വിശന്നു വലഞ്ഞിരിക്കയാണോ നിങ്ങൾ? കഴിക്കാൻ ഒരു കേജ്‌രിവാളായാലോ? പേരു കേട്ട് ഞെട്ടേണ്ട. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേര് മാത്രമേയുള്ളൂ. സംഗതി ഇതു വേറെയാണ്. ഈ കേജ്‌രിവാൾ ഒരു സാൻവിച്ചാണ്. ഒരിക്കൽ ടേസ്റ്റ് ചെയ്താൽ പിന്നെ ഒരിക്കലും ആ രുചി നാവിൽനിന്നും പോകാത്ത സാൻവിച്ച്. ഭക്ഷണത്തിൽ കുറച്ച് വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഇനി കേജ്‌രിവാളും ഇനി കഴിക്കാം.

നാവിൽ രുചി നിറയ്ക്കും കെജ്‌രിവാൾ

egg kejriwal, paowalla reastaurant
നല്ല പൊരിച്ച റൊട്ടിയും മുട്ടയും പിന്നെ നാവിൽ എരുവ് നിറയ്ക്കുന്ന പച്ചമുളക് ചമ്മന്തിയും കൂടി ചേർന്ന നല്ല ഒന്നാന്തരം സാൻവിച്ചാണ് നമ്മുടെ കേജ്‌രിവാൾ. കൂട്ടത്തിൽ കുറച്ച് ചേദാർ ചീസും (കട്ടി കൂടിയ ചീസ്) കൂടിയായാൽ സംഗതി കിടിലമായി. പൊരിച്ച റൊട്ടിയിൽ ചീസ് വച്ചതിന് ശേഷം ഒരു വശം പൊരിച്ചെടുത്ത മുട്ട (ബുൾസൈ) അതിൽ വയ്ക്കുക. ടേസ്റ്റ് കൂട്ടാൻ എരിവുള്ള പച്ചമുളക് ചമ്മന്തി കൂടിയായാൽ കേജ്‌രിവാൾ റെഡി.

പേരിലെ കഥ…
എഗ്ഗ് കേജ്‌രിവാളെന്നു സാൻവിച്ചിനു പേര് ലഭിച്ചതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. 1960 കളിൽ മുംബൈയിലെ തിരക്കേറിയ ക്ളബ്ബായിരുന്നു വെല്ലിങ്ൺ സ്‌പോർട്സ് ക്ളബ്ബ്. അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു ദേവി പ്രസാദ് കേജ്‌രിവാളെന്ന വ്യവസായി. നാട്ടിലെ പ്രമുഖ മാർവാടി കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ഈ മാർവാടി കുടുംബത്തിനൊരു പ്രത്യേകതയുണ്ട്. അവിടെയാരും മത്സ്യ മാംസങ്ങൾ കഴിക്കില്ല. എന്നാൽ ദേവി പ്രസാദിന് മുട്ട കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമായിരുന്നു. അതിന് അദ്ദേഹം കണ്ടെത്തിയ സ്ഥലമായിരുന്നു വെല്ലിങ്ടൺ ക്ളബ്ബ്. എല്ലാ ദിവസവും കേജ്‌രിവാൾ ഇവിടെ വരും. എന്നാൽ എപ്പോഴും ആവശ്യപ്പെട്ടിരുന്നതാവട്ടെ മുട്ടയും ചീസും റൊട്ടിയും ചേർന്ന ഒരു വിഭവവും. ക്ളബ്ബിലെത്തുന്ന മറ്റുള്ളവരും ഇതു കണ്ട് കേജ്‌രിവാളിനൊപ്പം ഈ ഐറ്റം ഓർഡർ ചെയ്ത് തുടങ്ങി. ആർക്കും ഈ വിഭവത്തിന്റെ പേരിറിയാത്തതിനാൽ അവരിതിനെ എഗ്ഗ് കേജ്‌രിവാളെന്ന് വിളിച്ചു തുടങ്ങി. ഇന്ന് വർഷങ്ങൾക്കിപ്പുറവും ആ പേര് അതുപോലെ തുടരുന്നു.

ഇന്ത്യയിൽ മാത്രമല്ല അങ്ങ് അമേരിക്കയിലുമുണ്ട് പിടി
ഇന്ത്യയിൽ മാത്രമല്ല അങ്ങ് അമേരിക്കയിലും പ്രസിദ്ധമാണ് ഈ കേജ്‌രിവാൾ. ന്യൂയോർക്കിലെ പൗവാല (PAOWALLA) റസ്റ്ററന്റിലെ പ്രധാന വിഭവമാണിത്. മുംബൈക്കാരനായ ഷെഫ് ഫ്ളോയ്ഡ് കാർഡോസാണ് ഈ വിഭവത്തെ വിദേശികൾക്ക് പരിചയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook