ബാംഗ്ളൂർ ഡേയ്സിൽ ദുൽക്കറിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഓർമ്മയില്ലേ?                         ” ബംഗളൂരൂ വാട്ട് എ റോക്കിംങ്ങ് സിറ്റി”. രാത്രി പോലും ഉറങ്ങാത്ത നഗരമാണ് ബംഗളൂരൂ. ആഘോഷങ്ങളുടെ നാട്. ഒരിക്കലെങ്കിലും ബംഗളൂരു പോണമെന്നാഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. ആഘോഷത്തിന് മാത്രമല്ല, നല്ല ഭക്ഷണത്തിനും പേര് കേട്ട നാടാണ് ബംഗളൂരൂ.

ഭക്ഷണത്തിൽ ഏറ്റവും പ്രധാനം ബംഗളൂരൂവിൽ കിട്ടുന്ന നല്ല ചൂടൻ ബജ്ജിയാണ്. ബംഗളൂരു നഗരത്തിലൂടെ ചുമ്മാ ഇറങ്ങി നടക്കുമ്പോൾ മൂക്കിൽ വന്നടിക്കുക നല്ല ചൂടൻ ബജ്ജിയുടെ മണമാണ്. ബംഗളൂരുവിൽ ഏറ്റവും പ്രശസ്തം രംഗനാഥിന്റെ ബജ്ജിക്കടയാണ്. വ്യത്യസ്‌തമാർന്ന നിരവധി തരം ബജ്ജിയാണ് രംഗനാഥന്റെ കടയിലുളളത്. ചിലതെല്ലാം ഇവരുടെ മാത്രം സ്‌പെഷ്യൽ ഐറ്റം കൂടിയാണ്.

പണ്ട് രണ്ട് രൂപയ്‌ക്ക് രംഗനാഥന്റെ കടയിൽ നിന്ന് മൂന്ന് ബജ്ജി കിട്ടിയിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. എന്നാൽ സാധനത്തിന് വില കൂടിയപ്പോൾ ബജ്ജിയുടെ വിലയിലും അത് പ്രതിഫലിച്ചു. എന്നാലും കഴുത്തറപ്പൻ വിലയൊന്നുമില്ല കേട്ടോ? പ്രധാനമായും ആറ് തരം ബജ്ജിയാണ് ബംഗളൂരുവിൽ പേര് കേട്ടത്.

മസാല വട: ബംഗളൂരുവിലെ ഏറ്റവും പ്രശസ്‌തമായ ബജ്ജികളിലൊന്നാണ് മസാല വട. ഏറ്റവും കൂടുതൽ വിറ്റു പോകുന്ന വിഭവങ്ങളിലൊന്നും ഇതാണ്. ചൗവ്വരിയും കടലമാവും പൊതീന ഇല, മല്ലിയില, കറി വേപ്പില, ഉളളി, പച്ചമുളക് പിന്നെ മസാലക്കൂട്ടുകളും ചേർത്ത് പൊരിച്ചെടുക്കുന്നതാണ് മസാല വട. മസാലയുടെ രുചിയും എരുവും മസാല വടയെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ടതാക്കുന്നു.

bajji

മാഡൂർ വട: ബംഗളൂരുവിനും മൈസൂരിനും മധ്യേയുളള മാഡൂർ എന്ന നഗരത്തിന്റെ പേരിൽ ഈ വടയ്‌ക്ക് ഈ പേര് ലഭിക്കുന്നത്. റവ, മൈദ, അരിപ്പൊടിയോ ഉപയോഗിച്ചാണ് ഈ വട ഉണ്ടാക്കുന്നത്. കൂടെ കറി വേപ്പില, മല്ലിയില, പച്ച മുളക്, ഉളളി, ഉപ്പും ചേർത്ത് എണ്ണയിൽ വറുത്തെടുത്താൽ നല്ല കിടിലൻ വട തയ്യാർ.

മുളക് ബജ്ജി: മുളക് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക എരുവുണ്ടാവോ എന്ന ചോദ്യമാണ്.  മുളക് ഉപ്പിലും നാരങ്ങയിലും ഇട്ടു വെച്ച ശേഷമാണ് ഉപയോഗിക്കുക. ഈ മുളകിനെ കടലമാവിന്റെ ലായനിയിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് ഈ ബജ്ജി. രുചി കൂട്ടാനായി മഞ്ഞൾപ്പൊടി, ഉപ്പ്,മുളക് പൊടിയും ചേർക്കും. പല തരത്തിലുളള മുളക് ഉപയോഗിച്ചാണ് പലരും ബജ്ജിയുണ്ടാക്കുന്നത്.

എഗ് ബോണ്ട: നല്ല ഒന്നാന്തരം മുട്ട ബജ്ജിയാണിത്. നല്ല മസാലക്കൂട്ട് ചേർത്ത് കടലമാവിൽ പൊരിച്ചെടുക്കുന്നതാണ് ഈ വിഭവം.

egg bajji

ക്യാപ്‌സിക്കം ബജ്ജി: മറ്റൊരു സ്‌പെഷ്യൽ ഐറ്റമാണ് ക്യാപ്‌സിക്കം ബജ്ജി. ചിലയിടങ്ങളിൽ ക്യാപ്‌സിക്കം വലിയ കഷ്ണങ്ങളാക്കിയും ചിലയിടങ്ങളിൽ ഒന്നാകെയും കടലമാവിൽ പൊരിച്ചെടുക്കുന്നതാണ് ഈ ബജ്ജി. ചില കടകളിൽ ക്യാപ്‌സിക്കം നാല് കഷ്‌ണങ്ങളാക്കിയും പൊരിച്ചെടുക്കും. കണ്ണിന് ഇഷ്‌ടമാവുന്ന രീതിയിൽ കാരറ്റും ഉളളിയുമെല്ലാം വെച്ച് അലങ്കരിച്ചായിരിക്കും ഈ വിഭവങ്ങൾ മിക്ക കടകളിലും ഒരുക്കി വെച്ചിട്ടുണ്ടാവുക.

bajji

ബലേക്കയ് ബജ്ജി: ഇത് ഇത്തിരി വ്യത്യസ്‌തമായ ഐറ്റമാണ്. പഴം ഉപയോഗിച്ചാണ് ഈ ബജ്ജി ഉണ്ടാക്കുന്നത്. പഴം കഷ്‌ണങ്ങളാക്കി കടലമാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് ഈ വിഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ