേഫ്‌റ്റി വകുപ്പ് നോഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ പറ്റില്ലെന്നും പറഞ്ഞും രംഗത്തെത്തി. എന്നാൽ പോരാട്ടങ്ങൾക്ക് ശേഷം കോർപ്പറേഷൻ റസ്റ്ററന്റ് തുടങ്ങാനുള്ള അനുമതി നൽകിയതോടെയാണ് പഞ്ചാബിലെ ആദ്യത്തെ വിമാന റസ്റ്ററന്റെന്ന സ്വപ്‌നം യാഥാർത്ഥ്യമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ