FIFA World Cup 2018, England vs Belgium: ഇംഗ്ലണ്ടും ബെല്‍ജിയവും ഏറ്റുമുട്ടിയ ഒട്ടും സമ്മര്‍ദമില്ലാത്ത ഗ്രൂപ്പ് ജി മൽസരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തിന് വിജയം. യാനുസായിയുടെ ഒരേയൊരു ഗോളിന്റെ ബലത്തിലാണ് ബെല്‍ജിയം ജേതാക്കളായത്.
ഇതിനോടകം തന്നെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ച ടീമുകള്‍ ഇറങ്ങിയത് പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചുകൊണ്ടാണ്. 3-4-3 എന്ന ഫോര്‍മേഷനിലിറങ്ങിയ ബെല്‍ജിയത്തിന്റെ ആദ്യ പതിനൊന്നില്‍ ലുക്കാകു, ഹസാര്‍ഡ്, ഡി ബ്രൂയിന്‍, വിറ്റ്‌സല്‍ തുടങ്ങിയ താരങ്ങളെയൊന്നും പരിഗണിച്ചില്ല. കഴിഞ്ഞ മൽസരങ്ങളില്‍ കളിച്ച രണ്ടേ രണ്ട് താരങ്ങളാണ് ബെല്‍ജിയത്തിന് വേണ്ടി ആദ്യ ഇലവനില്‍ ഇറങ്ങിയത്. 3-5-2 ഫോര്‍മേഷനിലിറങ്ങിയ ഇംഗ്ലണ്ടും സമ്മര്‍ദങ്ങളില്ലാതെയാണ് ഇറങ്ങിയത്. നായകന്‍ ഹാരി കേന്‍, ലിങ്കാര്‍ഡ്, വാക്കര്‍, ട്രിപ്പിയര്‍ എന്നിവരെയെല്ലാം ഇംഗ്ലണ്ട് മാറ്റി നിര്‍ത്തി.
യുവനിരയെ ഇറക്കിയ മൽസരത്തില്‍ ആദ്യ പകുതി അലസമായിരുന്നു. ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങള്‍ ഇംഗ്ലീഷ് പോസ്റ്റ് വരെ മുന്നേറിയെങ്കിലും ഒരു മികച്ച ഫിനിഷിങ് പോലും കണ്ടെത്താന്‍ അവര്‍ക്ക് ആയില്ല. ആദ്യ പകുതിയില്‍ ഷോട്ടുകളുടെ കാര്യത്തില്‍ ബെല്‍ജിയം ആണ് മുന്നില്‍ എങ്കിലും ഏറെ സമയം പന്ത് കൈവശം വച്ചത് ഇംഗ്ലണ്ട് ആണ്.
രണ്ടാം പകുതി ആറാം മിനിറ്റില്‍ കടക്കുമ്പോള്‍ യാനുസായിയുടെ ഗോളില്‍ ബെല്‍ജിയം മുന്നില്‍. ഇംഗ്ലണ്ട് ബോക്‌സിന്റെ വലത് കോര്‍ണറില്‍ ഇടം കണ്ടെത്തിയ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിനെ മറികടന്ന് പന്ത് പോസ്റ്റിന്റെ ഇടത് കോര്‍ണറിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
മൽസരത്തിലുടനീളം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നും ഒരു ഗോള്‍ കണ്ടെത്താനുള്ള ശ്രമം ഉണ്ടായെങ്കിലും മികച്ചൊരു ഫിനിഷിങ് പോലും കണ്ടെത്തിയില്ല. അതിനിടയില്‍ പരുക്ക് ഭേദമായ വിന്‍സെന്‍റ് കൊമ്പനി രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിനുവേണ്ടി ഇറങ്ങി.