/indian-express-malayalam/media/media_files/2026/02/05/natural-sweeteners-fi-2026-02-05-16-58-41.jpg)
പഞ്ചസാരയ്ക്കു പകരമായി ഇവ ഉപയോഗിക്കൂ | ചിത്രം: ഫ്രീപിക്
ഭക്ഷണക്രമത്തിൽ നിന്ന് വൈറ്റ് ഷുഗർ അഥവാ ശുദ്ധീകരിച്ച പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പ്രകൃതിദത്തമായ ഒട്ടേറെ വഴികളുണ്ട്. ഭാരതീയ അടുക്കളകളുടെ ചരിത്രം പരിശോധിച്ചാൽ, റിഫൈൻഡ് പഞ്ചസാര പ്രചാരത്തിൽ വരുന്നതിന് എത്രയോ മുൻപ് തന്നെ വൈവിധ്യമാർന്ന മധുരങ്ങൾ ഉപയോഗിച്ചിരുന്നതായി കാണാം. ഇവ വെറും രുചിക്കൂട്ടുകൾ മാത്രമല്ല, മറിച്ച് ഔഷധഗുണമുള്ളവയും ധാതുക്കളാൽ സമ്പന്നവുമാണ്. ശർക്കര, തേൻ, കരിപ്പട്ടി തുടങ്ങി ഓരോ പ്രദേശത്തിനും തനതായ മധുര പാരമ്പര്യമുണ്ട്.
ആധുനിക കാലത്ത് ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, നമ്മുടെ പൂർവ്വികർ പിന്തുടർന്നിരുന്ന ഈ പ്രകൃതിദത്ത മധുരങ്ങളിലേക്ക് തിരിച്ചുപോകുന്നത് ആരോഗ്യകരമായ ഒരു മാറ്റമാണ്. വെളുത്ത പഞ്ചസാരയിലെ വെറും കലോറികൾക്ക് പകരം, ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ അടങ്ങിയ ഈ പരമ്പരാഗത ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഊർജ്ജസ്വലത നിലനിർത്താൻ സഹായിക്കും.
Also Read: പഞ്ചസാരയും പ്രിസർവേറ്റീവുകളും വേണ്ട, ഇനി ഗ്രാനോള ബാറുകൾ വീട്ടിൽ തയ്യാറാക്കാം
ഈന്തപ്പഴ സിറപ്പ്/ഈന്തപ്പഴ പഞ്ചസാര
ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ പാചകരീതികളിൽ കാലങ്ങളായി ഈന്തപ്പഴം സ്വാഭാവിക മധുരമായി ഉപയോഗിക്കുന്നു. ഈന്തപ്പഴം സിറപ്പ് രൂപത്തിലോ പൊടിച്ച പഞ്ചസാര രൂപത്തിലോ ഉപയോഗിക്കാം. ഇത് പായസങ്ങൾക്കും മറ്റ് മധുരപലഹാരങ്ങൾക്കും മികച്ച രുചി നൽകുന്നു.
തേൻ
നൂറ്റാണ്ടുകളായി ഇന്ത്യൻ ഭക്ഷണക്രമത്തിലും ആയുർവേദത്തിലും തേൻ ഒരു പ്രധാന ഭാഗമാണ്. ചായകളിലും കഷായങ്ങളിലും മധുരപലഹാരങ്ങളിലും ഇത് ചേർക്കുന്നു. പല നാട്ടുവൈദ്യങ്ങളിലും പ്രകൃതിദത്തമായ മധുരമായി തേൻ തിരഞ്ഞെടുക്കപ്പെടുന്നു.
Also Read: ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം ഈ വിഭവം
ശർക്കര
കരിമ്പിൻ നീരോ പനഞ്ചാറോ തിളപ്പിച്ച് ഖരരൂപത്തിലാക്കിയതാണ് ശർക്കര. വെളുത്ത പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ പ്രകൃതിദത്ത ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ചായയിലും മധുരപലഹാരങ്ങളിലും കൂടാതെ ചില കറികളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
കോക്കനട്ട് ഷുഗർ
തെങ്ങിൻ പൂങ്കുലയിലെ നീരിൽ (നീര) നിന്നാണ് ഇത് നിർമ്മിക്കുന്നത്. ഇതിന് കാരമലിന്റെ നേരിയ രുചിയുണ്ട്. ഇന്ന് നഗരങ്ങളിലെ അടുക്കളകളിൽ പഞ്ചസാരയ്ക്ക് പകരമായി കോഫിയിലും മറ്റ് മധുരപലഹാരങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നു.
Also Read: നാവിൽ അലിഞ്ഞുപോകും കൊഴുക്കട്ട, രുചിക്കൊപ്പം ഗുണവും ഉറപ്പ്
ഖണ്ഡ്‌സാരി പഞ്ചസാര
പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന കരിമ്പ് പഞ്ചസാരയുടെ കുറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച രൂപമാണിത്. കാഴ്ചയിൽ പഞ്ചസാരയെപ്പോലെ തരികളായി ഇരിക്കുമെങ്കിലും, ഇതിൽ ശർക്കരയുടെ അംശം നിലനിൽക്കുന്നു. ഇത് ബേക്കിംഗിനും പാനീയങ്ങൾക്കും നല്ലതാണ്.
കരിപ്പട്ടി / പനഞ്ചക്കര
പനയുടെ നീരിൽ നിന്ന് നിർമ്മിക്കുന്ന കരിപ്പട്ടിക്ക് സാധാരണ ശർക്കരയേക്കാൾ കടും നിറവും മികച്ച രുചിയുമുണ്ട്. ദക്ഷിണേന്ത്യയിലും തീരദേശ മേഖലകളിലും ഇത് വളരെ ജനപ്രിയമാണ്. പരമ്പരാഗത മധുരപലഹാരങ്ങളിലും പാനീയങ്ങളിലും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.
Read More: ബാക്കി വന്ന പാൽ മതി, നാവിൽ വെള്ളമൂറുന്ന കുൽഫി തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us