വൈകുന്നേരങ്ങളിൽ സ്വാദിഷ്ടമായ സ്നാക്സ് കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കി ആവിയിൽ വേവിച്ചെടുത്ത ഒരു കിടിലൻ കൊഴുക്കട്ട പരീക്ഷിച്ചാലോ. ചിക്കൻ കറിയ്ക്ക് ഒപ്പമോ ഇനി കറിയില്ലാതെയോ ഒക്കെ കഴിക്കാവുന്ന സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ അമ്മിണി കൊഴുക്കട്ടയുടെ റെസിപ്പി പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ലോഗറായ ഡോക്ടർ സ്വാതി റിജിൽ.
ചേരുവകൾ
- വെള്ളം- ഒന്നേ മുക്കാൽ കപ്പ്
- അരിപ്പൊടി- ഒരു കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- വെളിച്ചെണ്ണ- 1 ടീസ്പൂൺ
- തേങ്ങ- കാൽ തേങ്ങ ചിരകിയത്
- ചെറിയ ഉള്ളി- 3 എണ്ണം
- പെരുംജീരകം- 1 നുള്ള്
- മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
- കടുക്- 1 ടീസ്പൂൺ
- ഉണക്കമുളക്- 3 എണ്ണം
- കറിവേപ്പില- രണ്ട് തണ്ട്
- ഒരു പാനിൽ വെള്ളം എടുത്ത് സ്റ്റൗവിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഉപ്പും വെളിച്ചെണ്ണയും ചേർക്കുക. നന്നായി ചൂടാകുമ്പോൾ അരിപ്പൊടി ചേർത്ത് ഇളക്കുക. വെള്ളം വറ്റി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക.
- ഒന്നു തണുക്കുമ്പോൾ പാത്രം തുറന്ന് അരിപ്പൊടി നന്നായി ഉടച്ച് മാവ് നന്നായി കുഴച്ചെടുക്കുക.
- ശേഷം അതിൽ നിന്നും അൽപ്പാൽപ്പം നുള്ളിയെടുത്ത് ചെറിയ ചെറിയ ഉരുളകളായി മാറ്റുക.
- ഈ അരിയുണ്ടകൾ ഇഡ്ഡലി തട്ടിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കാം.
- ചിരകി വച്ച തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, മഞ്ഞൾപൊടി എന്നിവ ഒരു മിക്സിയിലിട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
- മറ്റൊരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉണക്കമുളകുമിട്ട് വഴറ്റുക.ഇതിലേക്ക് അരപ്പ് കൂടി ചേർത്തിളക്കുക. ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് വേവിച്ചുവച്ച കൊഴുക്കട്ട ചേർത്ത് ഇളക്കി യോജിപ്പിക്കാം.
.Read more: അരിയും ഉഴുന്നും അരക്കാതെ 10 മിനിറ്റിൽ നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാം