വീട്ടിൽ അതിഥികളൊക്കെ വരുമ്പോൾ ചായ, ജ്യൂസ്, ഷേക്ക് പോലുള്ള പതിവു പാനീയങ്ങൾ നൽകാതെ അൽപ്പം വ്യത്യസ്തമായ എന്തെങ്കിലും നൽകിയാലോ. ഇതാ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടേസ്റ്റി കൂൾ ഡ്രിങ്ക് പരിചയപ്പെടാം. പാലും കണ്ടൻസ്ഡ് മിൽക്കും മാത്രമാണ് ഈ ഡ്രിങ്ക് തയ്യാറാക്കാൻ ആവശ്യം.
തയ്യാറാക്കുന്ന വിധം:
- രണ്ടു ടീസ്പൂൺ ബ്ലാക്ക് കസ്കസ് എടുത്ത് മൂന്നു മിനിറ്റോളം വെള്ളത്തിൽ കുതിർത്തി വയ്ക്കുക.
- അര ലിറ്റർ തണുത്ത പാലും അര കപ്പ് കണ്ടൻസ്ഡ് മിൽക്കും കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
രണ്ടു ഗ്ലാസ് എടുത്ത് അതിലേക്ക് കുതിർത്തു വച്ച കസ്കസ് ചേർക്കുക. ഇതിലേക്ക് അടിച്ചെടുത്ത ഡ്രിങ്ക് ഒഴിക്കുക. മുകളിൽ തണ്ണിമത്തൻ കഷ്ണങ്ങൾ വച്ച് ഡെക്കറേറ്റ് ചെയ്ത് സെർവ്വ് ചെയ്യാം. സ്വാദിഷ്ടമായ പാനീയം തയ്യാർ.
കണ്ടൻസ്ഡ് മിൽക്കും മാമ്പഴവും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പുഡ്ഡിങ്ങ് റെസിപ്പി കൂടി പരിചയപ്പെടാം.
മാംഗോ പുഡ്ഡിംഗ്
ചേരുവകൾ
- മാംഗോ പ്യൂരി (മാമ്പഴം അരച്ചത്) – 1 കപ്പ്
- കണ്ടന്‍സ്ഡ് മില്‍ക്ക് – 1/2 കപ്പ്
- തിളപ്പിച്ച് ആറ്റിയ പാല്‍ – 400 മില്ലി
- പഞ്ചസാര – 1/4 കപ്പ്
- ചൈന ഗ്രാസ് – 10 ഗ്രാം
തയ്യാറാക്കുന്ന വിധം:
ചൈന ഗ്രാസ്സ് കുതിര്‍ത്ത് കാല്‍ കപ്പ് വെള്ളത്തില്‍ തിളപ്പിച്ചു ഉരുക്കി എടുക്കുക. പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര, മാംഗോ പ്യൂരി എന്നിവ യോജിപ്പിച്ചു വച്ചതിലേക്ക് ഉരുക്കിയ ചൈന ഗ്രാസ്സ് ചേര്‍ത്ത് ഇളക്കി ഇഷ്ടമുള്ള മോള്‍ഡില്‍ ആക്കി സെറ്റ് ചെയ്ത് എടുക്കാം.