/indian-express-malayalam/media/media_files/2026/01/24/soha-ali-khan-healthy-drink-fi-2026-01-24-17-48-20.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതുവർഷത്തിൽ ഒരു മികച്ച വഴികാട്ടിയാവുകയാണ് ബോളിവുഡ് താരം സോഹ അലി ഖാൻ. ശാരീരികക്ഷമതയ്ക്കും ഭക്ഷണക്രമത്തിനും വലിയ പ്രാധാന്യം നൽകുന്ന താരം, തന്റെ പ്രഭാത ദിനചര്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹെൽത്തി ഡ്രിങ്ക് റെസിപ്പിയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വെറുമൊരു ഡിറ്റോക്സ് പാനീയം എന്നതിലുപരി, ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ സ്വാഭാവികമായ രീതിയിൽ പിന്തുണയ്ക്കുന്ന ഒരു പോഷകക്കൂട്ടാണിത്. ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഈ പാനീയം ഏറെ സഹായിക്കുമെന്ന് സോഹ വ്യക്തമാക്കുന്നു.
Also Read: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
"സാധാരണയായി പ്രഭാതഭക്ഷണത്തിന് ശേഷവും ഉച്ചഭക്ഷണത്തിന് മുമ്പുമാണ് ഞാൻ ഇത് കുടിക്കാറുള്ളത്. ഇത് ദഹനത്തിനും, ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും, ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കുന്നു, പ്രത്യേകിച്ച് മടുപ്പ് അനുഭവപ്പെടുന്ന പ്രഭാതങ്ങളിൽ," എന്ന് സോഹ പറയുന്നു.
ഫങ്ഷണൽ ന്യൂട്രീഷ്യനിസ്റ്റ് നിധി ബെൽ തയ്യാറാക്കിയ ജ്യൂസിന്റെ റെസിപ്പിയാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
“നിങ്ങൾക്കുള്ള എന്റെ പുതുവർഷ സമ്മാനം, ഞാൻ മിക്കവാറും പ്രഭാതങ്ങളിൽ കുടിക്കാറുള്ള ഗ്രീൻ ജ്യൂസ് ഇതാ, ഇതൊരു ഡിറ്റോക്സ് ജ്യൂസ് അല്ല, അത് ചെയ്യാൻ നിങ്ങളുടെ കരൾ പ്രാപ്തമാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ജലാംശം, നാരുകൾ, മിനറലുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ നൽകാൻ ഒരു പിന്തുണയായി ഇതിനെ കാണാം." എന്നാണ് സോഹ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
Also Read: രുചികരം പോഷകസമൃദ്ധം, ദോശയ്ക്കും ഇഡ്ഡലിക്കും ഇനി ഈ ചമ്മന്തി മതി
ചേരുവകൾ
- കാരറ്റ്- ½
- വെള്ളരിക്ക- ½
- സെലറി തണ്ടുകൾ- 2
- തേങ്ങാവെള്ളം- 1/4 കപ്പ്
- ചിയ സീഡ്‌സ്- 1½ ടീസ്പൂൺ
- ഡ്രാഗൺ ഫ്രൂട്ട്- 1 ചെറിയ കഷ്ണം
- ഇഞ്ചി- ⅛ ടീസ്പൂൺ
- മല്ലിയില- ആവശ്യത്തിന്
- ചെറുപയർ മുളപ്പിച്ചത്- ഒരു പിടി
- ഹെമ്പ് സീഡ്‌സ്- 1½ ടീസ്പൂൺ
- ഒരുപിടി ഇലക്കറികൾ (ലെറ്റൂസ് അല്ലെങ്കിൽ മൈക്രോ ഗ്രീൻസ് - ഇവ മാറി മാറി ഉപയോഗിക്കാം)
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കാം. പാനീയം കട്ടികുറഞ്ഞതാക്കാൻ കൂടുതൽ തേങ്ങാവെള്ളം ചേർക്കാവുന്നതാണ്.
“തുടങ്ങുമ്പോൾ കുറഞ്ഞ അളവിൽ തുടങ്ങുക, ചേരുവകൾ മാറി മാറി ഉപയോഗിക്കുക, എപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക,” എന്ന് സോഹ പറയുന്നു.
Also Read: ഊർജ്ജവും ഉന്മേഷവും നേടാൻ മധുരക്കിഴങ്ങ്, ഇവയിൽ ഒരു റെസിപ്പി ട്രൈ ചെയ്യൂ
ഗുണങ്ങൾ
ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കൽ കോളേജിലെ ഡയറ്റീഷ്യൻ ദീപലക്ഷ്മി ഈ പാനീയത്തിന്റെ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്
ഉദരരോഗ്യം മെച്ചപ്പെടുത്തുന്നു
വെള്ളരിക്ക, സെലറി, തേങ്ങാവെള്ളം എന്നിവ ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റ് ബാലൻസും നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും പ്രധാനമാണ്. ചിയ സീഡ്‌സ്, ഹെമ്പ് സീഡ്‌സ്, പച്ചക്കറികൾ എന്നിവയിലെ നാരുകൾ ദഹനനാളത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും വയർ വീർക്കുന്ന അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ഇഞ്ചി ദഹനനാളത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഹോർമോൺ സന്തുലിതാവസ്ഥ
ഈ പാനീയം ഹോർമോണുകളെ നേരിട്ട് നിയന്ത്രിക്കുന്നതിനേക്കാൾ, അതിന് അനുയോജ്യമായ ഒരു സാഹചര്യം ശരീരത്തിൽ ഒരുക്കുകയാണ് ചെയ്യുന്നത്. നാരുകളും ഹെൽത്തി ഫാറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. ഇത് ഇൻസുലിൻ നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ എന്നത് നമ്മുടെ ഊർജ്ജത്തെയും വിശപ്പിനെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്ന ഹോർമോണാണ്.
മൊത്തത്തിലുള്ള ഗുണങ്ങൾ
ഇതൊരു അത്ഭുത മരുന്നല്ല, മറിച്ച് ദിനംപ്രതിയുള്ള ഒരു പോഷകാഹാരമാണ്. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവ ഇത് നൽകുന്നു. എന്നിരുന്നാലും, ഇത് ഭക്ഷണത്തിന് പകരമാകരുത്. ഐ.ബി.എസ്, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർ ഒരു ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രതിരോധശേഷി കൂട്ടാം; വീട്ടിൽ തയ്യാറാക്കാം ഈ പോഷകസമൃദ്ധമായ സൂപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us