പേരിൽ മധുരമുണ്ടെങ്കിലും നമ്മുടെ മധുരക്കിഴങ്ങ് പ്രമേഹക്കാർക്ക് പേടിയില്ലാതെ കഴിക്കാവുന്ന ഒന്നാണ്. പോഷക സമൃദ്ധമായ മധുരക്കിഴങ്ങ് പ്രമേഹക്കാരുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പ്രധാന ഇനമാണ്. മധുരക്കിഴങ്ങിന്റെ വേരുകളിലാണ് പോഷകം അടങ്ങിയിരിക്കുന്നത്. ഇത് സ്വാഭാവികമായും കിഴങ്ങിനുമുണ്ട്.

അമേരിക്കൻ ഡയബറ്റീസ് അസോസിയേഷനാണ് മധുരക്കിഴങ്ങ് പ്രമേഹക്കാർക്ക് ഉത്തമമാണെന്ന പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ലാറ്റിൻ അമേരിക്കയിലാണ് ഈ കിഴങ്ങിന്റെ ഉത്ഭവമെങ്കിലും ഏഷ്യയിലാണ് ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ഫൈബറും അന്നജവും ധാരാളമുളള​ മധുരക്കിഴങ്ങിൽ കാർബോ ഹൈഡ്രേറ്റുകളുടെ സ്വഭാവം ഉരുളക്കിഴങ്ങിൽ നിന്നും തീർത്തും വ്യത്യസ്‌തമാണ്.

മധുരക്കിഴങ്ങിലുളള ഉയർന്ന ഫൈബറിന്റെ അംശം ഗ്ലൈസെമിക് ഇൻഡക്‌സ് 44 ആക്കി കുറയാൻ സഹായിക്കുന്നതാണ്. ഇതാണ് പ്രമേഹക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിൽ മധുരക്കിഴങ്ങിനെ ഒരു കാർബോഹൈഡ്രേറ്റ് ഉറവിടമാകുവാനും സഹായിക്കുന്നത്.

സാധാരണയായി നമ്മൾ പുഴുങ്ങിയെടുക്കുന്ന പോലെ മധുരക്കിഴങ്ങ് കഴിച്ചാൽ പ്രമേഹം ഉളളവർക്ക് ഒരുപക്ഷേ ഇത് വിപരീത ഫലം ഉണ്ടാക്കിയെന്നിരിക്കും. മധുരക്കിഴങ്ങിന്റെ തൊലി കളയാതെ നന്നായി കഴുകി എണ്ണയിൽ വറുത്തോ പൊരിച്ചോ ആണ് പ്രമേഹക്കാർ കഴിക്കേണ്ടത്.

മധുരക്കിഴങ്ങ് വെളള, മഞ്ഞ, പർപ്പിൾ തുടങ്ങി വിവിധ നിറങ്ങളിലും ലഭ്യമാണ്. ഉയർന്ന ഫൈബർ കൂടാതെ ഇവയിൽ ആന്റി ഓക്‌സിഡന്റ് നൂട്രിയന്റ്സായ വൈറ്റമിൻ എ, വൈറ്റമിൻ സി, സിങ്ക് എന്നിവയും മൈക്രോ നൂട്രിയന്റ്സ് ആയ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വൈറ്റമിൻ ബി എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രമേഹ നിയന്ത്രണം കൂടാതെ അതു മൂലമുണ്ടാകുന്ന ഹൃദയാഘാതവും സ്ട്രോക്കും തടയുവാനും മധുരക്കിഴങ്ങ് സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook