Kitchen Hacks, Best way to preserve Lemon: കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഏറെ ഔഷധഗുണമുള്ള ഒന്നാണ് ചെറുനാരങ്ങ. രുചിയിലും കേമനാണ് ഈ ഇത്തിരികുഞ്ഞൻ. നല്ല വേനൽകാലത്ത് ഉപ്പിട്ട ഒരു ഗ്ലാസ് നാരങ്ങാവെള്ളം, അല്ലെങ്കിൽ നാരങ്ങാജ്യൂസ് കുടിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്? ശരീരത്തിൽ ഈർപ്പം നിലനിർത്താൻ ചെറുനാരങ്ങ നൽകുന്ന സഹായം ചെറുതല്ല.
നമ്മുടെ അടുക്കളകളിലും സർവസാധാരണമായി കാണുന്ന ഒന്നാണ് ചെറുനാരങ്ങ. എന്നാൽ നന്നായി സൂക്ഷിച്ചു വച്ചില്ലെങ്കിൽ പെട്ടെന്ന് കേടായി പോവുമെന്നതാണ് ഇവയുടെ പ്രശ്നം. ദിവസങ്ങൾ കഴിയുന്തോറും ചെറുനാരങ്ങയുടെ പുറംന്തോടിലെ ഈർപ്പം നഷ്ടപ്പെടുകയും കറുത്ത പാടുകൾ പടർന്ന് എളുപ്പത്തിൽ അഴുകുകയും ചെയ്യും. ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ടിപ്സ് ഇതാ.
നാരങ്ങ കേടുകൂടാതെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്താണെന്ന് നോക്കാം. ഒരു കപ്പ് വെള്ളത്തിലേക്ക് 2 ടേബിൾ സ്പൂൺ വൈറ്റ് വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിച്ച് അതിൽ നാരങ്ങ 10 മിനിറ്റ് ഇട്ടുവയ്ക്കുക. ശേഷം നാരങ്ങ പുറത്തെടുത്ത് ഒരു ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം പൂർണമായും ഒപ്പികളയുക. ഒട്ടും ജലാംശമില്ലാത്ത നാരങ്ങയ്ക്കു മുകളിൽ അൽപ്പം എണ്ണ പുരട്ടി കൊടുക്കുകയാണ് അടുത്ത പടി. ഇങ്ങനെ ചെയ്ത ചെറുനാരങ്ങ ഒരു ജാറിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ 6 മാസം വരെ കേടുകൂടാതെയിരിക്കും.

മറ്റൊരുവഴി, ചെറുനാരങ്ങ സിപ് ലോക് ബാഗുകളിലാക്കി ഒട്ടും വായു കടക്കാത്ത രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നതാണ്. ചെറുനാരങ്ങയുടെ രുചിയും ജലാംശവും നാലാഴ്ചവരെ നിലനിർത്താൻ ഇതുസഹായിക്കും. കുറഞ്ഞ സമയത്തേക്ക് സൂക്ഷിച്ചാൽ മതിയെങ്കിൽ ഈ മാർഗം സ്വീകരിക്കാം.
കൂടുതൽ അളവിൽ ചെറുനാരങ്ങ ഒന്നിച്ചു വാങ്ങുന്നുണ്ടെങ്കിൽ, പർച്ചെയ്സ് വേളയിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നന്നായി വിളഞ്ഞ ചെറുനാരങ്ങയും അധികം മൂത്തിട്ടില്ലാത്ത പച്ചനിറത്തിലുള്ള ചെറുനാരങ്ങയും ഇടകലർത്തി വാങ്ങാം. നന്നായി വിളഞ്ഞവ ആദ്യമാദ്യം ഉപയോഗിച്ചു തീർക്കുക.