ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവാണ് മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിനും, ഹൃദയാരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനുമെല്ലാം മുട്ട ഗുണം ചെയ്യും. ഒരു മുട്ടയിൽ വിറ്റാമിൻ എ (6 ശതമാനം), വിറ്റാമിൻ ബി5 (7 ശതമാനം), വിറ്റാമിൻ ബി12 (9 ശതമാനം), ഫോസ്ഫറസ് (9 ശതമാനം), വിറ്റാമിൻ ബി2 (15 ശതമാനം), സെലിനിയം (22 ശതമാനം) എന്നീ അളവിൽ പോഷകമൂല്യങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ ഡോ രോഹിണി പാട്ടീൽ പറയുന്നത്. മുട്ടയെ സൂപ്പർ ഫുഡ് എന്നാണ് ഡോ. രോഹിണി വിശേഷിപ്പിക്കുന്നത്.
മുട്ട വിഭവങ്ങൾ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. ബുൾസൈ, പുഴുങ്ങിയ മുട്ട, ഓംലെറ്റ്, എഗ്ഗ് ബുർജി, മുട്ട കറി എന്നിങ്ങനെ നമുക്ക് പരിചയമുള്ള നിരവധി മുട്ട വിഭവങ്ങളുണ്ട്. ഏറെ ആരോഗ്യകരവും സ്വാദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ മുട്ട ഫ്രിറ്റാറ്റയുടെ റെസിപ്പി പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ യാസ്മിൻ കറാച്ചിവാല.
ചേരുവകൾ
- മുട്ടയുടെ വെള്ള- 3 എണ്ണം
- മധുരക്കിഴങ്ങ്- 1 കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക
- കാരറ്റ് – 1, ചെറിയ കഷ്ണങ്ങളായി മുറിക്കുക
- ചീസ്- ആവശ്യത്തിന്
- ഒലിവ് ഓയിൽ- 1 ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത്- 1 അല്ലി
- ഉപ്പ്- ഒരു നുള്ള്
- കുരുമുളക് പൊടി- 1 ടീസ്പൂൺ
- ബേസിൽ ഇലകൾ- ഗാർണിഷ് ചെയ്യാൻ
തയ്യാറാക്കുന്നവിധം
- ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക.
- ഇതിലേക്ക് ഉപ്പ്, മധുക കിഴങ്ങ്, കാരറ്റ് കഷ്ണങ്ങൾ, വെളുത്തുള്ളി എന്നിവയിട്ട് 5 മിനിറ്റ് വേവിക്കുക. മധുര കിഴങ്ങും കാരറ്റും ഒന്നു സോഫ്റ്റാവുന്നതുവരെ വേവിച്ചാൽ മതിയാവും.
- പച്ചക്കറികൾ വെള്ളത്തിൽ നിന്നെടുത്ത് മാറ്റി വെക്കുക
- ഒരു ബൗളിലേക്ക് മുട്ട വെള്ള എടുത്ത് നന്നായി പതപ്പിച്ചെടുക്കുക.
- ഒരു പാൻ എടുത്ത് ഒലീവ് ഓയിൽ ഒഴിത്ത് ചെറുതീയിൽ ചൂടാക്കുക. ഇതിലേക്ക് മുട്ട ലായനി ഒഴിച്ചുകൊടുക്കുക. മുകളിൽ വേവിച്ചുവച്ച പച്ചക്കറികൾ വിതറുക.
- രണ്ടു മിനിറ്റോളം തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. എഗ്ഗ് ഫ്രിറ്റാറ്റ റെഡി.