മോസ്കോ: ആദ്യ മൽസരത്തിൽ കോസ്റ്ററിക്കയെ തോൽപ്പിച്ച സെർബിയയും ബ്രസീലിനെ സമനിലയിൽ കുരുക്കിയ സ്വിറ്റ്സർലൻഡും മുഖാമുഖം വന്നപ്പോൾ വിജയം സ്വിറ്റ്സർലൻഡിനൊപ്പമായിരുന്നു ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വിസ് പട സെർബിയയെ തുരത്തിയത്. ആദ്യ പകുതിയില്‍ സെര്‍ബിയ മുന്നിട്ട് നിന്നെങ്കിലും തിരിച്ചുവരവില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആളിക്കത്തി. ഗ്രാനറ്റ് ഷാക്കയും ഷെര്‍ദാന്‍ ഷാക്കിരിയും ആയിരുന്നു സ്വിസ് പടയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

എന്നാല്‍ ഗോളടിച്ചതിന് പിന്നാലെ ഇരുവരും നടത്തിയ ആഹ്ലാദപ്രകടനമാണ് ബല്‍ക്കാന്‍സ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇരു സ്വിസ് താരങ്ങളും അല്‍ബേനിയന്‍ ദേശീയ ചിഹ്നം ആഹ്ലാദിക്കാനായി ഉപയോഗിച്ചതാണ് വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. അല്‍ബേനിയന്‍ വേരുകളുളള ഇരു താരങ്ങളും പക്ഷെ വളര്‍ന്നത് സ്വിറ്റ്സര്‍ലാന്റിലാണ്. ഗോളടിച്ചതിന് ശേഷം തങ്ങളുടെ ഇരുകൈകളും ചേര്‍ത്ത് ഇരുതലയുളള പരുന്തിന്റെ രൂപമാക്കിയാണ് ഇരുവരും ആഘോഷിച്ചത്. അല്‍ബേനിയയുടെ ദേശീയപതാകയിലെ ചിഹ്നമാണിത്.

മുമ്പ് സെര്‍ബിയയുടെ അധീനതയിലായിരുന്ന കൊസോവയിലാണ് ഷാക്കിരി ജനിച്ചത്. 2008ല്‍ കൊസോവ സ്വതന്ത്ര പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെര്‍ബിയ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കി. അല്‍ബേനിയന്‍ പാരമ്പര്യമുളള ഷാക്കയുടെ മാതാപിതാക്കള്‍ കൊസോവയിലാണ് ജനിച്ചത്. കൊസോവയുടെ സ്വാതന്ത്രത്തിനായി ശബ്ദം ഉയര്‍ത്തിയ ഇദ്ദേഹത്തിന്റെ പിതാവിനെ അന്നത്തെ യൂഗോസ്ലാവിയയില്‍ ജയിലില്‍ അടച്ചിരുന്നു. സെര്‍ബിയന്‍ ആരാധകരെ സാക്ഷിയാക്കിയുളള ഈ ആഹ്ലാദപ്രകടനമാണ് ചര്‍ച്ചയായി മാറിയത്.

എന്നാല്‍ തന്റെ ആഹ്ലാദപ്രകടന രീതിയെ ‘അത് വെറും വൈകാരികം മാത്രമാണ്’ എന്നാണ് മത്സരശേഷം ഷാക്കിരി പ്രതികരിച്ചത്. ‘ഫുട്ബോള്‍ എന്നും വൈകാരികമാണ്. ഞാന്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടതാണ്. അത് വെറും വൈകാരികമാണ്. ഗോളടിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കണമെന്ന് തോന്നുന്നില്ല’. ഷാക്കിരി പറഞ്ഞു.

ഫുട്ബോളിനേയും രാഷ്ട്രീയത്തേയും ഒരിക്കലും കൂട്ടിക്കലര്‍ത്തരുതെന്ന് സ്വിസ് കോച്ച് വ്ലാഡിമര്‍ പെട്‍കോവിക് പറഞ്ഞു. വൈകാരികമായ നിമിഷത്തിലാണ് അങ്ങനെ ചെയ്തതെന്ന് വ്യക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സെര്‍ബിയക്ക് എതിരായ വിജയത്തോടെ സ്വിറ്റ്സർലൻഡിന്‍റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി.

മൽസരത്തിൽ പന്തുരുണ്ട് നിമിഷങ്ങൾ‌ക്കകം തന്നെ സെർബിയ സ്വിസ് ടീമിനെ ഞെട്ടിച്ചു. അഞ്ചാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ചാണ് സെർബിയയ്ക്ക് ലീ‍ഡ് സമ്മാനിച്ചത്. ദുസാൻ ടാഡിച്ചിന്‍റെ ക്രോസിന് തലവച്ചാണ് മിട്രോവിച്ച് ലോകകപ്പിലെ തന്‍റെ ഗോൾനേട്ടം ആരംഭിച്ചത്. ആദ്യപകുതിയിൽ ഈ ഗോളിന് മുന്നിട്ടു നിന്നെങ്കിലും തിരിച്ചെത്തിയ സ്വിറ്റ്സ്സർലൻ‌ഡ് ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി ഫലമോ52ാം മിനിറ്റിൽ ഗ്രാനറ്റ് ഷാക്കയുടെ വക ഒരു മുന്നും ഗോൾ. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഷാക്ക തൊടുത്ത മനോഹരമായ ലോംഗ് റേഞ്ചർ സെർബിയൻ വലതുളച്ചപ്പോൾ ഗോൾ നില 1-1.

90ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് ആരാധകർക്ക് വിരുന്നൊരുക്കി അടുത്ത ഗോളെത്തി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ സെർ‌ദാൻ ഷാക്കീരിയാണ് സ്വിസ്പടയുടെ വിജയഗോൾ നേടിയത്. ഈ വിജയത്തോടെ നാലു പോയിന്‍റുമായി ഇ ഗ്രൂപ്പിൽ ബ്രസീലിനൊപ്പമെത്തി സ്വിറ്റ്സർലൻഡ്. ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ സെർബിയയ്ക്ക് മൂന്ന് പോയിന്‍റാണുള്ളത്. കളിച്ച രണ്ട് മത്സരവും തോറ്റ് കോസ്റ്ററിക്ക നേരത്തെ പുറത്തായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ