Cut Onion without burning eyes: നമ്മുടെ പാചകത്തിൽ പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സവാള. എന്നാൽ കറികൾക്കായി സവാള അരിഞ്ഞെടുക്കുക എന്നത് പലരെ സംബന്ധിച്ചും ‘കണ്ണുനീർ വീഴുന്ന അനുഭവ’മാണ്. കണ്ണു നീറാതെയും നിറയാതെയും സവാള അരിഞ്ഞെടുക്കുക എന്നത് സാഹസം തന്നെയാണ്.
എന്തുകൊണ്ടാണ് ഉള്ളിയരിയുമ്പോൾ കണ്ണു നിറയുന്നത് എന്നറിയാമോ? “ധാരാളം സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് സവാള/ഉള്ളി. സവാള അരിയുമ്പോഴും ചതക്കുമ്പോഴുമൊക്കെ രാസപ്രവർത്തനം നടക്കുകയാണ്, സവാളയ്ക്ക് അകത്തെ കോശങ്ങളിലുള്ള അല്ലിനെസ് എന്ന എൻസൈം സ്വതന്ത്രമാക്കപ്പെടുകയും അത് അമിനോ ആസിഡ് സൾഫോക്സൈഡ് എന്ന വലിയ തന്മാത്രകളെ വിഘടിപ്പിച്ചു ചെറിയ സൾഫർ- കാർബൺ സംയുക്തങ്ങളും syn – propanethial-s-oxide എന്ന തന്മാത്രകളുമായി മാറുന്നു. syn – propanethial-s-oxide തന്മാത്ര ഉണ്ടായ ഉടനെ വായുവിൽ കലർന്ന് നമ്മുടെ കണ്ണുകളിലേക്കും വ്യാപിച്ച് കണ്ണുകളിലെ sesory neuronsനെ ഉത്തേജിപ്പിക്കുമ്പോഴാണ് കണ്ണുനീർ വരുന്നത്. സൾഫർ സംയുക്തങ്ങൾ കണ്ണിലെത്തി കണ്ണീരുമായി ചേർന്ന് നേരിയ തോതിൽ സൾഫ്യൂരിക് ആസിഡും ഉണ്ടാക്കുന്നുണ്ട്, അതിനാലാണ് സവാളയരിയുമ്പോൾ കണ്ണെരിയുന്നത്,” സവാളയരിയുമ്പോൾ നടക്കുന്ന രാസപ്രവർത്തനത്തെ കുറിച്ച് ഡോ ശ്രീരാജ് പറയുന്നു.
എങ്ങനെ അധികം കണ്ണെരിയാതെ ഉള്ളി അരിയാം?
ന്യൂട്രീഷനിസ്റ്റും പാചകവിദഗ്ധയുമായ മെലാനി ലെയണല്ലോ പങ്കുവച്ച ഒരു വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. കണ്ണെരിയാതെ സവാള അരിഞ്ഞെടുക്കാനുള്ള ഒരു സൂത്രവിദ്യയാണ് ഈ വീഡിയോ പരിചയപ്പെടുത്തുന്നത്.
വേരു കളയാതെ സവാളയുടെ തൊലി നീക്കം ചെയ്യുക. ശേഷം വേരു മുകളിലേക്ക് വരും രീതിയിൽ സവാള ഒരു കട്ടിംഗ് ബോർഡിൽ വച്ച് കുത്തനെയും ചുറ്റിലും കത്തികൊണ്ട് വരയുക. പിന്നെ കട്ടിംഗ് ബോർഡിലേക്ക് നേരെ എടുത്തുവച്ച് അരിയുക. (കട്ടിംഗ് രീതി കൂടുതൽ മനസ്സിലാക്കാൻ താഴെ കൊടുത്ത വീഡിയോ കാണുക)
ലക്ഷകണക്കിന് ആളുകളാണ് രസകരവും ഉപകാരപ്രദവുമായ ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.
ഉള്ളിയും സവോളയും നന്നായി തണുപ്പിച്ചതിനു ശേഷം അരിയുന്നതും കണ്ണെരിച്ചിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ ശ്രീരാജ് പറയുന്നു. സവാള 10-15 മിനിറ്റ് ഫ്രീസറിൽ വച്ചെടുത്തതിനു ശേഷം അരിയാം. കുറഞ്ഞ താപ നിലയിൽ സവാളയിൽ നടക്കുന്ന പ്രക്രിയങ്ങളുടെ വേഗത കുറയുന്നതാണ് ഇതിനു കാരണം.
സവാള രണ്ടു വശവും മുറിച്ചു തോല്‍ കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയതിനു ശേഷം അരിയുന്ന രീതിയും പലരും അവലംബിക്കാറുണ്ട്. ഇത് അധികം കണ്ണു നീറാതെ ഉള്ളിയരിയാൻ സഹായിക്കുന്ന ഒരു രീതിയാണ്.