പ്രാദേശികമായി ലഭ്യമായ അല്ലെങ്കിൽ അടുക്കളത്തോട്ടത്തിൽ നിന്നോ പറമ്പിൽ നിന്നോ ഒക്കെ ലഭിക്കുന്ന ഇലവർഗ്ഗങ്ങളും പച്ചക്കറികളുമൊക്കെ ഉപയോഗിച്ച് രസികൻ കറികൾ ഉണ്ടാക്കാൻ നമ്മുടെ മുത്തശ്ശിമാരും അമ്മമാരുമൊക്കെ മിടുക്കരായിരുന്നു. മുരിങ്ങയിലയും ചേമ്പിൻ താളും മത്തൻ ഇലയുമൊക്കെ ഈ തരത്തിൽ നമ്മുടെ ഭക്ഷണത്തിൽ ഇടം നേടിയവയാണ്. വെറും തട്ടിക്കൂട്ട് കറികളല്ല, പോഷകസമൃദ്ധം കൂടിയാണ് ഇത്തരം തനിനാടൻ ഇലക്കറികൾ.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മത്തൻ ഇല- പരിപ്പ് കറി റെസിപ്പി പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ലോഗറായ സിതാര കാസിം.
ചേരുവകൾ
- മത്തൻ ഇല- 7 എണ്ണം
- വേവിച്ച പരിപ്പ്- അര കപ്പ്
- വെളിച്ചെണഅണ- 2 ടീസ്പൂൺ
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 2 എണ്ണം
- പച്ചമുളക്- 1
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- മുളക് പൊടി- അര ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- അര കപ്പ്
- ചെറിയ ഉള്ളി- 1
- ജീരകം- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- മത്തൻ ഇല ചെറുതായി അരിയുക
- ഒരു മൺചട്ടി ചൂടാക്കി എണ്ണയൊഴിച്ച് അതിലേക്ക് പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മത്തൻ ഇലയും ചേർത്ത് വഴറ്റുക.
- മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കുക
- വേവിച്ച പരിപ്പ്, വെള്ളം, ഉപ്പ് എന്നിവ കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കുക
- തേങ്ങ, സവാള, ജീരകം എന്നിവ മിക്സിയിൽ അടിച്ച് കറിയിലേക്ക് ചേർക്കുക.
- നന്നായി തിള വരുമ്പോൾ കടുക്, ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാം.
മത്തൻ ഇലയുടെ പോഷകഗുണങ്ങൾ
മത്തൻ ഇലയിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മത്തൻ ഇലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 ആർത്രൈറ്റിസ് മൂലമുള്ള വേദനയെ കുറയ്ക്കും. ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിലുണ്ടാവുന്ന തലവേദന, വിഷാദം, മൂഡ് സ്വിംഗ്ങ്സ് എന്നിവ കുറയ്ക്കാൻ ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം സഹായിക്കും. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ മത്തൻ ഇലയ്ക്ക് സാധിക്കും.