ചിക്കൻ പെരളൻ എന്നും ചിക്കൻ പെരട്ട് എന്നുമൊക്കെ പേരുള്ള ഈ വിഭവം ചിക്കൻപ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. വളരെ എളുപ്പത്തിൽ നാടൻ ചേരുവകൾ ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന ചിക്കൻ പെരളന്റെ റെസിപ്പിയാവട്ടെ ഇന്ന്.
ചേരുവകൾ
- ചിക്കൻ- 1 കിലോ
- കറിവേപ്പില
- ഇഞ്ചി- ചെറുതായി മുറിച്ചത്
- വെളുത്തുള്ളി- 12 അല്ലി
- തേങ്ങക്കൊത്ത്- അരമുറി തേങ്ങയുടേത്
- പച്ചമുളക്- 3 എണ്ണം
- ചെറിയ ഉള്ളി- 250 ഗ്രാം
- വെളിച്ചെണ്ണ- 5 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ- ഒന്നര കഷ്ണം
- മുളക് പൊടി- 2 ടീസ്പൂൺ
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- മല്ലിപൊടി- നാല് ടീസ്പൂൺ
- കുരുമുളക് പൊടി- ഒന്നര ടീസ്പൂൺ
- ഗരം മസാല- ഒന്നര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- മഞ്ഞൾപൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ ഒന്ന് ചീനച്ചട്ടിയിൽ ചെറുതീയിൽ വറുത്തെടുക്കുക.
- വൃത്തിയാക്കിവച്ച ചിക്കനിലേക്ക് തേങ്ങകൊത്ത്, വറുത്തെടുത്ത പൊടികൾ, കുരുമുളക് പൊടി, ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ്, ഒരു പാതി ചെറുനാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെയ്ത് 30 മിനിറ്റ് വയ്ക്കുക.
- ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞുവച്ച വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് മസാല തേച്ചു പിടിപ്പിച്ച ചിക്കൻ ചേർക്കുക. നന്നായി ഇളക്കിയോജിപ്പിച്ച ശേഷം തീ കുറച്ച് പാത്രം മൂടിവച്ച് വേവിക്കുക.
- ചിക്കൻ പാത്രത്തിൽ പിടിക്കാൻ സാധ്യതയുള്ളതിനാൽ ഇടയ്ക്ക് പാത്രത്തിന്റെ അടപ്പ് തുറന്ന് നന്നായി ഇളക്കി കൊടുക്കണം.
- ചിക്കൻ വെന്തുവരുമ്പോൾ ഇതിലേക്ക് ഗരം മസാലയും കറിവേപ്പിലയും ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക. ചിക്കൻ ഇട്ട് കഴിഞ്ഞ്, ചെറു തീയിൽ ഏതാണ്ട് 30 മിനിറ്റോളം വേവിക്കുമ്പോൾ സ്വാദിഷ്ടമായ ചിക്കൻ പെരട്ട് റെഡിയായി കിട്ടും.
Read more: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്