അട്ടിമറികളുടെയും അപ്രതീക്ഷിത കുതിപ്പുകളുടെയും കാഴ്‍ച്ചാപൂരമായിരുന്നു 2018 ഫിഫ പുട്ബോള്‍ ലോകകപ്പ്. ഇന്ന് രാത്രി മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ കലാശപ്പോരിലേക്കാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ് കലാശപ്പോര്.
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഫിഫ റാങ്കിംഗിലെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ആദ്യമായി ഫൈനലില്‍ എത്തിയത്. ആദ്യമായി ലോകകപ്പ് ഫൈനലിൽ കടന്ന ക്രൊയേഷ്യയുടേത്ലോകത്തെ അമ്പരപ്പിച്ച പ്രയാണമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കായികനേട്ടത്തിനു തൊട്ടരികിലാണ് ക്രോട്ടുകൾ. സെമിഫൈനലിനപ്പുറം ക്രൊയേഷ്യക്ക് ആരും സാധ്യത കൽപ്പിച്ചിരുന്നില്ല. എന്നാൽ, അർഹതയ്ക്കുള്ള അംഗീകാരമാണ് ഫൈനൽപ്രവേശം. അർജന്റീനയെ ഞെട്ടിച്ച് തുടങ്ങിയ ക്രൊയേഷ്യ പൊരുതിയാണ് മുന്നോട്ടുവന്നത്. നോക്കൗട്ടിലെ മൂന്നു മത്സരവും അധികസമയത്തേക്കു നീണ്ടത് കാര്യങ്ങൾ കഠിനമാക്കി. മൂന്ന് അധികസമയത്തിലൂടെ 90 മിനിറ്റ് അവർക്ക് അധികം കളിക്കേണ്ടി വന്നു. രണ്ടാം സെമി ഫൈനലിൽ കളിച്ച ടീമിന് ഫൈനലിനുമുമ്പ് ഫ്രാൻസിനെക്കാൾ ഒരുദിവസത്തെ വിശ്രമവും കുറഞ്ഞു.
കന്നിലോകകപ്പ് ഫൈനല്‍ പ്രതീക്ഷിച്ചെത്തിയ ബെല്‍ജിയത്തെ ഒരുഗോളിന് കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. ഫ്രാൻസ് ഇത്തവണ ഏറെ കരുതലോടെയാണ് വന്നത്. 20 വർഷമായി കൈവിട്ട കനകകിരീടം ഇത്തവണ കൈയിലേന്താൻ തന്ത്രങ്ങൾ മെനഞ്ഞുകഴിഞ്ഞു. ഇതുവരെ എല്ലാം തീരുമാനിച്ചതുപോലെ നടന്നു. നോക്കൗട്ടിലെ മൂന്നു കളിയും നിശ്ചിതസമയത്തിൽ സ്വന്തമാക്കി. എതിരാളിക്കുമേൽ വ്യക്തമായ ആധിപത്യം പുലർത്താൻ എല്ലായ്പ്പോഴും സാധിച്ചു. യുവത്വവും പരിചയസമ്പത്തും ഒരുപോലെ കൈമുതലാണ്.
എതിരാളിയെ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ച് കളിക്കാൻകഴിയുന്ന സംഘമാണ് ഫ്രാൻസ്. ആ പ്രാഗത്ഭ്യം ബൽജിയം നന്നായി അറിഞ്ഞു. യൂറോപ്പിന്റെ ക്ലാസിക് ഫുട്ബോൾ, പിഴവില്ലാതെ നടപ്പാക്കുന്ന ഫ്രാൻസിന് പ്രവചനക്കാരുടെ പട്ടികയിൽ മുൻതൂക്കമുണ്ട്.
വര്‍ണാഭമായ സമാപനചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ഫൈനല്‍ മത്സരം അരങ്ങേറുക. ഉദ്ഘാടനംപോലെ സമാപനചടങ്ങിലും സംഗീതത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ലോകകപ്പിന്റെ ഔദ്യോഗികഗാനത്തിന്റെ ശില്പികളായ നിക്കി ജാം, എറ ഇസ്‌ട്രെഫി, വില്‍സ്മിത്ത് എന്നിവര്‍ പങ്കെടുക്കും. കൊറിയന്‍ പോപ് ബാന്‍ഡായ ഇഎക്‌സ്ഒ സംഗീതപരിപാടിക്ക് നേതൃത്വം നല്‍കും.
ഫൈനല്‍ മത്സരത്തില്‍ ആര് ജയിച്ചാലും വമ്പന്‍ തുകയാണ് അവസാന രണ്ട് ടീമുകള്‍ക്ക് ലഭിക്കുക. 38 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 260 കോടി 28 ലക്ഷം രൂപ) ആണ് ലോകകപ്പില്‍ മുത്തമിടുന്ന ടീമിന് ലഭിക്കു. എന്നാല്‍ ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുന്ന ടീമിനും അത്ര കുറഞ്ഞ തുകയല്ല ലഭിക്കുന്നത്. 28 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 191 കോടി 80 ലക്ഷം രൂപ) രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ഫിഫയുടെ സമ്മാനത്തുക ഫണ്ടിലെ 400 മില്യണ്‍ ഡോളറില്‍ (2,740 കോടി രൂപ) നിന്നാണ് സമ്മാനത്തുക നല്‍കുന്നത്.
മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന് 164 കോടി 39 ലക്ഷം രൂപയാണ് ലഭിക്കുക. നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 150 കോടി 70 ലക്ഷം രൂപയും ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്ക് 110 കോടി രൂപ ലഭിക്കും. അതേസമയം ലോകകപ്പില്‍ പങ്കെടുത്ത 32 ടീമുകള്‍ക്കും 54 കോടി രൂപ രൂപ നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫിഫ പ്രഖ്യാപിച്ചിരുന്നു. 2014ലെ ലോകകപ്പിലും ഇത്രയും തുക തന്നെയാണ് നല്‍കിയിരുന്നത്.