തിരക്കേറിയ ജീവിതത്തിനിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ പലർക്കും നേരമുണ്ടാവാറില്ല. വൈറ്റമിൻ കുറവ്, ഇരുമ്പിന്റെ കുറവ്, കാത്സ്യത്തിന്റെ കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നേരിടുന്നവരാണ് ഒരു വിധം ആളുകളും. ഇക്കാരണങ്ങളാൽ ആശുപത്രി കയറിയിറങ്ങി ഗുളികകൾ വാങ്ങി കഴിക്കുന്നവരാണ് അധികവും.

എന്നാൽ കുറച്ച് മാറ്റങ്ങൾ ആഹാര ക്രമത്തിൽ വരുത്തിയാൽ ഈ മരുന്നുകളോട് ബൈ ബൈ പറയാം. കാത്സ്യവും ഇരുമ്പുകളാലും സമ്പന്നമാണ് മിക്ക പഴങ്ങളും ധാന്യങ്ങളും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തരാകാം.

കാത്സ്യവും ഇരുമ്പും കൂട്ടാനുളള ചില ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുത്തുകയാണ് പോഷകഹാര രംഗത്തെ വിദഗ്ധ സോണിയ നാരംഗ്.

ഇലകളിലും പച്ചക്കറികളിലുമാണ് ഏറ്റവും കൂടുതൽ ഇരുമ്പും കാത്സ്യവും അടങ്ങിയിരിക്കുന്നത്. പോഷകങ്ങളുടെ സ്രോതസെന്നാണ് ഇലകളെ വിശേഷിപ്പിക്കുന്നത്. അതിനാൽ ചീര പോലെയുളള ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

എളള്: കാഴ്‌ചയിൽ ചെറുതെങ്കിലും വളരെയധികം പോഷകങ്ങൾ ഉളളതാണ് എളള്. നമ്മുടെ ഭക്ഷണക്രമത്തിൽ സാലഡായോ ഏതെങ്കിലും വിഭവത്തിന്റെ കൂടെയോ എളള് ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. എളളിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

ഉണക്കമുന്തിരി: ഉണക്കമുന്തിരി കഴിക്കാത്തവരായി ആരേലുമുണ്ടോ? പായസത്തിലും ബിരിയാണിയിലുമെല്ലാം സുലഭമായി കണ്ട് വരുന്ന ഒന്നാണ് ഉണക്കമുന്തിരി. ധാരാളം ഇരുമ്പുകൾ അടങ്ങിയിരിപ്പുണ്ട് ഉണക്കമുന്തിരിയിൽ. സമീകൃതാഹാരത്തിന്റെ ഭാഗമായി ഭക്ഷണത്തിൽ ഉണക്ക മുന്തിരി ഉൾപ്പെടുത്താം.

ഉണങ്ങിയ പീച്ചിപ്പഴം: ഇരുമ്പിന്റെ അംശം കൂട്ടണമെന്നുണ്ടെങ്കിൽ കണ്ണും പൂട്ടി കഴിക്കാവുന്ന ഒന്നാണ് പീച്ചിപ്പഴം. ഇരുമ്പ് മാത്രമല്ല ധാരാളം കലോറിയും പഞ്ചസാരയും ഇതിലടങ്ങിയിട്ടുണ്ട്. ഇരുമ്പില്ലായ്‌മക്ക് എണ്ണമില്ലാതെ മരുന്നു കഴിക്കുന്നവർക്ക് ധൈര്യത്തോടെ കഴിക്കാവുന്ന ഒന്നാണ് ഈ പഴം.

ഡ്രൈയ്ഡ് ആപ്രിക്കോട്ട്സ്: ഇരുമ്പിന്റെയും പോഷകങ്ങളുടെയും വൻ സ്രോതസാണ് ആപ്രിക്കോട്ട്സ്. പാകം ചെയ്‌തും അല്ലാതെയും ആപ്രിക്കോട്ട്സ് കഴിക്കാം. എന്നാൽ ഉണങ്ങിയ ആപ്രിക്കോട്ട്സാണ് ഏറ്റവും കൂടുതൽ ഇരുമ്പ് പ്രദാനം ചെയ്യുന്നത്.

പ്ളം ജ്യൂസ്: ഇരുമ്പിന്റെ മറ്റൊരു സ്രോതസാണ് പ്ളം പഴങ്ങൾ. വിറ്റാമിൻ സിയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇടയ്‌ക്ക് പ്ളം ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook