ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് വർധിച്ചുവരികയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നത് പരിശോധിക്കാൻ സഹായിക്കുന്ന വീഡിയോകൾ ട്വിറ്റർ പേജിൽ പങ്കുവയ്ക്കുന്നുണ്ട്.
“ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഉപഭോക്താവിനെ വഞ്ചിക്കുകയും അവരുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും. ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന രീതികൾ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം,” എഫ്എസ്എസ്എഐ അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.
ആർജിമോൺ വിത്തുകൾ ഉപയോഗിച്ച് കടുകിൽ മായം ചേർക്കുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെ കാണിച്ചിരിക്കുകയാണ് എഫ്എസ്എസ്എഐ. കടുകിനോട് വളരെ സാമ്യം തോന്നുന്നതാണ് ആർജിമോൺ വിത്തുകൾ. ഇവ ഭക്ഷ്യയോഗ്യമല്ല.
കടുകിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാനുള്ള വഴി
- ഒരു ഗ്ലാസ് പ്ലേറ്റിൽ കടുക് വിതറുക.
- ഒരു മാഗ്നിഫൈയിങ് ഗ്ലാസ് ഉപയോഗിച്ച്, കറുത്ത നിറമുള്ള, പരുപരുത്ത വിത്തുകൾ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുക.
- കടുക് വിത്തുകൾക്ക് മിനുസമാർന്ന പ്രതലമുണ്ട്, വിരലുകൾ കൊണ്ട് അമർത്തുമ്പോൾ, ഉള്ളിൽ മഞ്ഞ നിറമായിരിക്കും.
- ആർജിമോൺ വിത്തുകൾക്ക് പരുക്കൻ പ്രതലമുണ്ട്, അവ ഉള്ളിൽ വെളുത്തതാണ്.
Read More: പഞ്ചസാരയിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ കണ്ടുപിടിക്കാം